പി.​എ​ഫ്.​ഐ വേ​ട്ട

ഭരണകൂട വേട്ടയെക്കുറിച്ച വ്യാപകവിമർശങ്ങളുയർന്നുവരുന്നതിനിടെയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ സുദീർഘ ആസൂത്രണത്തിനൊടുവിൽ നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ദിവസം എല്ലാ പഴുതുകളുമടച്ച് നടത്തിയ ഓപറേഷൻ. 15 സംസ്ഥാനങ്ങളിൽ പി.എഫ്.ഐയുടെ നൂറിൽപരം നേതാക്കളെയും പ്രമുഖ പ്രവർത്തകരെയും സെപ്റ്റംബർ 22ന് പുലർച്ചെ പിടികൂടി ജയിലിലടക്കുകയും ഓഫിസുകൾ റെയ്ഡ് ചെയ്ത് ഉപകരണങ്ങളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. ഇതിനകം കേന്ദ്രഭരണത്തിന്‍റെ രാഷ്ട്രീയപകപോക്കലിനുള്ള ഉപകരണങ്ങളായി മാറിയെന്നു ആക്ഷേപമുയർന്ന എൻ.ഐ.എയും ഇ.ഡിയും ആണ് പരിശോധന നടപടികളുടെ ചുമതല വഹിച്ചത്. കേരളത്തിൽനിന്ന് പിടികൂടിയ 19 പേരിൽ സ്ഥാപക നേതാക്കളായ പ്രഫ. പി. കോയ, ഇ. അബൂബക്കർ, ഇ.എം. അബ്ദുറഹ്മാൻ എന്നിവർ ഉൾപ്പെടുന്നു.

1990കളുടെ തുടക്കത്തിൽ ബാബരി മസ്ജിദ് ധ്വംസനം മുസ്‍ലിം ന്യൂനപക്ഷത്തിൽ സൃഷ്ടിച്ച അരക്ഷിതബോധത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ രൂപംകൊണ്ട എൻ.ഡി.എഫ് ആണ് 2006ൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയായി രൂപാന്തരപ്പെട്ടത്. തീവ്ര ഹിന്ദുത്വത്തെയും അതിനെ പ്രതിനിധാനംചെയ്യുന്ന സംഘ്പരിവാറിനെയും പ്രതിരോധിക്കുന്നതോടൊപ്പം ദലിത്-പിന്നാക്കസമുദായങ്ങളുടെ ഉയിർപ്പ് ലക്ഷ്യമായി പ്രഖ്യാപിച്ചാണ് പി.എഫ്.ഐ യുവാക്കളെ രംഗത്തിറക്കി മുന്നോട്ടുപോയത്. 2009ൽ പി.എഫ്.ഐയുടെ രാഷ്ട്രീയവേദിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തുടങ്ങി. മുഖ്യധാര മുസ്‍ലിം സംഘടനകളോട് അകലംപാലിച്ച പോപുലർ ഫ്രണ്ടിനോട് മുസ്‍ലിം മത-രാഷ്ട്രീയ കൂട്ടായ്മകളും പൊതുവെ അകലം പാലിച്ചാണ് പ്രവർത്തിച്ചുവന്നത്. തീവ്ര വർഗീയപ്രസ്ഥാനമായി പി.എഫ്.ഐയെ മുദ്രകുത്തിയ മതേതര രാഷ്ട്രീയപാർട്ടികൾ പരോക്ഷമായി അവരുമായി ബാന്ധവം സ്ഥാപിച്ചിരുന്നു എന്ന ആരോപണം തീരെ അടിസ്ഥാനരഹിതമാണെന്ന് പറയാനാവില്ല. വിശിഷ്യാ പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക നീക്കുപോക്കുകളിലൂടെ നേട്ടമുണ്ടാക്കാൻ എസ്.ഡി.പി.ഐക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ, സംഘ് പരിവാറിനോടുള്ള കഠിനമായ എതിർപ്പും തുല്യനാണയത്തിലെ തിരിച്ചടികളുമാണ് പി.എഫ്.ഐയുടെ മുഖമുദ്ര. രാജ്യത്തെ നിലവിലെ സങ്കീർണ സാഹചര്യങ്ങളിൽ ഈ ആത്യന്തിക നിലപാട് ന്യൂനപക്ഷ സമുദായത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന മിതവാദികളുടെ മുന്നറിയിപ്പിന്റെ നേരെ അവർ എല്ലായ്പോഴും മുഖംതിരിക്കുകയേ ചെയ്തിട്ടുള്ളൂ.

