സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ മേഖലകളിൽ സക്രിയമായ പല മാറ്റങ്ങളിലും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, ഒരു വിനോദോപാധി എന്ന നിലയിലാണ് അവ കൂടുതലായും ഉപയോഗിക്കപ്പെടുന്നതെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. ഉപയോക്താവിെൻറ വിനോദപരതയെ തൃപ്തിപ്പെടുത്തുന്ന പല ആപ്ലിക്കേഷനുകളും ഇന്ന് സോഷ്യൽമീഡിയയിൽ ലഭ്യവുമാണ്. നിർദോഷവും നിരുപദ്രവവും എന്നു തോന്നിക്കാവുന്ന ഇത്തരത്തിലുള്ള ‘ആപ്പു’കൾ ഫേസ്ബുക്കിലെ അലസസഞ്ചാരങ്ങൾക്കിടയിൽ നമുക്കു മുന്നിലേക്ക് വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ‘നിങ്ങൾ അടുത്ത ജന്മത്തിൽ ആരായിരിക്കും?’, ‘നിങ്ങളെ എത്രപേർ രഹസ്യമായി പ്രണയിക്കുന്നു?’, ‘ നിങ്ങളുമായി സാമ്യമുള്ള സിനിമാതാരം’, ‘നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?’ തുടങ്ങിയ തലക്കെട്ടുകളോടെയുള്ള ‘ആപ്പു’കൾക്ക് കൗതുകത്തിനെങ്കിലും പലരും തലവെച്ചുകൊടുക്കും. ഇത്തരം ആപ്പുകൾ ഉപയോക്താവിെൻറ ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തുമെന്നത് പുതിയ വാർത്തയൊന്നുമല്ലെങ്കിലും, അവ ഒരു രാഷ്ട്രത്തിെൻറ അജണ്ടയെത്തന്നെ മാറ്റിമറിക്കാൻ പര്യാപ്തമാണെന്ന സൈബർ ലോകത്തുനിന്നുള്ള വെളിപ്പെടുത്തൽ പലവിധ ആശങ്കകൾക്ക് വകനൽകുന്നുണ്ട്. ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക എന്ന കമ്പനി ഫേസ്ബുക്കിലൂടെ നൽകിയ ആപ്ലിക്കേഷൻ അഞ്ചു കോടി അമേരിക്കക്കാരുടെ വിവരങ്ങളാണത്രെ രഹസ്യമായി ശേഖരിച്ചത്. ഇൗ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രചാരണമാണ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായ സാഹചര്യമൊരുക്കിയതെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. സമാനമായ ഇടപെടൽ നമ്മുടെ രാജ്യത്തുമുണ്ടായി എന്നത് ഇൗ ആശങ്കയുടെ ആഴം വർധിപ്പിക്കുന്നുണ്ട്.
2014ൽ ട്രംപിെൻറ മനസ്സാക്ഷി സൂക്ഷിപ്പുകാരിലൊരാളായ സ്റ്റീവ് ബാനനാണ് കേംബ്രിജ് അനലറ്റിക്ക സ്ഥാപിച്ചത്. ഒരാളുടെ ‘ഡിജിറ്റൽ വ്യക്തിത്വം’ അളക്കുന്ന ‘ആപ്പാ’യിരുന്നു അത്. കേംബ്രിജ് സർവകലാശാലയിലെ സൈക്കോളജി വിഭാഗം അധ്യാപകനായ അലക്സാണ്ടർ കോഗൻ എന്നയാളാണ് ഇൗ ആപ് വികസിപ്പിച്ചത്. ഏതാനും ചില ലളിതമായ ചോദ്യങ്ങളടങ്ങുന്നതായിരുന്നു ഇത്. പേക്ഷ, ഇൗ ചോദ്യങ്ങൾക്കുള്ള മറുപടിയും ഉപയോക്താവിെൻറ ഫേസ്ബുക്ക് വിവരങ്ങളുമെല്ലാം അവലോകനം ചെയ്ത് അയാളുടെ രാഷ്ട്രീയ നിലപാടുകൾ അടക്കം മനസ്സിലാക്കുന്നതിനുള്ള ജോലി കേംബ്രിജ് അനലിറ്റിക അണിയറയിൽ ഒരുക്കിയിരുന്നു. ഇൗ ‘ആപ്പി’ൽ ചെന്നുപെട്ടത് 2.7 ലക്ഷം പേരാണ്. അവരുടെ ഫേസ്ബുക്ക് ചങ്ങാതിമാരടക്കം അഞ്ചു കോടി അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങളാണ് സ്റ്റീവ് ബാനനും സംഘവും ചോർത്തിയെടുത്തത്. തുടർന്ന്, ഇവരുടെ മനോനില ട്രംപിന് അനുകൂലമാക്കുന്നതിനുള്ള പോസ്റ്റുകൾ സമയാസമയങ്ങളിൽ നൽകിത്തുടങ്ങി. അതിൽ വ്യാജവാർത്തകളും എതിർസ്ഥാനാർഥിക്കെതിരായ അപകീർത്തി