അതിതീവ്രമായ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന വാജിദ് കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ശേഷം ഇന്ത്യയുമായി ഉറ്റസൗഹൃദം പുലർത്തിവന്ന നമ്മുടെ അയൽരാജ്യം നേരെ വിപരീതദിശയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ മധ്യപ്രദേശിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയിൽ ഫെബ്രുവരി 10 മുതൽ നടക്കേണ്ട ജുഡീഷ്യൽ പരിശീലന പരിപാടി ബംഗ്ലാദേശ് കാൻസൽ ചെയ്തിരിക്കുകയാണ്. 50 ജഡ്ജിമാരും ജുഡീഷ്യൽ ഓഫിസർമാരും പ​ങ്കെടുക്കേണ്ട പ്രസ്തുത ട്രെയിനിങ് പരിപാടി നേരത്തേ ഉഭയകക്ഷി തീരുമാനപ്രകാരം ഷെഡ്യൂൾ ചെയ്യപ്പെട്ടതായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഹസീനക്കെതിരെ ബംഗ്ലാദേശിലെ കോടതി രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം പൗരരെ പിടികൂടി രഹസ്യസ​ങ്കേതങ്ങളിൽ പാർപ്പിക്കുകയോ അപ്രത്യക്ഷരാക്കുകയോ ചെയ്ത കേസുകൾ കോടതികളിൽ ഫയൽ ചെയ്യപ്പെട്ടതിനെ തുടർന്ന് ഡിസംബറിൽ അവരെ കൈമാറണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയോടാവശ്യപ്പെട്ടിരുന്നതാണ്. ഇന്ത്യ അതിനു തയാറാവാത്ത സാഹചര്യത്തിലാണ് വീണ്ടും വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹസീനയെ നിയമാനുസൃതം വിചാരണ ചെയ്ത് കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ അർഹമായ ശിക്ഷ നൽകണമെന്നാണ് ബംഗ്ലാദേശ് സർക്കാറിന്റെയും കോടതിയുടെയും നിലപാട്.

അവാമി ലീഗ് ഭരണത്തിലിരുന്ന കാലമത്രയും ഇന്ത്യയുമായുള്ള ബന്ധങ്ങൾ സൗഹാർദപരമായിരുന്നു എന്നുമാത്രമല്ല ഇന്ത്യ-ബംഗ്ലാദേശ് കരാറുകൾ ഇരു രാജ്യങ്ങൾക്കും പരമാവധി ഗുണകരവുമായിരുന്നു. വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, ഇന്ധന ഇടപാടുകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ പരസ്പരം സഹായിച്ചതിനോടൊപ്പം ബംഗ്ലാദേശ് സൈനികർക്ക് ഇന്ത്യ പരിശീലനവും നൽകിപ്പോന്നു. മറുവശത്ത് പാകിസ്താനുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം തീരെ മോശമായി തുടരുകയും ചെയ്തു. ഈയവസ്ഥക്കാണ് വിദ്യാർഥി-ബഹുജന പ്രക്ഷോഭത്തിൽ ഹസീന സർക്കാർ നിലംപതിച്ചതോടെ സമൂല മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല ഭരണസംവിധാനത്തിൽ പങ്കാളികളായവരിൽ മിക്കവരും കടുത്ത ഇന്ത്യവിരുദ്ധരാണെന്നതിനു പുറമെ, കഴിഞ്ഞ കാലത്ത് അവാമി ലീഗ് സർക്കാർ ചെയ്തുകൂട്ടിയ അത്യാചാരങ്ങൾക്ക് അയൽരാജ്യം കൂട്ടുനിന്നു എന്ന ആരോപണവും അവർക്കുണ്ട്. പ്രധാന പ്രതിപക്ഷമായ ബി.എൻ.പിയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും നേരെ നേതാക്കളുടെ തൂക്കിക്കൊല ഉൾപ്പെടെ ആത്യന്തിക നടപടികൾ സ്വീകരിച്ചത് നീതിയും രാഷ്ട്രാന്തരീയ നിയമങ്ങളും പാടെ ബലികഴിച്ചാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. ഈയാവശ്യം പക്ഷേ, ഉടനടി സ്വീകരിക്കാൻ നമ്മുടെ സർക്കാറിനുള്ള പ്രയാസം മനസ്സിലാക്കാനാവും. അതേയവസരത്തിൽ അനിശ്ചിതമായി ഈ സന്ദിഗ്ധാവസ്ഥ നീട്ടിക്കൊണ്ടുപോവാനും മോദിസർക്കാറിനാവില്ല. കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന സർക്കാർ വളരെ കരുതലോടെയാണ് പ്രതികരിക്കുന്നതെന്ന് വ്യക്തമാണ്. ഒരു പ്രധാന കാരണം പുതിയ ബംഗ്ലാദേശ് ഭരണകൂടം ചൈനയോടും പാകിസ്താനോടും അടുക്കാനാണ് ശ്രമിക്കുന്നതെന്ന വസ്തുതതന്നെ. അതോടൊപ്പം 1971ലെ യുദ്ധാവസ്ഥയിലെന്നപോലെ ബംഗ്ലാദേശിൽനിന്നുള്ള അഭയാർഥികൾ രാജ്യത്തേക്ക് പ്രവഹിച്ചാലുള്ള സങ്കീർണസ്ഥിതിവിശേഷവും ലഘുവായി കാണാനാവില്ല. ഏതുവിധത്തിലെ നുഴഞ്ഞുകയറ്റവും പ്രതിരോധിക്കാനാണ് നമ്മുടെ സർക്കാറിന്റെ തീരുമാനം. യന്ത്രസാമഗ്രികൾ, തുണിത്തരങ്ങൾ, കെമിക്കൽസ് തുടങ്ങി ഒട്ടേറെ ചരക്കുകൾ ഇന്ത്യ വൻതോതിൽ ബംഗ്ലാദേശിലേക്ക് കയറ്റി അയക്കാറുണ്ടായിരുന്നത് നിലച്ചതും രാജ്യത്തിന് ഉത്കണ്ഠക്ക് ഇടം നൽകുന്നതാണ്.

