മയക്കുമരുന്ന് എന്ന മഹാവിപത്തിൽനിന്ന് മാനവരാശിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 1987 ജൂൺ 26ന് മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കുന്നത്. വർഷങ്ങളായി സ്കൂളുകളിലും കോളജുകളിലും പൊതു ഇടങ്ങളിലും ഏറ്റവും മികച്ച രീതിയിൽ ഈ ദിനാചരണവും ബോധവത്കരണവും നടക്കുന്ന നാടാണ് കേരളം. എന്നാൽ, ഇന്ന് മയക്കുമരുന്ന് വ്യാപാരത്തിന്റെയും ഉപയോഗത്തിന്റെയും കാര്യത്തിലും മുൻപന്തിയിലാണ് നമ്മുടെ നാട്. കടത്തും, ഉപയോഗവും അപകടകരമായ തോതിൽ വർധിച്ചതിന്റെ ദൃഷ്ടാന്തമാണ് അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന കേസുകൾ.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടനവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്റെ കണ്ണുവെട്ടിച്ച് അതിലുമെത്രയോ ഇരട്ടി ലഹരിവസ്തുക്കളാണ് കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
മുൻകാലങ്ങളിൽ ലഹരി വിൽപനക്കാരിൽ നിന്ന് കഞ്ചാവ് പൊതികളാണ് പിടികൂടിയിരുന്നതെങ്കിൽ ഇന്ന് കോടിക്കണക്കിന് രൂപയുടെ ഹഷീഷ് ഓയിൽ, എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ അതിമാരക വസ്തുക്കളുടെ ശേഖരമാണ് അവർ കൈകാര്യം ചെയ്യുന്നത്. വിദ്യാർഥികൾ, അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ, ഐ.ടി പ്രഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ, സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ ജോലി ചെയ്യുന്നവർ, സംഘടന നേതാക്കൾ എന്നിവരെല്ലാമാണ് ഇതിന്റെയൊക്കെ പിന്നിലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വസ്തുത. ആകർഷണീയതയും ജോലി ചെയ്യാനുമുള്ള ആവേശവും വർധിക്കുമെന്നും അന്തർമുഖത്വം മാറുമെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെയും വിദ്യാർഥികളെയും ഇതിലേക്ക് ആകർഷിപ്പിക്കുന്നത്. അടിച്ചു പൊളിക്കാനും ആർഭാടത്തിനും ടൂറിനുമൊക്കെ പണം ലഭിക്കുമെന്ന പ്രലോഭനത്തിൽ മയങ്ങിയും കുറെയേറെ പേർ ഈ വലയിൽ വീഴുന്നു. പാർട്ടികളിൽ ചെറിയ തോതിൽ മയക്കുമരുന്ന് നൽകിയാണ് തുടക്കം. ക്രമേണ മയക്കുമരുന്നിനോടുള്ള ആശ്രയത്വം വർധിക്കുകയും മയക്കുമരുന്ന് ഉപയോഗത്തിനായി കൂടുതൽ പണം ആവശ്യമായി വരുകയും ചെയ്യുമ്പോൾ സ്വാഭാവികമായും മയക്കുമരുന്ന് കടത്തിൽ കണ്ണിയായി ചേരും.
വലിയ പ്രതീക്ഷകളുമായി മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്ന സ്വപ്നവുമായി കടം വാങ്ങിയും, പണയപ്പെടുത്തിയും പണമുണ്ടാക്കി അന്യസംസ്ഥാനത്ത് പഠനത്തിനായി അയച്ച ഒട്ടനവധി കുടുംബങ്ങൾ ഇന്ന് കണ്ണീരുമായി കഴിയുന്ന ദയനീയ അവസ്ഥയും നാം കാണുന്നു. ലഹരിയുടെ മറവിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നവരുടെയും, മാനസിക വിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യപ്പെടുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നു.
മാതാപിതാക്കളെയും പ്രണയിനിയെയും സഹപാഠികളെയും ആക്രമിച്ച/കൊലപ്പെടുത്തിയ കേസുകളിൽ പിടിക്കപ്പെടുന്ന പല ചെറുപ്പക്കാരും ലഹരിയുടെ പ്രേരണയിലാണ് അതെല്ലാം ചെയ്തുകൂട്ടിയത് എന്ന് പിന്നീട് വെളിപ്പെടുത്താറുണ്ട്.
മനുഷ്യശരീരത്തിലെ കേന്ദ്ര നാഡീവ്യൂഹത്തെ ത്വരിതപ്പെടുത്തുന്നതോ, ഉത്തേജിപ്പിക്കുന്നതോ ആയ മയക്കുമരുന്നുകളാണ് കൊക്കെയിൻ പോലുള്ള ലഹരികൾ. ഇതിന് സമാനമായതും കൊക്കെയിനേക്കാൾ താരതമ്യേന വില കുറഞ്ഞതുമായ സിന്തറ്റിക് ഡ്രഗ്ഗാണ് മാരകമായ എം.ഡി.എം.എ. (മെഥലീൻ ഡൈ ഓക്സി - മീഥൈൽ ആംഫെറ്റാമിൻ) ഇത് ഉപയോഗിച്ചാൽ ഞരമ്പുകൾ വലിഞ്ഞ് മുറുകി, രക്തയോട്ടം വർധിപ്പിച്ച് മനുഷ്യശരീരത്തെ അനാവശ്യമായി ഉത്തേജിപ്പിക്കുന്നതിനാൽ മനുഷ്യന്റെ ദൈനംദിന പ്രവൃത്തികൾ താളംതെറ്റിക്കുന്നതുമായ അത്യന്തം അപകടകാരിയായ മയക്കുമരുന്നാണ് എം.ഡി.എം.എ. അതിനേക്കാൾ അപകടകാരിയാണ് എൽ.എസ്.ഡി. (ലൈസർജിക് ആസിഡ് ഡൈ തലാമേഡ്) ഭ്രമാത്മകമായ ഈ മരുന്നുകൾ മായക്കാഴ്ചകൾക്കും മിഥ്യാ ശ്രവണങ്ങൾക്കും കാരണമാകുന്നു. െബ്രയിനിലെ ന്യൂറോ ട്രാൻസ്മീറ്ററുകളെ ബാധിക്കുന്നത് കൊണ്ടോ ന്യൂറോ ട്രാൻസ്മീറ്ററുകൾക്ക് സമാനമായ രാസഘടനയുള്ളതു കൊണ്ടുമാണ് മിഥ്യാഭ്രമങ്ങൾ ഉണ്ടാക്കുന്നത്. ഏതാനും വർഷം മുമ്പു വരെ വളരെ അപൂർവമായി മാത്രം കേട്ടിരുന്ന ഇവയെല്ലാം കേരളത്തിൽ സർവവ്യാപിയാണിന്ന്.
നിയമത്തിന്റെ കർശനമായ നിർവഹണത്തിനൊപ്പം വീടുകളും വിദ്യാലയങ്ങളും രാഷ്ട്രീയ-മത-സാമൂഹിക കൂട്ടായ്മകളുമെല്ലാം ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ മാത്രമെ ലഹരിയുടെ വേരറുക്കാനും കുഞ്ഞുങ്ങളെയും തലമുറകളെയും രക്ഷിക്കാനും നമുക്കാവൂ.
(റിട്ട. എക്സൈസ് ഇൻസ്‍പെക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.