സുപ്രീംകോടതി ഗുരുതരമായ ഒരു തെറ്റ് തിരുത്തിയിരിക്കുന്നു. ഒരു പ്രതിയെ വധശിക്ഷക്ക് വിധിച്ചതിലും അയാളുടെ അപേക്ഷ നിരസിച്ചതിലും പിഴവുപറ്റിയെന്ന് ഏറ്റുപറഞ്ഞ് മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നു. നീതിപീഠം തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുമ്പോഴേക്ക് ആ ചെറുപ്പക്കാരന് കാരിരുമ്പഴിക്കുപിന്നിൽ ഹോമിക്കേണ്ടിവന്നത് നീണ്ട 25 വർഷമാണ്.
1994ൽ ഡറാഡൂണിൽ ഒരു സൈനിക ഓഫിസറെയും കുടുംബത്തിലെ രണ്ടുപേരെയും കൊലചെയ്ത കേസിൽ പ്രതിയായിരുന്ന ഉത്തരാഖണ്ഡ് സ്വദേശിക്ക് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല എന്ന പ്രതിയുടെ വാദം ഹൈകോടതിയും സുപ്രീംകോടതിയുമൊന്നും ചെവിക്കൊണ്ടില്ല. അപ്പീലുകൾ ഒന്നൊന്നായി തള്ളപ്പെട്ടു. മരണവക്കിൽ നിൽക്കെ ഉത്തരാഖണ്ഡ് ഗവർണർ മുമ്പാകെ സമർപ്പിച്ച ദയാഹരജിയും വിലപ്പോയില്ല. ഒടുവിൽ 2012ൽ തന്റെ രാഷ്ട്രപതിപദത്തിന്റെ അവസാന നാളുകളിൽ പ്രതിഭാ പാട്ടീൽ ഒരിറ്റ് മനുഷ്യപ്പറ്റ് കാണിച്ചതുകാരണം വധശിക്ഷ, അറുപത് വയസ്സുവരെ മോചിതനാക്കില്ലെന്ന വ്യവസ്ഥയോടെ ജീവപര്യന്തമായി ചുരുക്കപ്പെട്ടു. അതുകൊണ്ടുമാത്രം നീതിപീഠത്തിന്റെ പിഴവിനെതിരെ തന്റെ അമ്മ നടത്തിയ പോരാട്ടം സഫലമാവുന്നത് കാണാൻ അയാൾ ഭൂമിയിൽ അവശേഷിച്ചു.
പ്രതിയെ വെറുതെവിട്ടുകൊണ്ട് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് എഴുതിയ വിധി ഒരു ഏറ്റുപറച്ചിലാണ്. പ്രതിയുടെ അപേക്ഷ നിരസിച്ചതിൽ എല്ലാ കോടതികളും അനീതി കാണിച്ചുവെന്നും രേഖകൾ അവഗണിക്കപ്പെട്ടുവെന്നുമുള്ള തുറന്ന കുറ്റസമ്മതം. പ്രതീക്ഷയുടെ അവസാന തുള്ളിയും തേടിപ്പോകാൻ പ്രതിയും അമ്മയും തുനിഞ്ഞിറങ്ങിയില്ലായിരുന്നുവെങ്കിൽ, പ്രതിഭാ പാട്ടീൽ ഉപേക്ഷ പുലർത്തുകയും ദയാഹരജികൾ തള്ളുന്നതിൽ ഹരംകൊണ്ടിരുന്ന പിൻഗാമിയുടെ കൈയിലേക്ക് ഈ അപേക്ഷ എത്തുകയും ചെയ്തിരുന്നുവെങ്കിൽ ഏറെ വൈകിയാണെങ്കിലും പരമോന്നത നീതിപീഠത്തിന്റെ തെറ്റുതിരുത്തൽ കേൾക്കാൻ നമുക്കാവുമായിരുന്നില്ല.
വധശിക്ഷക്കെതിരെ ഉയരുന്ന വാദമുഖങ്ങളെ കൂടുതൽ ശക്തപ്പെടുത്തുന്നതാണ് ഈ സംഭവം. താൻ മൈനറാണെന്ന പ്രതിയുടെ വാദം കോടതികൾ ചെവിക്കൊണ്ടില്ലെന്ന് പറഞ്ഞുവല്ലോ, പ്രായനിർണയം നടത്തുന്ന എല്ലുപരിശോധന (ബോൺ ഓസിഫിക്കേഷൻ ടെസ്റ്റ്) യുടെ ഫലം പക്ഷേ പ്രതിക്ക് അനുകൂലമായിരുന്നു. പിന്നാക്ക-ദുർബല സമൂഹങ്ങളിൽ നിന്നുള്ളവരാണ് രാജ്യത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ 90 ശതമാനത്തിലേറെയും എന്ന സിദ്ധാന്തം ഈ കേസിലും ശരിയായിരുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വീട്ടിലെ ഉദ്യാനപാലകനായിരുന്നു പ്രതി. ഒരു വീട്ടിലോ സ്ഥാപനത്തിലോ എന്തെങ്കിലുമൊരു കുറ്റകൃത്യം നടന്നാൽ സംശയത്തിന്റെ ആദ്യനോട്ടം അവിടത്തെ കീഴ്ജീവനക്കാർക്കുമേൽ പതിക്കുന്ന കുപ്രസിദ്ധമായ ഇന്ത്യൻ മുൻവിധി ഈ കേസിന്റെ അന്വേഷണ ഘട്ടത്തിലും ഉദ്യോഗസ്ഥരെ ആവേശം കൊള്ളിച്ചിരിക്കാം. കുറ്റക്കാരനെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും രാഷ്ട്രമനഃസാക്ഷിയെ തൃപ്തിപ്പെടുത്താൻ വധശിക്ഷ വിധിക്കുന്ന ജഡ്ജിമാർ വാണരുളിയ നാടാണിത്.
