കേരളത്തിലെ ആശാ വർക്കർമാർ ഫെബ്രുവരി എട്ടാം തീയതി മുതൽ തലസ്ഥാനത്ത് രാപ്പകൽ സമരം നടത്തിവരുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഉപവാസ സമരവും ഇപ്പോഴുള്ള ഉപവാസവുമായി അത് മാറിയിട്ടുണ്ട്. ഇതിനിടയിൽ സെക്രട്ടേറിയറ്റ് ഉപരോധം, മഹാസംഗമം, വനിത ദിനത്തിലെ പ്രത്യേക സമരമുറകൾ എന്നിവയും നടന്നു. കേരളത്തിലെ ഇരുപത്തിയാറായിരത്തോളം ആശാ വർക്കർമാർക്ക് സംസ്ഥാനം നൽകുന്ന മാസ ഓണറേറിയം 7,000 രൂപയിൽനിന്ന് മിനിമം വേതനമായ 21,000 രൂപയായി ഉയർത്തുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62ാം വയസ്സിൽ റിട്ടയർ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക മുതലായ ആവശ്യങ്ങളാണ് സമരനേതൃത്വം...
കേരളത്തിലെ ആശാ വർക്കർമാർ ഫെബ്രുവരി എട്ടാം തീയതി മുതൽ തലസ്ഥാനത്ത് രാപ്പകൽ സമരം നടത്തിവരുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഉപവാസ സമരവും ഇപ്പോഴുള്ള ഉപവാസവുമായി അത് മാറിയിട്ടുണ്ട്. ഇതിനിടയിൽ സെക്രട്ടേറിയറ്റ് ഉപരോധം, മഹാസംഗമം, വനിത ദിനത്തിലെ പ്രത്യേക സമരമുറകൾ എന്നിവയും നടന്നു.
കേരളത്തിലെ ഇരുപത്തിയാറായിരത്തോളം ആശാ വർക്കർമാർക്ക് സംസ്ഥാനം നൽകുന്ന മാസ ഓണറേറിയം 7,000 രൂപയിൽനിന്ന് മിനിമം വേതനമായ 21,000 രൂപയായി ഉയർത്തുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62ാം വയസ്സിൽ റിട്ടയർ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക മുതലായ ആവശ്യങ്ങളാണ് സമരനേതൃത്വം മുഖ്യമായും ഉന്നയിച്ചിട്ടുള്ളത്.
സമരം നടക്കുന്നതിനിടയിൽ സർക്കാർ ആശാ വർക്കർമാരുടെ മൂന്നുമാസത്തെ വേതന കുടിശ്ശിക നൽകുകയും ഓണറേറിയം നിശ്ചയിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന പത്ത് നിബന്ധനകൾ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ തുച്ഛമായ തുകപോലും കൃത്യമായി നൽകാറില്ലെന്നും ആശാ വർക്കർമാർ പട്ടിണിയും പരിവട്ടവുമായി വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മൂന്നോ നാലോ മാസം കൂടുമ്പോൾ ഭാഗികമായി മാത്രമാണ് അത് കിട്ടുകയെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നു. ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചുവെന്ന് അവകാശപ്പെടുന്നത് കബളിപ്പിക്കൽ തന്ത്രമാണെന്നും അവ ഇൻസെന്റവിലേക്ക് മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും അവർ വിശദീകരിക്കുന്നു.
സാധാരണയായി, കേരളത്തിൽ ഇടതുമുന്നണി ഭരിക്കുമ്പോൾ ചെറുസംഘടനകൾ അല്ലെങ്കിൽ പ്രാദേശികമായി രൂപപ്പെടാറുള്ള കൂട്ടായ്മകളാണ് ബഹുജന ജനകീയ സമരങ്ങൾ നടത്താറുള്ളത്. തങ്ങളുടെ ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ വിസമ്മതിച്ചുകൊണ്ട് മുഖ്യധാര ഇടതുകക്ഷികൾ വിട്ടുനിൽക്കുകയോ എതിർ നിലപാട് സ്വീകരിക്കുകയോ ചെയ്യുകയാണ് പതിവ്. ഇത്തരം സമരങ്ങളിൽ പ്രതിപക്ഷത്തിന്റെ സാന്നിധ്യവും വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. എങ്കിലും ഇവയിൽ ചില സമരങ്ങളെങ്കിലും ഭാഗികമായി വിജയിക്കുന്നത് സമരം ഉന്നയിക്കുന്ന ജീവിതപ്രശ്നങ്ങളുടെ ആഴവും പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന സഹഭാവവും മൂലമാണ്.
