രണ്ടുനാൾ കഴിഞ്ഞാൽ വീണ്ടുമൊരു ഡിസംബർ 10 വന്നെത്തും- അന്തർദേശീയ മനുഷ്യാവകാശദിനം, എന്തെങ്കിലും പ്രസക്തി അവശേഷിപ്പുണ്ടോ എന്ന് എനിക്ക് നിശ്ചയമില്ല. മനുഷ്യരും അവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും ഒരുതരം ശൂന്യതയിലേക്ക് ചുരുക്കിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ മനുഷ്യാവകാശ ദിനത്തിൽ വംശഹത്യാമുനമ്പിൽ നിന്നിരുന്ന ഫലസ്തീനിലെ ഹതഭാഗ്യരായ മനുഷ്യരുടെ സകല അവകാശങ്ങളും ചീന്തിയെറിഞ്ഞ് ഇസ്രായേലി സൈന്യം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധമുള്ള...
രണ്ടുനാൾ കഴിഞ്ഞാൽ വീണ്ടുമൊരു ഡിസംബർ 10 വന്നെത്തും- അന്തർദേശീയ മനുഷ്യാവകാശദിനം, എന്തെങ്കിലും പ്രസക്തി അവശേഷിപ്പുണ്ടോ എന്ന് എനിക്ക് നിശ്ചയമില്ല. മനുഷ്യരും അവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും ഒരുതരം ശൂന്യതയിലേക്ക് ചുരുക്കിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ മനുഷ്യാവകാശ ദിനത്തിൽ വംശഹത്യാമുനമ്പിൽ നിന്നിരുന്ന ഫലസ്തീനിലെ ഹതഭാഗ്യരായ മനുഷ്യരുടെ സകല അവകാശങ്ങളും ചീന്തിയെറിഞ്ഞ് ഇസ്രായേലി സൈന്യം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധമുള്ള അതിക്രമങ്ങൾ തുടരുന്നു.
മനുഷ്യരെ കൊന്നൊടുക്കുന്നത് തുടരുമ്പോഴും ദുരിതങ്ങൾ പടർന്നുപിടിക്കുമ്പോഴും ജീവനോടിരിക്കുന്ന നമ്മൾ മിണ്ടാതെ നോക്കിനിൽക്കുന്നു. അകലങ്ങളിൽ മാത്രമല്ല, നമ്മുടെ നാട്ടിലും ഒട്ടും വ്യത്യസ്തമല്ലല്ലോ അവസ്ഥ. രാഷ്ട്രീയക്കാരുടെ വിദ്വേഷ പ്രസംഗങ്ങളും ഭരണാധികാരികളുടെ വർഗീയ തള്ളുപറച്ചിലുകളും നിർബാധം തുടരുന്നു. വാർത്തകളിൽ നിറയുന്ന തലസ്ഥാന നഗരിയിലെ പരിസ്ഥിതി മലിനീകരണത്തേക്കാൾ എത്രയോ ഭയാനകമാണ് വർഗീയ വിഷപ്പുകയിൽ മുങ്ങിയ രാഷ്ട്രീയ സാഹചര്യം.
യുവജനങ്ങൾക്ക് തൊഴിലില്ല, സ്ത്രീ ജനങ്ങൾക്ക് സുരക്ഷയില്ല, കുടുംബങ്ങളിൽ വിശന്നു കരയുന്ന കുട്ടികൾക്ക് നൽകാനുള്ള ഭക്ഷണം പോലുമില്ല. പക്ഷേ അതിൽ നിന്നെല്ലാം ശ്രദ്ധ തെറ്റിച്ചുകളയുന്ന എണ്ണമറ്റ സംഗതികൾ ദിവസേന നടമാടുമ്പോൾ ജനങ്ങൾക്ക് യഥാർഥ പ്രശ്നങ്ങളെയോർത്ത് കരയാൻ നേരം കിട്ടുന്നില്ല. ചുറ്റികയും പിക്കാസുമായിറങ്ങി പഴയ മസ്ജിദുകളുടെ അസ്ഥിവാരം കുത്തിയിളക്കി നോക്കിയാൽ രാജ്യം നേരിടുന്ന സകല വിഷയങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്ന് തോന്നും ചിലരുടെ ആവേശം കണ്ടാൽ.
