പാട്ടുവഴിയിലും ജീവിതവഴിയിലും ഇവരുണ്ടാകും

എണ്‍പതുകളുടെ മധ്യം. പാട്ടെഴുത്തുകാരില്‍ ഏറ്റവും ഇഷ്ടം പി.ടി. അബ്ദുറഹ്മാനോട് ആയിരുന്നു. അതിന് കാരണം ഉണ്ട്. പാട്ടെഴുത്തിനപ്പുറം നല്ളൊരു മനുഷ്യന്‍കൂടിയായിരുന്നു പി.ടി. പലതവണ ആ കൊച്ചുവീട്ടിലത്തെി പി.ടിക്കൊപ്പം ചെലവിട്ടു. ‘തനിമ’ക്കും ‘യുവസരണി’ക്കും വേണ്ടി എത്രയോ രചനകള്‍ സ്നേഹപൂര്‍വം പിടിച്ചുവാങ്ങി. എല്ലാംകൊണ്ടും പ്രതിഭാധനനായ എഴുത്തുകാരന്‍. സര്‍ഗാത്മകതയുടെ ശക്തിസൗന്ദര്യം ആവാഹിച്ചെടുത്ത പ്രതിഭ. മാപ്പിളപ്പാട്ടുകള്‍ മാത്രമല്ല, കവിതയുടെ സര്‍ഗസൗന്ദര്യം നിറഞ്ഞ എണ്ണമറ്റ രചനകള്‍.

എന്നിട്ടും സാമ്പത്തികമായി പി.ടിയുടെ ജീവിതം ഒട്ടും മെച്ചമായിരുന്നില്ല. അതേക്കുറിച്ചൊന്നും ഒരു പരാതിയും പി.ടി ഉന്നയിച്ചതുമില്ല. കവിതയെ, കാലത്തെ, നന്മയെ കുറിച്ചായിരുന്നു സംസാരിച്ചതൊക്കെയും. പി.ടിയുടെ രചനകളുടെ ബലത്തില്‍ ഏറെ മുന്നോട്ടു പോയ എത്രയോ പാട്ടുകാരുണ്ട്. ഗള്‍ഫ് വേദികളില്‍ നിറഞ്ഞുനിന്നവര്‍. അവരുടെ വളര്‍ച്ചയിലും പി.ടി അതിരറ്റു സന്തോഷിച്ചു. അവസാനകാലത്തെ അനാരോഗ്യ ദിനങ്ങള്‍. ആ സമയത്ത് പി.ടിക്ക് വേണ്ട പിന്‍ബലം നല്‍കാന്‍ നമുക്ക് കഴിഞ്ഞോ? മരണവേളയില്‍ ആശുപത്രി ബില്ലടക്കാനുള്ള നെട്ടോട്ടത്തിലായിരുന്നല്ളോ, അടുത്ത ചില സുഹൃത്തുക്കള്‍. അതിലും ആ പ്രതിഭക്ക് പരാതി ഉണ്ടായിരിക്കില്ല. അതായിരുന്നു പി.ടി. കുറെ ആസ്വാദകര്‍, നന്മകള്‍, ഒത്തിരി മികച്ച രചനകള്‍ അല്ലാതെ മറ്റൊന്നും പി.ടിയുടെ ബാലന്‍സ് ബുക്കില്‍ ഉണ്ടായിരുന്നില്ല.

ചാന്ദ്പാഷ, ബാബുരാജ്, എം.എ. കല്‍പറ്റ... പല പാട്ടുജീവിതങ്ങളുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. സംഗീതത്തിനും സര്‍ഗാത്മകതക്കും വേണ്ടി ജീവിതം മാറ്റിവെച്ചവര്‍. പണത്തിന്‍െറയും പ്രതിഫലത്തിന്‍െറയും കാര്യത്തില്‍ ആരോടും കണക്കു പറയാതിരുന്നവര്‍. പ്രകടനപരതയുടെ ലോകത്ത് സ്വയം താരങ്ങളായി വിശേഷിപ്പിക്കാന്‍ മറന്നുപോയവര്‍. ആ പട്ടിക നീളും. മലബാറിന്‍െറ ചരിത്രം ഉള്ളില്‍കൊണ്ടുനടന്ന ഒരു കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം ഉണ്ടായിരുന്നു. എത്രയോ മികച്ച ചരിത്രകൃതികളുടെ രചയിതാവ്. ചരിത്രത്തിന്‍െറ കൃത്യമായ നേരറിവുകള്‍ അക്ഷരങ്ങളിലേക്ക് ആവാഹിച്ചെടുത്ത വലിയ പ്രതിഭ. എന്നിട്ടും വേദികള്‍ ലഭിച്ചില്ല. പൊന്നാട അണിയിക്കലും നടന്നില്ല.

ഒരുപക്ഷേ, നിന്നുകൊടുക്കാത്ത പ്രകൃതമായിരിക്കാം പ്രശ്നം. സെല്‍ഫ് മാര്‍ക്കറ്റിങ്ങിന്‍െറ മിടുക്കറിയാത്തതിന്‍െറ പോരായ്മയും ആകാം. അതല്ളെങ്കില്‍, ഏതെങ്കിലും ഇവന്‍റ് മാനേജ്മെന്‍റിന് തങ്ങളെ വിട്ടുകൊടുക്കാതിരുന്നതിന്‍െറ പ്രശ്നമാകാം. മാപ്പിളപ്പാട്ട് എന്ന ഗാനശാഖക്കു വേണ്ടി ജീവിതം തന്നെ നീക്കിവെച്ചവര്‍. സംഗീതത്തിന്‍െറ വഴിയില്‍ എല്ലാം അര്‍പ്പിച്ച് വിടവാങ്ങിയ എത്രയോ പ്രമുഖര്‍. അവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ കുറച്ചെങ്കിലും കൂടെനിന്നത് പുറവാസികളായ മലയാളികള്‍. വേദികളൊരുക്കിയും ഫണ്ടുകള്‍ സ്വരൂപിച്ചും പുരസ്കാരതുക കൈമാറിയും ഇത്തരം പ്രതിഭകളെ അവര്‍ വീഴാതെ കാത്തു. അടുത്തിടെ ദുബൈയില്‍ പീര്‍ മുഹമ്മദ് വന്നിരുന്നു, ആദരിക്കല്‍ ചടങ്ങിന്.