ഈ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം കേന്ദ്രസർക്കാർ സർവവിധ സന്നാഹങ്ങളോടും കൂടി ആരംഭിച്ചിരിക്കുന്ന പി.എഫ്.ഐ വേട്ട അവിചാരിതമാണെന്ന് പറയാനാവില്ല. ഒരുവേള സംഘടന തന്നെയും പ്രതീക്ഷിച്ചിരുന്നതാവാം അത്. യു.എ.പി.എ പ്രകാരമുള്ള നിരോധം തൽക്കാലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരോധസമാനമായ നടപടികളാണ് സർക്കാർ ആരംഭിച്ചിരിക്കുന്നതെന്ന് വ്യക്തം. 2018 ഫെബ്രുവരിയിൽ ഝാർഖണ്ഡിലെ സംസ്ഥാന സർക്കാർ പി.എഫ്.ഐയെ നിരോധിച്ചിരുന്നുവെങ്കിലും യു.എ.പി.എ അനുശാസിക്കുന്ന ഉപാധികൾ പൂർത്തീകരിച്ചല്ല നിരോധമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി അത് റദ്ദാക്കുകയായിരുന്നു. വീണ്ടും 2019ൽ നിരോധം കൊണ്ടുവന്നു. യു.എ.പി.എയിൽ ഒടുവിൽ വരുത്തിയ ഭേദഗതി പ്രകാരം നിരോധം പുനഃപരിശോധിക്കാനുള്ള ട്രൈബ്യൂണലിന്റെ കാലപരിധി അഞ്ചുവർഷമാണ്.

രണ്ടാമൂഴത്തിൽ നരേന്ദ്ര മോദി-അമിത് ഷാ-അജിത് ഡോവൽ കൂട്ടുകെട്ട് ദ്രുതഗതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓരോ അജണ്ടയും ഹിന്ദുരാഷ്ട്ര നിർമിതിയിലേക്കുള്ള സത്വര കാൽവെപ്പിന്റെ ഭാഗമാണ്. ജമ്മു-കശ്മീരിന്റെ ഭരണഘടനാ പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചതു മുതൽ ആരംഭിച്ച ഓരോ നടപടിയും അതിന്റെ സ്പഷ്ടമായ സൂചനകൾ നൽകുന്നു. പരമോന്നത കോടതിയാകട്ടെ, തദ്സംബന്ധമായ ഹരജികൾ പരിഗണനക്കെടുക്കുന്ന സൂചനപോലും നൽകിയിട്ടുമില്ല. ജമ്മു-കശ്മീരിന് കേവല സംസ്ഥാന പദവി അനുവദിക്കുന്നതുതന്നെയും ബി.ജെ.പി അനുകൂല സർക്കാർ അധികാരമേൽക്കാനുള്ള സാധ്യത ഉറപ്പാക്കിയ ശേഷമാവും. അവിടെ തകൃതിയായി സ്വീകരിക്കുന്ന ഓരോ നടപടിയും മുസ്‍ലിം ഭൂരിപക്ഷാവസ്ഥ ഇല്ലാതാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണുതാനും.

2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മതേതര ഐക്യം തട്ടിക്കൂട്ടാനുള്ള ശ്രമം പല തലത്തിലും നടക്കുന്നുണ്ടെങ്കിലും അതൊക്കെ അതിവിദഗ്ധമായി തട്ടിത്തെറിപ്പിക്കാൻ ഹിന്ദുത്വക്ക് കഴിയുന്നുണ്ട്. പ്രതിശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിനു അവർ പൂർവോപരി ശക്തി വർധിപ്പിച്ചതിന്‍റെ സൂചനയായേ പി.എഫ്.ഐക്കെതിരായ അപലപനീയമായ നീക്കത്തെ കാണാൻ കഴിയൂ. മതേതര കൂട്ടായ്മയെക്കുറിച്ച് വാചാലരാകുന്ന പാർട്ടികളൊക്കെയും ന്യൂനപക്ഷ പ്രീണനാരോപണത്തെ മറികടക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്. മതേതരച്ഛായയുള്ള ഏതെങ്കിലും പാർട്ടി പി.എഫ്.ഐക്കെതിരെയുള്ള പ്രതികാര നടപടികളെ വിമർശിക്കാനോ അപലപിക്കാനോ അറച്ചുനിൽക്കുന്നതും അതുകൊണ്ടു തന്നെ. എല്ലാ വർഗീയതകളെയും അടിച്ചമർത്തണമെന്നാണല്ലോ കോൺഗ്രസിന്റെ അപ്രഖ്യാപിത പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെതന്നെ പ്രതികരണം. നേരത്തെ രണ്ടുതവണ ആർ.എസ്.എസിനെ നിരോധിച്ചപ്പോഴും ഒരു മുസ്‍ലിം സംഘടനയെക്കൂടി നീതിരഹിതമായി നിരോധത്തിന്മേൽ കൂട്ടിക്കെട്ടിയതാണ് കോൺഗ്രസിന്റെ കീഴ്വഴക്കവും. വർഗീയത, തീവ്രവാദം, ഭീകരവാദം എന്നിത്യാദി പദപ്രയോഗങ്ങളെ കൃത്യമായും കണിശമായും നിർവചിക്കാത്തേടത്തോളം കാലം അധികാരം കൈയിലിരിക്കുന്നവർക്ക് അതിന്റെ ദുർവിനിയോഗം സുസാധ്യമാവുന്നതേയുള്ളൂ. പക്ഷേ, വർഗീയതയും തീവ്രവാദവും ശക്തിപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുകയും ഭരണഘടനാപരമായി തുല്യനീതി നടപ്പാക്കുകയും ചെയ്യാത്തപക്ഷം അടിച്ചമർത്തൽ നടപടികൾ ഫലശൂന്യമായി കലാശിക്കുകയേ ചെയ്യൂ.

Tags:    
News Summary - PFI hunting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.