ഛത്തിസ്ഗഢിലെ യുവ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. മാവോയിസ്റ്റ് തീവ്രവാദ ഭീഷണിയിലുള്ള ബസ്താർ മേഖലയിൽ നടക്കുന്ന അഴിമതികൾ പുറത്തുകൊണ്ടുവന്ന ‘ബസ്താർ ജങ്ഷൻ’ എന്ന പ്രാദേശിക ടെലിവിഷൻ ചാനലിന്‍റെയും എൻ.ഡി.ടി.വിയുടെയും റിപ്പോർട്ടറായിരുന്ന മുപ്പത്തിമൂന്നുകാരനായ മുകേഷിന്‍റെ ജഡം ജനുവരി മൂന്നിന് ഒരു കോൺട്രാക്ടറുടെ സെപ്റ്റിക് ടാങ്കിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. ബസ്താറിൽ 120 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന റോഡ് പദ്ധതിയിലെ വെട്ടിപ്പും അഴിമതിയും പുറത്തുകൊണ്ടുവന്ന ഡിസംബർ 25ലെ ചാനൽ റിപ്പോർട്ടാണ് നിർമാണം ഏറ്റെടുത്ത കരാറുകാരെ പ്രകോപിപ്പിച്ചത് എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി വിജയ് ശർമ പറയുന്നു.
11 അംഗ പ്രത്യേകാന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. കരാറുകാരായ സഹോദരങ്ങളിലൊരാളുടെ വാർത്തസമ്മേളനത്തിൽ ജനുവരി ഒന്നിന് സംബന്ധിച്ച മുകേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുനാൾ കഴിഞ്ഞ് ജഡം കണ്ടെടുത്തത്. തലക്കും നെഞ്ചിനും ഇടിച്ചും കഴുത്തിൽ മുറുക്കിയും ക്രൂരമായി പീഡിപ്പിച്ച് കൊന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരിയറിലെ ഏറ്റവും ഭീകരമായ അനുഭവമെന്നുവരെ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പൊലീസ് പരിശോധിച്ചതിന്റെ വെളിച്ചത്തിൽ റോഡ് കരാറുകാരായ മൂന്നു സഹോദരങ്ങളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
മാവോവാദി ശക്തികേന്ദ്രമായ ബസ്തറിന്‍റെ ഉൾഭാഗങ്ങളിൽ ചെന്ന് വാർത്തകൾ പുറത്തെത്തിച്ചിരുന്ന മുകേഷിന്‍റെ റിപ്പോർട്ടുകൾക്ക് വമ്പിച്ച ജനപ്രീതിയായിരുന്നു. 2021ൽ മാവോവാദികൾ തട്ടിയെടുത്ത സി.ആർ.പി.എഫ് കമാൻഡോയെ മോചിപ്പിക്കാൻ മുകേഷിന്‍റെ ചിരപരിചയം ഭരണകൂടം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാവോവാദത്തിന്‍റെ വേരറുക്കാൻ എന്നു പ്രഖ്യാപിച്ച് പ്രദേശവികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വൻതോതിൽ ഫണ്ടിറക്കാൻ തുടങ്ങിയതോടെ ബസ്തർ മേഖല അഴിമതിക്കാരുടെ അക്ഷയഖനിയായി മാറി. അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ മറവിൽ മേഖലയിൽ നടക്കുന്ന അഴിമതികളിലേക്ക് മുകേഷിന്‍റെ കാമറയും ശബ്ദവും കടന്നുചെന്നത് കുത്തകകളെയും കരാറുകാരെയും പ്രകോപിപ്പിച്ചു.
റോഡു നിർമാണം, ഖനന കരാർ എന്നിവയിൽ കോടികളുടെ പൊതുഫണ്ട് കവർച്ചയാണ് നടക്കുന്നതെന്ന് മാസങ്ങളായി മുകേഷ് റിപ്പോർട്ട് ചെയ്തു. ഫണ്ട് കീശയിലിട്ട് പണി മുഴുമിക്കാതിരുന്നതോടെ കരാറുകൾ പലതും പാതിവഴിയിൽ നിലച്ചു. നിർമാണത്തിലെ ഗുരുതരവീഴ്ചകൾ കാരണം പേമാരിയിലും പ്രളയത്തിലും സ്കൂളുകളും കെട്ടിടങ്ങളും തകർന്നുവീണു. അപ്പോഴും കരാറുകാർ അർഥത്തിന്‍റെയും അധികാരത്തിന്‍റെയും തണലിൽ സസുഖം വാണു. അഴിമതിയും അധോലോക പ്രവർത്തനവും സജീവമായി തുടരുന്നവർ ജനമധ്യത്തിൽ ജീവകാരുണ്യ പ്രവർത്തകരുടെ വേഷം കെട്ടി. ഇത്തരക്കാരുടെ മുഖംമൂടി പിച്ചിച്ചീന്താനും മുകേഷ് ധൈര്യം കാട്ടി. അതിന് ജീവൻതന്നെ പിഴയായി നൽകേണ്ടിവരുകയും ചെയ്തു.