സംഭലിൽ മറച്ചുവെക്കുന്നതെന്ത്?
ബാബരിക്കുശേഷം കാശി(ഗ്യാൻവാപി പള്ളി), മഥുര (ഈദ് ഗാഹ് മസ്ജിദ്) ബാക്കി ഹെ എന്നായിരുന്നു മുദ്രാവാക്യമെങ്കിൽ ഇന്ന് ഇന്ത്യയിലെ ഏതൊരു പള്ളിയും എന്ന മട്ടിലാണ് ഭരണഹുങ്കിൽ സംഘപരിവാരത്തിന്റെ പോക്ക്. രാജ്യത്ത് നിലവിലുള്ള നിയമത്തെ അട്ടിമറിച്ചുള്ള ഒരു കോടതി ഉത്തരവിന്റെ മറവിൽ നടത്തിയ സർവേക്കിടയിൽ ഉത്തർ പ്രദേശിലെ സംഭലിൽ കഴിഞ്ഞയാഴ്ച അഞ്ച് പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിലുമെത്രയോ അധികം പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ ശത്രുക്കളെപ്പോലെ നേരിട്ട പൊലീസ് മേധാവിക്ക്, മുറിവേൽക്കപ്പെട്ട ന്യൂനപക്ഷ സമുദായ അംഗങ്ങളെ ജാഹിലുകൾ (മര്യാദകെട്ട വിഡ്ഡികൾ) എന്ന് മാധ്യങ്ങൾക്ക് മുന്നിൽ വിശേഷിപ്പിക്കാൻ തെല്ല് സങ്കോചമില്ല. താനൊരു പൊതുസേവകനാണെന്നും ഒരു ന്യൂനപക്ഷ സമുദായത്തെക്കുറിച്ച് ഇത്ര ധിക്കാരത്തോടെ, മൂന്നാംകിട പദപ്രയോഗങ്ങൾ നടത്താൻ പാടില്ലെന്നുമുള്ള സാമാന്യബോധം ഇല്ലാത്ത ആളൊന്നുമല്ലല്ലോ അദ്ദേഹം.
എന്തുകൊണ്ടാണ് ഡിസംബർ 10 വരെ ആരെയും സംഭൽ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഭരണകൂടം നിർബന്ധം പിടിക്കുന്നത്? പ്രാദേശിക ഭരണകൂടത്തിനും സംസ്ഥാന ഭരണ നേതൃത്വത്തിനും ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ ആ പട്ടണം സന്ദർശിച്ച് കാര്യങ്ങൾ നേരിൽ ബോധ്യപ്പെടാൻ പൗരാവകാശ പ്രവർത്തകരെയും ജനപ്രതിനിധികളെയും അനുവദിക്കാത്തത് എന്തു കൊണ്ടാണ്? ജനനേതാക്കൾക്ക് പ്രവേശനം അനുവദിക്കുന്ന ഘട്ടം വരുമ്പോഴേക്കും ഇരകളെയും അവരുടെ കുടുംബങ്ങളെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കിയിട്ടുണ്ടാവും എന്ന് പറയേണ്ടതില്ലല്ലോ. അവർക്ക് മുന്നിൽ വേറെ വഴികളുമുണ്ടാവില്ല. ഭരണകൂട തീട്ടൂരത്തെ അംഗീകരിച്ച് മുന്നോട്ടു പോകാത്തപക്ഷം അവരുടെ അവശിഷ്ട ജീവിതം തന്നെ നശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടാവും.