പ്രതിയുടെ നഷ്ടമായ വർഷങ്ങളെക്കുറിച്ച് സഹതാപം കൂറുന്നുണ്ട് കോടതി. അത് വെറുംവാക്കിലൊതുക്കേണ്ടതായിരുന്നില്ല. നീതിപീഠങ്ങളുടെ മുൻവിധിയും അവഗണനയും അക്ഷരത്തെറ്റുകളും മൂലം വർഷങ്ങളും വസന്തങ്ങളും നഷ്ടമായ ആദ്യത്തെ മനുഷ്യനല്ല അയാൾ, അവസാനത്തെയാളാകുമെന്ന് പ്രത്യാശിക്കാനുള്ള സാഹചര്യവും സമകാലിക ഇന്ത്യയിലില്ല. കെട്ടിച്ചമച്ച തീവ്രവാദ-ഭീകരാക്രമണക്കേസുകളിൽ പ്രതിചേർക്കപ്പെട്ട്, മാധ്യമവിചാരണകളും നാടിന്റെ ശാപവാക്കുകളും കേട്ട് പതിറ്റാണ്ടുകൾ തടവറകളിൽ തള്ളിനീക്കി ജീവിതം കരിമ്പിൻചണ്ടികണക്കെ നശിച്ചുപോയ നിരപരാധികളുടെ പട്ടികകൾ നമുക്ക് മുന്നിലുണ്ട്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അന്യായമായി കവർന്ന സാഡിസ്റ്റ് മനഃസ്ഥിതിയുള്ള ഉദ്യോഗസ്ഥരെയും ന്യായാധിപ പടുക്കളെയുംകൊണ്ട് ഇതിന് സമാധാനം പറയിക്കാൻ വ്യവസ്ഥയില്ലാത്തിടത്തോളം കാലം ആ പട്ടികകൾക്ക് ഇനിയും നീളംവെക്കും.
പ്രമാദമായ ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് മനുഷ്യാവകാശ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ച വാർത്ത കൂടി ഇതിനൊപ്പം ചേർത്ത് വായിച്ചുനോക്കുക. ആറര വർഷത്തോളം ജയിൽ വാസം പിന്നിട്ട ശേഷമാണ് മലയാളിയായ റോണ വിൽസൺ, മഹാരാഷ്ട്രയിലെ സാമൂഹിക പ്രവർത്തകൻ സുധീർ ധാവ് ലെ എന്നിവർക്ക് ജാമ്യം നൽകിയിരിക്കുന്നത്. ഇവർ എന്തെങ്കിലും കുറ്റം ചെയ്തതായി ഏതെങ്കിലും കോടതികൾ കണ്ടെത്തിയിട്ടില്ല. 2018ൽ രജിസ്റ്റർ ചെയ്ത, ഇനിയും കുറ്റം ചുമത്തിയിട്ടില്ലാത്ത കേസിൽ വിചാരണ കാത്തുകഴിയുകയായിരുന്നു അര വ്യാഴവട്ടം. മലയാളിയായ ഡോ. ഹാനി ബാബു ഉൾപ്പെടെ ഇനിയും ഒട്ടേറെ പൗരാവകാശ പ്രവർത്തകരും അക്കാദമീഷ്യന്മാരും ട്രേഡ് യൂനിയൻ നേതാക്കളുമെല്ലാം ഈ കേസിലും കെട്ടിച്ചമക്കപ്പെട്ട മറ്റു കേസുകളിലും സമാനമായ ‘ശിക്ഷ’ അനുഭവിക്കുന്നുണ്ട്. തങ്ങളുടെ അറിവും അലിവും കൊണ്ട് സമൂഹത്തിന് ഒട്ടേറെ സംഭാവനകളർപ്പിച്ച മനുഷ്യരെ അന്യായമായി തടവറയിൽ തള്ളുമ്പോൾ ആ വ്യക്തികളുടെയല്ല, ഈ രാജ്യത്തിന്റെ വിലപ്പെട്ട വർഷങ്ങളാണ് നഷ്ടമാവുന്നത്. അതിന് ആരാണ് പരിഹാരം നൽകുക, പ്രായശ്ചിത്വം ചെയ്യുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.