അതേസമയം, ഹിന്ദു-ബുദ്ധ-ക്രൈസ്തവ ന്യൂനപക്ഷങ്ങൾ അയൽരാജ്യത്ത് കടുത്ത ആക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്നതായ പ്രചാരണം ഇന്ത്യയിൽ മുറക്ക് തുടരുന്നതും പരസ്പരബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ന്യൂനപക്ഷങ്ങളുടെ നേരെ നടക്കുന്ന അക്രമസംഭവങ്ങളിൽ നമ്മുടെ രാജ്യത്തിനുള്ള ഉത്കണ്ഠ സർക്കാർ ഔദ്യോഗികമായിത്തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ അതേച്ചൊല്ലി വ്യാപകമായി അരങ്ങേറുന്ന പ്രചാരണങ്ങൾക്കോ ആരോപണങ്ങൾക്കോ ഒരടിസ്ഥാനവുമില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങേയറ്റം അതിശയോക്തിപരമായി പ്രചരിപ്പിക്കുകയാണ് ഇന്ത്യ എന്നവർ പ്രതികരിക്കുന്നു. അവാമി ലീഗ് ഭരണത്തിലിരുന്ന കാലത്തും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്നാരും അതു പ്രശ്നമാക്കിയില്ല, ഹസീനയുടെ പതനത്തിനു ശേഷം പക്ഷേ, നിറംപിടിപ്പിച്ച കഥകളുമായി ബംഗ്ലാവിരുദ്ധർ രംഗത്തിറങ്ങുകയാണ് എന്നാണ് വാദം. ഹസീന അധികാരത്തിൽനിന്ന് പുറത്തായത് ഉൾക്കൊള്ളാൻ ഇന്ത്യയിൽ പലർക്കും കഴിയുന്നില്ലെന്നതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടുന്നു ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിൽ ബംഗ്ലാദേശ് സർക്കാറിന്റെ മാധ്യമ സെക്രട്ടറി ശഫീഖുൽ ഇസ്‍ലാം. ഇപ്പോൾ നടക്കുന്ന അക്രമസംഭവങ്ങളിൽ അവാമി ലീഗുകാരും പങ്കാളികളാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിൽ സംഘ്പരിവാറിന്റെ അതേരീതിയിൽ രൂപംകൊണ്ടതാണ് ബംഗ്ലാദേശ് ഹിന്ദു ജാഗരൺ മഞ്ച്. ഇസ്കോണിലെ സന്യാസി ചിന്മയദാസ് തീവ്രവാദികളുടെ നേതാവായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തെ ജയിലിൽനിന്ന് വിട്ടയക്കണമെന്ന ഇന്ത്യയിൽനിന്നുതിരുന്ന മുറവിളികൾക്ക് ബംഗ്ലാദേശിൽനിന്ന് അനുകൂല പ്രതികരണമുണ്ടാവാത്തതും അതുകൊണ്ടുതന്നെ. എന്തായാലും ‘ഇന്ത്യ സുപ്രധാന അയൽരാജ്യമാണ്. നീതിയിലധിഷ്ഠിതമായ ബന്ധങ്ങളാണ് രണ്ടു രാജ്യങ്ങൾക്കുടമിയിൽ ഉണ്ടാവേണ്ടത്’ എന്ന ബംഗ്ലാദേശ് സൈന്യത്തലവൻ ജനറൽ വഖിറുസ്സമാന്റെ അഭിപ്രായമാണ് ഭാവിയെ സംബന്ധിച്ചിടത്തോളം പ്രസക്തമാവുന്ന കാര്യം. എല്ലാ അയൽരാഷ്ട്രങ്ങളോടും ഒരേസമയം പിണങ്ങിനിൽക്കുക ഒരു രാജ്യത്തിന്റെയും ഉത്തമതാൽപര്യങ്ങൾക്ക് ഹിതകരമല്ല.

Tags:    
News Summary - Madhyamam Editorial 2025 Jan 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.