ഐക്യമുന്നണി ഭരിച്ചപ്പോൾ നടന്ന ആദിവാസികളുടെ കുടിൽകെട്ടൽ സമരം, മുത്തങ്ങ സമരം, നിൽപ് സമരം എന്നിവയും ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരവും പൊതുജന പിന്തുണയിൽ ഭാഗികമായി വിജയിച്ചവയാണ്. ഇതേസമയം, ഇടതുമുന്നണി ഭരിച്ചപ്പോൾ ചെങ്ങറയിലും അരിപ്പയിലും നടന്ന സമരങ്ങളോട് മാർക്സിസ്റ്റ് പാർട്ടി മാത്രമല്ല, കോൺഗ്രസും ബി.ജെ.പിയും എതിർത്തുനിൽക്കുകയും കടുത്ത ഭരണ അടിച്ചമർത്തലും ഗുണ്ട ആക്രമണവും നടത്താൻ ഇക്കൂട്ടർ ഒന്നിക്കുകയും ചെയ്തു. എങ്കിൽപോലും മേൽപറഞ്ഞ അടിത്തട്ട് സമരങ്ങളെ തുടച്ചുമാറ്റാൻ ഭരണകൂടത്തിനും മുഖ്യകക്ഷികൾക്കും സാധിച്ചു എന്ന് പറയാനാവില്ല.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നടന്ന വയൽക്കിളി സമരവും വെറുതെ പരാജയപ്പെടുകയായിരുന്നില്ല. ഭൂമിയേറ്റെടുക്കലിൽ കൃത്യമായ മാനദണ്ഡവും വർധിച്ച തോതിലുള്ള വിലയും ലഭ്യമാകുന്നതിൽ സമരം വിജയംവരിച്ചു. ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരത്തിലും സമാനമായ സ്ഥിതിയുണ്ടായി. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ നീട്ടിക്കൊണ്ടിപോകുന്നതിൽ മുഖ്യധാര കക്ഷികൾ തമ്മിലുള്ള സമവായമാണ് തടസ്സമായിട്ടുള്ളത്. ഇതേസമയം, കെ. റെയിൽ പദ്ധതിയോട് പൊതുബോധം എതിരാവുകയും കേന്ദ്രം നിസ്സഹകരിക്കുകയും പ്രതിപക്ഷം സർക്കാർ വിരുദ്ധ നിലപാട് എടുക്കുകയും ചെയ്തതിലൂടെ ഭരണകൂടത്തിന് പിൻവാങ്ങേണ്ടിവന്നു. പാലക്കാട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ബ്രൂവറിക്കെതിരെയുള്ള പ്രതിപക്ഷ എതിർപ്പിന്റെ ഫലമായി സർക്കാർ ഒറ്റപ്പെട്ട സ്ഥിതിയാണുള്ളത്.
മുഖ്യധാര ഇടത് കക്ഷികളുടെയോ പ്രതിപക്ഷത്തിന്റെയോ സഹകരണം ലഭിക്കാതെ, ബഹുജന സമരങ്ങളുടെ നൈതിക അടിസ്ഥാനം എത്ര പ്രധാനമാണെങ്കിലും കുറച്ചുകാലം കഴിയുമ്പോൾ, അവക്ക് ആളും അർഥവും കുറയുന്നതോടെ സ്വയം കെട്ടടങ്ങുകയാണ് പതിവ്. മാത്രമല്ല, പലപ്പോഴും ഇത്തരം സമരങ്ങൾ നയിക്കുന്ന സമരസമിതികളിൽ രൂപപ്പെടാറുള്ള ഭിന്നിപ്പുകളെ ഫലപ്രദമായി ഉപയോഗിച്ച്, സമരത്തിന്റെ അർഥവും പ്രാപ്തിയും അട്ടിമറിക്കാനും മുഖ്യധാരക്ക് കഴിയാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, മേൽസൂചിപ്പിച്ചപോലുള്ള ജനകീയ സമരങ്ങൾ കേരളത്തെ സംബന്ധിച്ച് ഭരണവിരുദ്ധ വികാരമായി വളരാറില്ലെന്നതാണ്.