ആരാധനാലയങ്ങൾ പിടിച്ചടക്കാനുള്ള അജണ്ട ചുരുളഴിയുന്ന രീതിതന്നെ അപകടകരമാണ്. മസ്ജിദുകളും ദർഗകളും കാലപ്പഴക്കമുള്ള ചരിത്ര നിർമിതികളുമാണ് ഹിന്ദുത്വ സേനകൾ ഉന്നമിടുന്നത്. നോട്ടമിട്ടുകഴിഞ്ഞാൽ പിന്നെ അന്തരീക്ഷമൊന്നാകെ അരാജകത്വവും വർഗീയതയും വ്യാപിപ്പിക്കുന്നു. അധികാരത്തിലുള്ളപ്പോഴും പുറത്തു നിൽക്കുമ്പോഴും ഭരണവർഗങ്ങളിൽ അവർക്കുള്ള സ്വാധീനം പണ്ടേ പരസ്യമാണ്. അന്യായമായ അവകാശ വാദം ഉന്നയിച്ചും അനധികൃതമായി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചും തുടങ്ങിയ ബാബരി മസ്ജിദ് പിടിച്ചടക്കൽ ശ്രമം പള്ളി തകർത്തും വർഗീയ കലാപങ്ങൾ സൃഷ്ടിച്ചും ശക്തിപ്പെടുത്തിയതും ഭരണസംവിധാനങ്ങളെയും കോടതിയെയുമുപയോഗിച്ച് യാഥാർഥ്യമാക്കിയതുമെല്ലാം ഏവർക്കും അറിവുള്ളതാണല്ലോ.
എന്തുകൊണ്ട് അജ്മീർ?
പള്ളികൾക്കുമേലുള്ള കൈയേറ്റം മതിയാവാതെ അവരിപ്പോൾ അജ്മീർ ദർഗാ ശരീഫിനു മേലും അവകാശവാദം ഉന്നയിക്കുന്നതിൽനിന്ന് ഈ നീക്കം സകലസീമകളും ഭേദിച്ചിരിക്കുന്നുവെന്ന് വായിച്ചെടുക്കാം. അജ്മീർ ശരീഫിൽ അവകാശവാദമുന്നയിച്ച് ഹരജി നൽകിയ വാർത്ത വായിക്കവേ ഗരീബ് നവാസ് എന്നറിയപ്പെടുന്ന ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മസാറിലേക്ക് നടത്തിയ എണ്ണമറ്റ യാത്രകൾ മനസ്സിലെത്തി. അവിടത്തെ സന്ദർശകർ മുസ്ലിംകൾ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സഹോദര മതസ്ഥരെ അവിടെവെച്ച് കാണുകയും സ്നേഹാശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട് ഞാൻ.
ഈ സൂഫിവര്യന്റെ കുടീരം ഹിന്ദു-മുസ്ലിം സൗഹാർദത്തിന്റെ സമ്മേളന കേന്ദ്രമാണെന്ന് നിസ്സംശയം പറയാനാവും. 1138-39 കാലത്ത് കിഴക്കൻ പേർഷ്യയിൽ ജനിച്ച അദ്ദേഹത്തിന് നന്നേ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. പാരമ്പര്യാവകാശമായി കിട്ടിയ തോട്ടവും കാറ്റാടിയുമെല്ലാം വെടിഞ്ഞ് ഇബ്രാഹിം ഖന്ദൂസി എന്ന സൂഫി ദർവേശിന്റെ നിർദേശാനുസാരം അക്കാലത്തെ അറിവിന്റെ കേന്ദ്രങ്ങളായ ബുഖാറയിലും സമർഖണ്ഡിലും പോയി പഠനങ്ങൾ നടത്തിയ ഖാജ മക്കയിൽ നിന്നാണ് ഇന്ത്യയിലേക്ക് വന്നതെന്നാണ് ചരിത്രം. അക്കാലത്ത് അജ്മീർ വാണിരുന്നത് രജപുത്ര രാജാവ് പൃഥ്വിരാജ് ചൗഹാനായിരുന്നു. അനാ സാഗർ തടാകത്തിനുസമീപം ഒരു കുന്നിൻമേട്ടിൽ താമസമാക്കിയ സൂഫിയെക്കാണാൻ പ്രദേശവാസികൾ വന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും ഭക്തിയും ജനങ്ങളെ ഏറെ ആകർഷിച്ചു. അനുഗ്രഹാശിസ്സുകൾ തേടി ഭരണാധികാരികളും മഹാരാജാക്കൻമാരുമെത്തി. 97ാം വയസ്സിൽ വിടപറഞ്ഞ ശേഷവും സന്ദർശകരുടെ ഒഴുക്ക് തുടർന്നു കൊണ്ടേയിരുന്നു. മതത്തിൽ ബലപ്രയോഗമില്ലെന്നും മനുഷ്യർക്കിടയിൽ വേർതിരിവുകളില്ലെന്നും പ്രബോധനം ചെയ്ത സൂഫിയുടെ സവിധത്തിലേക്കുള്ള സന്ദർശകരിൽ അന്നത്തേതു പോലെ ഇന്നും വലിയൊരു പങ്ക് അമുസ്ലിംകളാണ്. പുഴയെപ്പോലെ ഉദാരതയും സൂര്യന്റെ കരുണയും ഭൂമിയോളം വിനയവും സൂക്ഷിക്കുന്നവരാണ് അല്ലാഹുവുമായി ഏറ്റവും അടുത്തവർ എന്ന് അദ്ദേഹം പഠിപ്പിച്ചു.
