ചെ ഗുവേരയുടെ ചിത്രവും ‘‘അടിച്ചമർത്തലിനും അടിമത്തത്തിനുമെതിരിൽ നീ ശബ്ദമുയർത്തുന്നുവെങ്കിൽ നീയും ഞാനും സഖാക്കളാണ്’’ എന്ന വചനവും ചുമരായ ചുമരുകളിലും പതാകകളിലും ടീഷർട്ടുകളിലുമെല്ലാം സാർവദേശീയ തലത്തിൽതന്നെ ആലേഖനം ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാർ. രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ ഇന്ത്യയിൽ ഏറ്റവുമധികം ഭരണകൂട അടിച്ചമർത്തലും അതിക്രമങ്ങളും നേരിട്ടതും അവർതന്നെ. തോക്കിന്റെ പാത്തികൊണ്ട് അടിയേറ്റ് പൊട്ടിയ തലയിൽനിന്നൊലിച്ചുവീണ ചോരയിൽ വിരൽ മുക്കി ജയിൽ ചുമരിൽ അരിവാളും ചുറ്റികയും വരച്ചിട്ട ഒഞ്ചിയത്തെ സഖാവ് മണ്ടോടി കണ്ണൻ രക്തസാക്ഷിയായത് ‘സ്വതന്ത്ര ഇന്ത്യ’യിൽവെച്ചാണ്. രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ഏറിയും കുറഞ്ഞും നടമാടി. മർദക ഭരണകൂടങ്ങളും അവരുടെ കൂലിപ്പൊലീസും എവ്വിധമെല്ലാം ക്രൂരമായി പ്രവർത്തിക്കുമെന്ന് ഏറ്റവും നന്നായി അറിയുന്ന കമ്യൂണിസ്റ്റുകാർക്ക് ഭരണം കിട്ടിയാൽ ഇതിനെല്ലാം അറുതിവരുമെന്നാണ് ശുദ്ധമനസ്സുകൾ വിശ്വസിച്ചുപോന്നത്. പക്ഷേ, സംഭവിച്ചതോ? കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളം ഭരിക്കുന്ന കാലത്ത് ‘ഏറ്റുമുട്ടൽ കൊലപാതക’ങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും പുതിയ റെക്കോഡുകൾ സ്ഥാപിക്കപ്പെട്ടു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് വഴിമാറി ഒഴുകിയ നക്സലൈറ്റ്, മാവോയിസ്റ്റ് കൈവഴികൾ രാജ്യത്ത് നാശം വിതച്ചേക്കുമെന്ന് കേന്ദ്ര സർക്കാറുകളും രഹസ്യാന്വേഷണ സംഘങ്ങളും പതിറ്റാണ്ടുകൾ മുമ്പേ പറയുന്നുണ്ട്. ക്രിസ്തുമാർഗത്തിൽ ജീവിതം നിസ്വജന്മങ്ങൾക്കായി സമർപ്പിച്ച സ്റ്റാൻ സ്വാമി എന്ന 84 വയസ്സുകാരൻ പാതിരിയെ ഉൾപ്പെടെ പിടിച്ചുകൊണ്ടുപോകുന്ന മനുഷ്യാവകാശ പ്രവർത്തകരെയും കവികളെയും അഭിഭാഷകരെയുമെല്ലാം ഭരണകൂടം ഇതേ പേരാണ് വിളിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ മർദനങ്ങളെ അതിജീവിക്കാനായ കേരള നക്സലൈറ്റുകളിൽ ഭൂരിഭാഗവും തമ്മിലടിച്ചും പരസ്പരം പുറത്താക്കിയും സ്വയമേവ ഇല്ലാതായിരുന്നു. ചിലർ പശ്ചാത്തപിച്ച് ഭക്തിമാർഗത്തിലായി, മറ്റു ചിലർ ഭൂതകാലവിൽപനക്കാരുമായി. കേരളത്തിലെ മാവോയിസ്റ്റ് കൈവഴി വെള്ളമില്ലാതെ വറ്റിവരണ്ടുകിടക്കുന്ന കാലത്താണ് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നുവെന്ന പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ നിലമ്പൂരിലും വയനാട്ടിലും