ആശാ വർക്കർമാരുടെ സമരം മേൽപറഞ്ഞവയിൽനിന്ന് വ്യത്യസ്തമാണ്. ഇതൊരു സ്ത്രീസമരമാണെന്നതാണ് അതിൽ പ്രധാനമായിട്ടുള്ളത്. കേരളത്തിൽ ദൃശ്യതയും പൊതുസമ്മതി കിട്ടുകയും ചെയ്യാറുള്ളത് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരോ മധ്യവർഗ പശ്ചാത്തലമുള്ളവരോ ആയ സ്ത്രീകളുടെ തൊഴിലിടത്തെ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോഴാണ്. ഇതേസമയം, ആശാ വർക്കർമാർ ഏറിയപങ്കും ബഹുജൻ അടിത്തറയുള്ള ദരിദ്ര സ്ത്രീകളാണ്. ഇവരുടെ മേൽക്കൈയിൽ നടക്കുന്ന ഒരു സമരമെന്ന നിലയിൽ കേരളത്തിൽ ഇതൊരു പുതിയ അനുഭവമാണ്.
രണ്ടാമത്തെ കാര്യം, കേന്ദ്ര ഭരണകൂടത്തോടും സംസ്ഥാന സർക്കാറിനോടും മാത്രമല്ല, സർവശക്തമായ മാർക്സിസ്റ്റ് ബ്യൂറോക്രസിയോടുമാണ് ഇവർ പടവെട്ടുന്നത്. കടുത്ത ജീവിതപ്രതിസന്ധികൾ അനുഭവിക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ ഈ ദീർഘകാലസമരം തുടരാൻ സാധ്യമല്ലെന്നും നഗരത്തിലെ ചൂടും മഴയും കൊതുകുകടിയും ദുർഗന്ധവും സഹിച്ച് അവർ സമരരംഗത്തുനിന്ന് താനേ പിന്തിരിയുമെന്നുമാണ് ഭരണകൂടം കരുതിയിരുന്നത്. മറ്റെന്തെങ്കിലും മധ്യവർഗ സ്ത്രീകളായിരുന്നെങ്കിൽ പിന്മാറുമായിരുന്ന ഈ സമരം ഇപ്പോഴും ശക്തമായി തുടരുന്നതിനുകാരണം, ആശാ വർക്കർമാരുടെ ദൈനംദിന ജീവിതം പോലെതന്നെ പ്രശ്നസങ്കീർണമായ ഒരു തലം ഇതിനുമുണ്ടെന്നതാണ്.
സമരത്തോട് ഭരണകൂടം കാണിച്ചത് അവഗണിക്കുക, ശത്രുത പുലർത്തുക, പ്രതികാരം നിർവഹിക്കുക എന്ന ദണ്ഡനമുറ മാത്രമാണ്. യഥാർഥത്തിൽ സംസ്ഥാന സർക്കാറിന് ഗണ്യമായ സാമ്പത്തിക ബാധ്യത വരാത്ത വിധത്തിൽ തുടക്കത്തിൽത്തന്നെ ഒത്തുതീർക്കാവുന്ന ഒരു സമരമായിരുന്നു ഇത്. സമരം ചെയ്യപ്പെട്ടവരോട് ദയവിന്റെ ഒരു കണികപോലുമില്ലാതെ അയുക്തികൾ പറഞ്ഞ് അപമാനിക്കാനും തോൽപിക്കാനും മാത്രമാണ് ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നടന്ന ചർച്ചകൾ ഉന്നമിട്ടത്.
സമരത്തെ അവഗണിച്ച് ഇല്ലാതാക്കുക എന്ന ലക്ഷ്യം പൊളിഞ്ഞപ്പോൾ ഭരണകൂടത്തിന്റെ പിണിയാളുകൾ നടത്തിയ പ്രചാരണം, കേരളത്തിൽ മാത്രമാണ് ആശാ വർക്കമാർക്ക് ഉയർന്ന വേതനം നൽകുന്നതെന്നതാണ്. കർണാടകയും തെലങ്കാനയും ബംഗാളും സിക്കിമും അടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ കേരളത്തിലേതിലും മെച്ചമായ വേതനവും വിരമിക്കൽ ആനുകൂല്യവുമാണ് നൽകുന്നത്.