സഹൃദയരായ കുറെ പേരുടെ ശ്രമം. വേദിയില്‍ ഹാരാര്‍പ്പണം. പുതുതലമുറ പാട്ടുകാരുടെ സാന്നിധ്യം. പീര്‍ക്ക പാടിയ എത്രയോ പാട്ടുകളുടെ ആലാപനം. നാലു പതിറ്റാണ്ടുകളുടെ ധന്യതയായിരുന്നു, ആ മുഖത്തപ്പോള്‍. പിറ്റേന്ന് അഭിമുഖം നടത്തവേ, ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. തളര്‍ന്ന ശരീരത്തിന്‍െറ വിറയലുകള്‍ക്കിടയിലും ആ കൈകള്‍ ഉയര്‍ന്നുകൂപ്പി. ഒരു കലാകാരന് ഏറ്റവും വേണ്ടത് തളര്‍ന്ന ഘട്ടത്തില്‍ നല്‍കുന്ന പിന്തുണയാണ്. മിന്നുന്ന ഫ്ളാഷ് ലൈറ്റുകള്‍ക്കിടയിലെ ആരവങ്ങളും ആഘോഷങ്ങളുമല്ല അവരുടെ മനസ്സിനെ സ്പര്‍ശിക്കുന്നത്.

റംല ബീഗവും അടുത്തിടെ ദുബൈയില്‍ വന്നു. ആദരിക്കല്‍ ചടങ്ങിന്. കലാജീവിതം ധന്യമായെന്ന് തോന്നുന്നത് ഇപ്പോള്‍ മാത്രമാണെന്ന് അവര്‍ വിനയംകൊണ്ടു. നെല്ലറ ശംസുദ്ദീന്‍, യഹ്യ തളങ്കര, ബഷീര്‍ തിക്കോടി, എ.കെ. ഫൈസല്‍... കലാപ്രതിഭകള്‍ക്കു വേണ്ടി യു.എ.ഇയില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍. മുംബൈ എസ്. കമാലിനും വി.ഡി. രാജപ്പനും ബാലന്‍ കെ. നായര്‍ക്കും ഇവരുള്‍പ്പെട്ട പ്രവാസലോകമായിരുന്നു തുണയായത്. യു.എ.ഇയില്‍ മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇതിനായി മുന്നില്‍ നില്‍ക്കുന്ന കുറെ മനുഷ്യരുണ്ട്. ഖത്തറില്‍ മുഹമ്മദ് ഈസക്ക അതില്‍ പ്രധാനി. എത്രയോ ഗായകര്‍ക്കും രചയിതാക്കള്‍ക്കും അദ്ദേഹം പ്രവാസലോകത്ത് വേദിയൊരുക്കി. മാന്യമായ പ്രതിഫലം നല്‍കാന്‍ മനസ്സുവെച്ചു.

ബാബുരാജിന്‍െറ കുടുംബത്തിന് മുപ്പത് ലക്ഷത്തിലേറെ സമാഹരിച്ച് വീടൊരുക്കാന്‍ മുന്നില്‍നിന്നു. മാപ്പിളപ്പാട്ടിനെ പ്രവാസലോകത്ത് ജീവത്താക്കി നിര്‍ത്തുന്നതും അതുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ക്ക് ഉപജീവനം ഒരുക്കാനും വലിയ താല്‍പര്യമെടുത്തു. മീഡിയവണ്‍ ചാനലിന്‍െറ പ്രവാസി സംഗീതസപര്യ പുരസ്കാരം ആ മനുഷ്യനെ തേടിയത്തെിയത് പോയവാരം.

സൗദി അറേബ്യ ഉള്‍പ്പെടെ മറ്റ് ഗള്‍ഫിടങ്ങളിലും ഉണ്ട് ഇത്തരം മനുഷ്യര്‍. സ്വന്തം സമ്പാദ്യം കലയ്ക്കും കലാകാരനുമായി മാറ്റിവെക്കുന്നവര്‍. സംഗീതത്തില്‍ മാത്രമല്ല. എഴുത്തിന്‍െറയും കലയുടെയും വഴിയിലും കാണാം അത്തരം വ്യക്തികളെ. മാപ്പിളപ്പാട്ടിനാകട്ടെ, മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രവാസികള്‍ക്ക് തങ്ങളുടെ ഹൃദയവികാരങ്ങള്‍ ഇത്രയും ചേര്‍ത്തുവെക്കാന്‍ പറ്റിയ മറ്റൊരു ഗാനശാഖ വേറെയില്ല, അന്നും ഇന്നും. എരഞ്ഞോളി മൂസ പറഞ്ഞത് വാസ്തവം: ‘എനിക്കൊരു ജീവിതം തന്നത് ഈ പ്രവാസ മണ്ണാണ്. മാപ്പിളപ്പ‘ാട്ടുകാരന്‍ എന്ന മേല്‍വിലാസവും. അല്ലായിരുന്നേല്‍ ഈ ഞാന്‍ ഉണ്ടാകുമായിരുന്നില്ല’.

Tags:    
News Summary - mappila song singers and song writers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.