കണ്ണൂരിലും അട്ടപ്പാടിയിലുമെല്ലാം ചുവന്ന മഷികൊണ്ടെഴുതിയ വിപ്ലവ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു, രാത്രികാലങ്ങളിൽ വീടുകളുടെ വാതിൽ മുട്ടിവിളിച്ച് മാവോയിസ്റ്റുകളാണെന്ന് പരിചയപ്പെടുത്തിയ യുവതീയുവാക്കൾ അരിയും പഞ്ചസാരയും ആവശ്യപ്പെട്ടു. അതോടെ കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തിന് തെളിവായി. അവരെ പിടിക്കാനെന്ന പേരിൽ തണ്ടർബോൾട്ടെന്നൊരു സേന തോക്കും തിരകളുമായി കാടുകയറി. 2016 നവംബർ 24ന് കരുളായി വരയൻമലയിൽവെച്ച് കുപ്പു ദേവരാജ്, അജിത എന്നിവരെ വെടിവെച്ചുകൊന്നു. ഈ കൊലപാതകം കേരളത്തിന്റെ സമാധാനപരിപാലനത്തിന് അത്യാവശ്യമായിരുന്നുവെന്ന പൊലീസ് സേനയുടെ വിശദീകരണം സർക്കാർ ആവർത്തിച്ചു,അണികൾ അത് ഏറ്റുപാടി. എന്നാൽ, അനീതിയെ അങ്ങനെ ശരിവെച്ചുകൊടുക്കാൻ മനസ്സില്ലെന്നും ഭരണകൂട കൊലപാതകം അംഗീകരിക്കാനാവില്ലെന്നും തറപ്പിച്ചുപറയുന്ന, ചെ ഗുവേരയെ നെഞ്ചിൽ കൊണ്ടുനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരൻ ഈ ഭൂമിമലയാളത്തിൽ അവശേഷിച്ചിരുന്നു. ഗ്രോ വാസുവേട്ടൻ എന്ന് കേരളം സ്നേഹത്തോടെ വിളിക്കുന്ന എ. വാസു എന്ന വയോധികൻ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചു. ആളെക്കൊല്ലാൻ മടിയില്ലാത്ത പൊലീസ് അതിന്റെ പേരിൽ കേസെടുത്തു, ഏഴു വർഷങ്ങൾക്കുശേഷം ഈ മഹാപാതകിയെ അറസ്റ്റും ചെയ്തു. മാപ്പുപറഞ്ഞാലോ ആയിരം രൂപ പിഴയടച്ചാലോ അവസാനിക്കുമായിരുന്ന കേസാണ്. പക്ഷേ, തെറ്റുചെയ്യാത്ത താൻ മാപ്പുപറയുകയോ ജാമ്യത്തിനപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് ഈ മനുഷ്യന്റെ ബോധ്യം. അതിനാൽ നിർഭയം ജയിലിലേക്കു പോയി. അയിനൂർ വാസു എന്ന 94കാരൻ ജയിലിലടക്കപ്പെടുന്നത് ഇതാദ്യമായൊന്നുമല്ല. 1946ൽ 16ാം വയസ്സിൽ കോഴിക്കോട് കോമൺവെൽത്ത് തുണിമിൽ തൊഴിലാളിയായി ആരംഭിച്ച പൊതുജീവിതമാണ്. കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ കെട്ടിപ്പടുക്കപ്പെട്ട ഘട്ടത്തിലേ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. 1970ൽ എ. വർഗീസിനൊപ്പം തിരുനെല്ലി-തൃശിലേരി ആക്ഷനിൽ പങ്കെടുത്തു. അതിനുശേഷം കാട്ടിൽ കഴിയവെയാണ് വർഗീസിനെ കേരള പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. പിടിയിലായ വാസു ഏഴരക്കൊല്ലം ജയിലിൽ കഴിഞ്ഞു. വർഗീസ് വധം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന സത്യം, മേലുദ്യോഗസ്ഥരുടെ ഭീഷണിക്കു വഴങ്ങി ആ കൃത്യം നിർവഹിക്കാൻ നിയോഗിക്കപ്പെട്ട കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ ആദ്യമായി തുറന്നുപറഞ്ഞതും മറ്റാരോടുമല്ല. ചാരു മജുംദാറിന്റെ ഉന്മൂലന സിദ്ധാന്തം കൈയൊഴിയണമെന്ന് മഹാരാഷ്ട്ര സമ്മേളനത്തിൽ ഉന്നയിച്ച ആവശ്യം നിരസിക്കപ്പെട്ടതിനെത്തുടർന്ന് നക്സലൈറ്റ് പ്രസ്ഥാനത്തോട് വിടപറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പ്രവർത്തിച്ചു. മാവൂർ ഗ്വാളിയോർ റയോൺസിലെ തൊഴിലാളിചൂഷണത്തിനെതിരെ രൂപവത്കരിച്ച തൊഴിലാളി യൂനിയൻ (Grow) പിന്നീട് പേരിന്റെ ഭാഗമായി. തന്നെ ഇല്ലാതാക്കാൻ കമ്പനി മുതലാളി നിയോഗിച്ച വാടക ഗുണ്ട പൊലീസിന്റെ അടിയേറ്റ് കിടക്കവെ ചായ കൊണ്ടുക്കൊടുത്തതും വാസു. മലിനീകരണം, മനുഷ്യാവകാശ ലംഘനം, ദലിത്-ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം പൊതുമനസ്സാക്ഷിയുണർത്താൻ പ്രായം വകവെക്കാതെ മുന്നിട്ടിറങ്ങി. കോയമ്പത്തൂർ സ്ഫോടനക്കേസിൽ കുടുക്കുന്നതിന് മുന്നോടിയായി അബ്ദുന്നാസിർ മഅ്ദനിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും പ്രതിഷേധവുമായി ആദ്യമെത്തിയത് വാസുവേട്ടനായിരുന്നു. എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്റെ സംസ്ഥാന പ്രസിഡന്റാണ്. സംഘ്പരിവാർ ഭരണകാലത്ത് മുസ്ലിം-പിന്നാക്ക സമൂഹങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇത്തരം സഹകരണങ്ങളെ അദ്ദേഹം കാണുന്നത്. വിപ്ലവ വീരസ്യം പറഞ്ഞ് വിശ്രമജീവിതം നയിക്കാമായിരുന്ന ഈ വയസ്സുകാലത്തും മറ്റാരുടെയും ദാക്ഷിണ്യമില്ലാതെ, ഒരു മുതലാളിയിൽനിന്നും മാസപ്പടി വാങ്ങാതെ ‘മാരിവിൽ’ എന്ന പേരിൽ കുടകൾ തുന്നി വിറ്റാണ് 46 കൊല്ലമായി ഉപജീവനം. ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് അരുന്ധതി റോയിയും കെ. സച്ചിദാനന്ദനും കെ.ജി.എസും ഉൾപ്പെടെ നിരവധി സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും തൊഴിലാളിവർഗ പുരോഗമന സർക്കാറിന്റെ ചെവിയിൽ പതിഞ്ഞിട്ടില്ല മാപ്പുപറഞ്ഞും കീഴൊതുങ്ങിയും കേസിൽനിന്നൂരാൻ കൂട്ടാക്കാതെ ഓരോ തവണ ജയിലിലേക്കു മടങ്ങുമ്പോഴും തലയുയർത്തി, നെഞ്ചുവിരിച്ചും മീശപിരിച്ചുമാണ് വാസുവേട്ടൻ നീങ്ങുന്നത്. പ്രത്യാശയുടെ നക്ഷത്രങ്ങൾ ഭോഷ്കാണ് എന്ന് ഇപ്പോഴും സംശയമുള്ളവർ ആയിരത്തിലേറെ പൂർണ ചന്ദ്രന്മാരെ കണ്ട ആ കൺകളിലെ തിളക്കമൊന്ന് നോക്കുക. പരാജയപ്പെട്ടവന്റെ ഒരു ചിരി മതി ജയിച്ചെന്നു കരുതുന്നവന്റെ ആത്മവിശ്വാസം ഇല്ലാതാക്കാൻ എന്ന വിപ്ലവ വാക്യം എത്ര ശരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.