ദാരിദ്ര്യത്തിൽ സമൃദ്ധിയും വിശപ്പിൽ സംതൃപ്തിയും ദുഃഖത്തിൽ സന്തോഷവും ശത്രുവിനോടും സൗഹാർദവും കണ്ടെത്താൻ സാധിക്കുന്നതാണ് ശ്രേഷ്ഠമായ സ്വഭാവമെന്നും നരകശിക്ഷ ഒഴിവായി ക്കിട്ടാനുള്ള ഏറ്റവും ഉറപ്പുള്ള മാർഗം വിശക്കുന്നവർക്ക് ഭക്ഷണം നൽകലും ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കലുമാണെന്ന പാഠം പങ്കുവെച്ച അദ്ദേഹം ജാതിയോ മതമോ പരിഗണിക്കാതെ ജനങ്ങൾക്കേവർക്കും സഹായങ്ങളെത്തിച്ചു.
മുഗൾ ചക്രവർത്തിമാരായിരുന്ന അക്ബറും ജഹാംഗീറും ദർഗയിലെ സന്ദർശകരായിരുന്നുവത്രേ. സന്ദർശന വേളകളിൽ മുഗൾ ഭരണാധികാരികൾ ദർഗയുടെ വിപുലീകരണത്തിലും സൗന്ദര്യവത്കരണത്തിലും ശ്രദ്ധിച്ചതിന്റെ ഫലമായാണ് അജ്മീർ ദർഗക്ക് ചുറ്റുമുള്ള പള്ളികളും ചുമരുകളും കൂറ്റൻ കമാനങ്ങളുമെല്ലാം ഉയർന്നത്.
മുഗൾ ചക്രവർത്തിമാർ സമ്മാനിച്ച രണ്ട് കൂറ്റൻ ചെമ്പുകളിലാണ് ഇന്നും ദർഗയിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം പാകം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹനാര ഖ്വാജയെക്കുറിച്ച് പുസ്തകവും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് രാജ്ഞി മേരി സ്ഥാനാരോഹണ വേളയിൽ അജ്മീർ ദർഗ സന്ദർശിക്കുകയും അതിന്റെ സ്മരണാർഥം ഒരു ജലസംഭരണിക്ക് മേൽക്കൂര പണിതു നൽകിയതായും രേഖകളുണ്ട്.
മനുഷ്യർ അതിരുകൾ മറന്ന് ഒരുമിക്കുകയും തന്റെയും അപരന്റെയും വേദനകളും സ്വപ്നങ്ങളും സമാനതകളുള്ളതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും ശക്തികൾക്ക് നിലനിൽപ്പുണ്ടാവില്ല. ഏതൊരാൾക്കും കയറിച്ചെല്ലാൻ ഇടയുള്ള ഇടമായി അവർ കാണുന്ന അജ്മീർ ദർഗയെയും താജ് മഹലിനെയും കുതുബ് മിനാറിനെയും ഡൽഹി ജമാ മസ്ജിദിനെയുമെല്ലാം വിവാദത്തിൽ തളച്ചാൽ അതിന് തടയിടാനാകുമെന്ന് ഹിന്ദുത്വ സേന കരുതുന്നു. ഭരണകൂടമാവട്ടെ അതിനെയൊരു ദേശീയ പദ്ധതിയാക്കിയും ഏറ്റെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.