വാർത്തകളുമൊക്കെയുണ്ടായിരുന്നു. ഇതേ തന്ത്രം ബ്രെക്സിറ്റ് തെരഞ്ഞെടുപ്പിൽ ബ്രിട്ടനിലും പ്രയോഗിച്ചുവത്രെ. മൂന്നു വർഷത്തിനിടെ നൂറു തെരഞ്ഞെടുപ്പുകളിൽ കേംബ്രിജ് അനലറ്റിക്ക ഇടപെട്ടുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ആ സ്ഥാപനത്തിൽനിന്ന് രാജിവെച്ച ക്രിസ്റ്റഫർ വെയിൽ എന്ന ചെറുപ്പക്കാരൻ കരോൾ കാഡ്വെല്ലാഡർ എന്ന മാധ്യമ പ്രവർത്തകയുടെ സഹായത്തോടെയാണ് ഇൗ സംഭവം പുറംലോകത്തെത്തിച്ചത്. സംഭവത്തിൽ ബ്രിട്ടീഷ് പാർലമെൻറ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയിൽ ഡെമോക്രാറ്റുകൾ പ്രക്ഷോഭത്തിലാണ്. ഫേസ്ബുക്കിെൻറ വിശ്വാസ്യതക്ക് വലിയ കോട്ടം തട്ടിയ ഇൗ സംഭവത്തിൽ അതിെൻറ മേധാവി മാർക് സുക്കർബർഗ് ലോകത്തോട് മാപ്പ് പറഞ്ഞിരിക്കുന്നു; കേംബ്രിജ് അനലിറ്റികയുമായുള്ള ഇടപാടുകളും അവസാനിപ്പിച്ചിരിക്കുന്നു.
യൂറോപ്പിനെയും അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ച ഇൗ വിവാദത്തിെൻറ അലയൊലികൾ രണ്ടു ദിവസമായി നമ്മുടെ രാജ്യത്തുനിന്നും കേട്ടുകൊണ്ടിരിക്കുന്നു. ബി.ജെ.പിയെയും സഖ്യകക്ഷിയായ ജെ.ഡി.യുവിനെയും തങ്ങൾ സഹായിച്ചെന്ന് കേംബ്രിജ് അനലിറ്റികയുടെ വെബ്സൈറ്റ് തന്നെ പറയുന്നുണ്ട്. കേംബ്രിജ് അനലിറ്റികയുടെ ഇന്ത്യൻ ഘടകത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമീപിെച്ചന്ന് ബി.ജെ.പിയും ആരോപിക്കുന്നു. ഇൗ ആരോപണങ്ങളുടെ നിജഃസ്ഥിതി ഇനിയും പുറത്തുവരേണ്ടതാണെങ്കിലും ഏറെ ഗൗരവതരമാണ് കാര്യങ്ങളെന്ന് പറയാതെ വയ്യ. നിലവിൽ നമ്മുടെ ഭരണകൂടം പൗരെൻറ സ്വകാര്യതയിലേക്ക് കടന്നുകയറാൻ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. സ്വകാര്യതയെക്കുറിച്ച കേവലമായ ഇൗ ആശങ്കകൾക്കുമപ്പുറമാണ് ഇൗ ഡാറ്റ േചാർത്തൽ പ്രവണത. സെൻസസ് വിവരങ്ങളും മറ്റും ഉപയോഗിച്ച് തന്ത്രം മെനയുന്ന പരമ്പരാഗത രാഷ്ട്രീയ ശൈലിയെക്കാൾ എളുപ്പമാണ് ഇത്. വോട്ടറുടെ രാഷ്ട്രീയ ചായ്വ് എളുപ്പത്തിൽ മനസ്സിലാക്കി ഒാരോ പ്രദേശത്തും തങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ തക്ക വ്യാജ വാർത്തകൾ ഒഴുക്കിവിടാൻ ഇൗ ഡാറ്റ മതിയാകും. അമേരിക്കയെക്കാൾ ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യത്ത് ഇത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നല്ല, രാജ്യത്ത് ഭരണം പിടിക്കാൻ 30 ശതമാനം വോട്ടുതന്നെ ധാരാളമാണ്; ഇൗ പ്രൊപഗണ്ടയിലൂടെ എത്തിപ്പിടിക്കാവുന്ന വോട്ടുകൾ മാത്രമാണവ. തെരഞ്ഞെടുപ്പിനുമപ്പുറം, വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ ഗുജറാത്തിലും മുസഫർ നഗറിലുെമല്ലാം നാം കണ്ടതാണ്. അതിനാൽ, ആത്യന്തികമായി ഇൗ ദുഷ്പ്രവണത അപകടത്തിലാക്കുക നമ്മുടെ ജനാധിപത്യക്രമത്തെത്തന്നെയായിരിക്കും. അപകടം പതിയിരിക്കുന്ന ഇത്തരം ‘ആപ്പു’കളെ നിയന്ത്രിക്കാൻ നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് കൃത്യമായ നിയമങ്ങളില്ല. അതുകൊണ്ടുതന്നെ, എത്രയും വേഗത്തിൽ ഒരു ‘ഡാറ്റ സംരക്ഷണ നിയമം’ ഇൗ രാജ്യം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.