മുകേഷ് ഒരു അപവാദമല്ല. അധികാരികളും കോർപറേറ്റ് കുത്തകകളും സഖ്യം ചേർന്ന ഉദാരീകരണാനന്തര ലോകത്ത് ഇത്തരം കുരുതികൾ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങൾ ഒളിപ്പിച്ച സത്യങ്ങൾ വെളിച്ചത്താക്കുന്നവരെ വെച്ചേക്കില്ല എന്ന നിശ്ചയത്തിലാണ് അഴിമതിയുടെ അധോലോക അച്ചുതണ്ട് എന്ന് ഇന്ത്യയുടെ സമീപകാല അനുഭവം തെളിയിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഏറെക്കാലമായി മാധ്യമപ്രവർത്തനവും പ്രവർത്തകരും തൊഴിൽസ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും ജീവഹാനിക്കും മറ്റു കഷ്ടനഷ്ടങ്ങൾക്കും വർധിച്ച തോതിൽ ഇരയാകുന്നുമുണ്ട്.
2014ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയ ശേഷമുള്ള ഒറ്റപ്പതിറ്റാണ്ടിൽ 28 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അതിൽ പാതിയും വനം, പരിസ്ഥിതി മേഖലയിൽ പ്രവർത്തിച്ച റിപ്പോർട്ടർമാരായിരുന്നു. അനധികൃത നിർമാണവും അഴിമതിയും വെളിച്ചത്തു കൊണ്ടുവന്നതാണ് അവർ ചെയ്ത ‘പാപം’. 2003 മുതൽ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ആകെയുള്ള 180 രാജ്യങ്ങളിൽ ഇന്ത്യ നൂറാം സ്ഥാനത്ത് നിൽക്കുന്നത് വെറുതെയല്ല എന്നു സാരം. അത് പോയിപ്പോയി 2023ൽ 161ൽ എത്തി. കഴിഞ്ഞ വർഷം സൂചികയിൽ 159 ആണ് രാജ്യത്തിന്‍റെ സ്ഥാനം. സമീപദേശങ്ങളിൽ ഇന്ത്യയോട് ഒപ്പം നിൽക്കുന്നത് ബംഗ്ലാദേശ് മാത്രം.
മാധ്യമപ്രവർത്തനത്തെ നിശ്ശബ്ദമാക്കാനും കുഴിച്ചുമൂടാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളും അവരുടെ പ്രായോജകരോ പങ്കാളികളോ ആയ കോർപറേറ്റുകളും നടത്തുന്ന ഒത്തുപിടിച്ച ശ്രമത്തിന്‍റെ ക്രൂരമായ ആവിഷ്കാരമായി മാധ്യമപ്രവർത്തകനെ കൊന്നു മാലിന്യടാങ്കിൽ തള്ളി സ്ലാബിട്ട് മൂടിയ ക്രൂരത. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും പണം കൊടുത്തു പാട്ടിലാക്കിയും പൂർണമായി വഴക്കിയെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ കണ്ടുവരുന്നത്.
അതിനു തയാറല്ലാത്തവരെ ഉന്മൂലനം ചെയ്യാനും മടിയില്ലെന്ന് ഇന്ത്യയിൽ അടിക്കടി ആവർത്തിക്കുന്ന ഇത്തരം കൊലപാതകങ്ങൾ തെളിയിക്കുന്നു. ജനാധിപത്യത്തെ അധികാരത്തിലേക്കുള്ള വഴിയായി ഉപയോഗിച്ചവർത്തന്നെ അതിനെ കഴുത്തു ഞെരിച്ചുകൊല്ലുന്ന കാഴ്ചയാണ് മുകേഷ് വധത്തിലും ആവർത്തിച്ചിരിക്കുന്നത്. കാശുകൊടുത്തും കഴുത്തിനുപിടിച്ചും മാധ്യമപ്രവർത്തകരെ നിശ്ശബ്ദമാക്കുന്നവർ ജനാധിപത്യത്തെ അഴുകാൻ വിടുകയാണ്. മാധ്യമസ്വാതന്ത്ര്യമില്ലെങ്കിൽ അധികാര ദുർവിനിയോഗത്തിലേക്കും അതുവഴി ജനാധിപത്യത്തിന്‍റെ ഗളച്ഛേദത്തിലേക്കുമാണ് നാടു നീങ്ങുന്നതെന്നു തിരിച്ചറിഞ്ഞ്, പ്രതിശബ്ദങ്ങളും പ്രതിഷേധങ്ങളും ഉയർന്നേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.