മൈത്രി പി. എഴുതുന്നു: ‘‘ഉത്തർപ്രദേശും ഒഡിഷയുമാണോ കേരളത്തിലെ കൂലിയെ വിലയിരുത്താനുള്ള മാനദണ്ഡം? നിർമാണ മേഖലയിലും പുരുഷന്മാർ കൂടുതലായി ജോലിചെയ്യുന്ന മേഖലകളിലും കിട്ടുന്ന കൂലി മറ്റു സംസ്ഥാനങ്ങളിൽ ലഭിക്കുന്ന കൂലിയുമായി ബന്ധപ്പെടുത്തിയാണോ നമ്മൾ കാണാറുള്ളത്? അല്ല, കാരണം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സാമൂഹിക ചരിത്രമാണ് ഇവിടത്തെ കൂലികൾ നിർണയിക്കുന്നത്.
എന്നാൽ, സ്ത്രീകൾ ധാരാളമുള്ള മേഖലകളിൽ (ഉദാ: നഴ്സിങ്, കടകളിലെ സ്റ്റാഫ്) കൂലി തീരെ കുറവാണെന്നു കാണാം. തൊഴിലാളി പ്രസ്ഥാനങ്ങളിലും സംഘാടനത്തിലും സ്ത്രീ പങ്കാളിത്തം ഉണ്ടായിട്ടും ഈ വ്യത്യാസം എന്തുകൊണ്ടാണ്? കേരളത്തിലെ സ്ത്രീകളുടെ കെയർ വർക്കിന്റെ തൊഴിലാളി പ്രസ്ഥാനങ്ങൾ ദുർബലമായ ഉത്തർപ്രദേശിലെയും സിക്കിമിലെയും കൂലി മാനദണ്ഡമാകുന്നത് എങ്ങനെ ശരിയാകും? സ്ത്രീകളുടെ കൂലിയുടെ കാര്യം വരുമ്പോൾ കേരളം സി.പി.എമ്മിന് സ്കാൻഡനേവിയയല്ല, ന്യൂയോർക്കല്ല, ഉത്തർപ്രദേശും സിക്കിമും ആകണമല്ലേ?’’
സമരത്തെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഉയർത്തിയ മറ്റൊരു എതിർ പ്രചാരണം, കേന്ദ്രത്തോടാണ് ആശാ വർക്കർമാർ സമരം ചെയ്യേണ്ടതെന്നതാണ്. ബി.ജെ.പി സർക്കാർ ഫെഡറൽ തത്ത്വങ്ങളെ കുരുതികൊടുത്ത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതും അവകാശങ്ങൾ കവർന്നെടുക്കുന്നതും ജനാധിപത്യവാദികൾ ഒന്നടങ്കം എതിർക്കുന്ന വിഷയമാണ്. ഇതിന്റെ മറവിൽ സംസ്ഥാന സർക്കാർ കടമകൾ കൈവെടിയുന്നതും ഭരണപരാജയത്തിന്റെ കെടുതികൾ ആശാ വർക്കർമാരുടെ തലയിൽ തള്ളിയിടുന്നതും മറ്റൊരു ഫാഷിസ്റ്റ് രീതിശാസ്ത്രം മാത്രമാണ്. ആശാ വർക്കർമാർക്ക് വേതന വർധനവും വിരമിക്കൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത് വിവിധ സംസ്ഥാന സർക്കാറുകൾതന്നെയാണ്. അതേ മാതൃക പിന്തുടരണമെന്നാണ് ഇവിടെയും ആവശ്യപ്പെടുന്നത്.
സമരവേദിയിൽ ഒരു കേന്ദ്ര സഹമന്ത്രി വന്നതും ബി.ജെ.പിയുടെ ചില നേതാക്കൾ അനുകൂല പ്രസ്താവന നടത്തിയതും സമരത്തെ ഹിന്ദുത്വവാദികൾ ഹൈജാക്ക് ചെയ്തെന്നതാണ് മറ്റൊരു പ്രചാരണം. ബഹുജന സമരങ്ങളിൽ ഇതൊക്കെ സ്വാഭാവികമായി നടക്കാറുള്ളതാണ്. മാത്രമല്ല, ഇന്ത്യയിലെ സംഘടിത തൊഴിലാളിവർഗം നടത്തുന്ന പൊതുപണിമുടക്കുകളിലും വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന സമരങ്ങളിലും ബി.ജെ.പിയുടെ തൊഴിലാളി സംഘടനയെ അയിത്തം കൽപിച്ച് മാറ്റിനിർത്താറില്ല. വിഴിഞ്ഞത്ത് ഇടതുപക്ഷവും ബി.ജെ.പിയും ഒത്തുചേർന്നത് എല്ലാവരും കണ്ടതാണ്. ഇപ്പോൾ ഇടതുപക്ഷ പ്രചാരകർ വലിയ കുറ്റമായി പറയുന്ന അണ്ണ ഹസാരെയുടെ ഉപവാസ വേദിയിൽ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും സന്നിഹിതയായിരുന്നു എന്ന വസ്തുതയും മറച്ചുപിടിക്കാനാവുന്നതല്ല.
എസ്.യു.സി.ഐ എന്ന സംഘടനയുടെ മുൻകൈയും അതിന്റെ ചില പ്രവർത്തകർ നേതൃത്വത്തിലുമുള്ളതിനാൽ ആശാ വർക്കർമാരുടെ സമരത്തിന് മൊത്തം പിശാച് ബാധയേറ്റിരിക്കുന്നു എന്ന മട്ടിലാണ് ഭീതിപരത്തുന്നത്. മുഖ്യധാര ഇടതുപക്ഷം പിൻവാങ്ങുന്ന ഇടങ്ങളിൽ ചെറു ഇടതുപക്ഷ സംഘടനകൾ ദൃശ്യപ്പെടുന്നത് കുറ്റകൃത്യമൊന്നുമല്ല. എന്നാൽ, തുരുപ്പുചീട്ട് ഉപയോഗിക്കുന്നതിലൂടെ ഇക്കൂട്ടർ സ്വന്തം കാലിൽതന്നെയാണ് പാറക്കല്ല് ഉരുട്ടിയിടുന്നതെന്നതാണ് വസ്തുത. അതായത്, എത്രമാത്രം എതിർപ്രചാരണം നടത്തിയാലും എസ്.യു.സി.ഐ എന്ന സംഘടനക്ക് വലിയ പരിക്ക് പറ്റാൻ പോകുന്നില്ല. അതിനുമാത്രം സംഘടനാ ശേഷിയോ അധികാര പങ്കാളിത്തമോ ആ സംഘടനക്കില്ല. ഇതേസമയം, മാർക്സിസ്റ്റുകാരുടെ എതിർപ്രചാരണം നേരിട്ട് തറക്കുന്നത് ആശാ വർക്കർമാരുടെ മേലിലാണ്. അവരെ ശിശുവത്കരിക്കുന്നതും മറ്റുള്ളവരുടെ കളിപ്പാട്ടമായി കാണുന്നതും ആത്മബോധമുള്ള സ്ത്രീകളിൽ വലിയ പിളർപ്പാണ് ഉളവാക്കുക.
ആശാ വർക്കർമാർ കൂലി കൂടുതൽ ചോദിക്കാൻ പാടില്ലെന്നും അവർ തൊഴിലാളി വർഗമെന്ന സ്റ്റാറ്റസ് ഉള്ളവരായി ‘ഉയർന്ന്’ കേന്ദ്രവിരുദ്ധ സമരംചെയ്യണമെന്നതുമാണ് ഏറ്റവും പുതിയ ഭരണകൂട തിട്ടൂരം. തൊഴിലാളിവർഗമെന്നത് ഒരു കർതൃത്വ സ്ഥാനമാണ്. ആ സ്ഥാനമില്ലാത്തവരുടെ സമരങ്ങളെ ‘തെണ്ടിവർഗത്തി’ന്റെ ഇടപാടുകളായി കാണുന്ന മാർക്സിസ്റ്റ് ബ്യൂറോക്രാറ്റിക് മനോഭാവമാണ് ഇത്തരം തിട്ടൂരങ്ങൾക്കു പിന്നിലെ പ്രേരക ശക്തി.
ആശാ വർക്കർമാരുടെ സമരം കാലതാമസം വന്നാൽകൂടി വിജയം വരിക്കുക തന്നെ ചെയ്യും. അതേസമയം കേരളീയ പൊതുജീവിതത്തിലെ അനിവാര്യമായ ഈ സ്ത്രീകൾക്കെതിരെ പ്രതികാര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മാർക്സിസ്റ്റ് ബ്യൂറോക്രാറ്റിക് ഭരണവർഗം നേരിടാൻ പോകുന്ന പ്രത്യാഘാതം സങ്കൽപിക്കാവുന്നതിലും അപ്പുറമായിരിക് ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.