കേരള വയോജന കമീഷൻ എന്ന പേരിൽ അർധ ജുഡീഷ്യൽ പദവികളോടെ ഒരു സംവിധാനം സംസ്ഥാനത്ത് നിലവിൽവരുകയാണ്. ഇതുസംബന്ധിച്ച ബിൽ, കഴിഞ്ഞ ദിവസം കേരള നിയമസഭ പാസാക്കി. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും അവരുടെ പുനരധിവാസത്തിനും മറ്റും സഹായങ്ങളും നൽകാൻ സവിശേഷമായൊരു സംവിധാനം ആവശ്യമുണ്ടെന്ന ബോധ്യത്തിലാണ് സാമൂഹിക നീതി വകുപ്പിനുകീഴിൽ വയോജന കമീഷൻ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം.
കമീഷൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കവേ വകുപ്പുമന്ത്രി ആർ. ബിന്ദു ഈ സംവിധാനത്തെ പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് വിശേഷിപ്പിച്ചത്. സമീപകാലത്തായി, വയോജനങ്ങളുടെ ജീവിതത്തെയും സുരക്ഷയെയും സംബന്ധിച്ച ചർച്ച പലകാരണങ്ങളാൽ സജീവമായിട്ടുണ്ട്. ഈ വിഭാഗത്തെ സവിശേഷമായി പരിഗണിേക്കണ്ടതുണ്ടെന്നത് ഇതിനകം അംഗീകരിക്കപ്പെട്ടതും സർക്കാർ അത്തരത്തിലൊരു നയരൂപവത്കരണം പ്രഖ്യാപിച്ചതുമാണ്. അതിന്റെ ആദ്യഘട്ടമായാണ് വയോജന കമീഷന് സർക്കാർ രൂപം നൽകിയിരിക്കുന്നത്. വയോജനങ്ങൾക്ക് ചോദിക്കാനും പറയാനും ഒരിടമൊരുക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ.
രാജ്യത്തിന് മാതൃകയായ സമാനമായ നീക്കങ്ങൾ മുമ്പും കേരളം നടത്തിയിട്ടുണ്ട്. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ട്രാൻസ്ജെൻഡർ നയം കൊണ്ടുവന്നത് അത്തരത്തിലൊന്നായിരുന്നു. അതേ സർക്കാറിന്റെ കാലത്തുതന്നെ, യുവജന കമീഷനും നിലവിൽവന്നു. സമൂഹത്തിലെ ഓരോ വിഭാഗത്തെയും സവിശേഷമായി പരിഗണിക്കാനും അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും ഇത്തരം സംവിധാനങ്ങൾ കൊണ്ട് വലിയ അളവിൽ സാധിച്ചിട്ടുണ്ട്. വനിത കമീഷൻ, ബാലാവകാശ കമീഷൻ, ന്യൂനപക്ഷ കമീഷൻ തുടങ്ങിയ അർധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പല ദൗർബല്യങ്ങൾ ചൂണ്ടിക്കാണിക്കാനാകുമെങ്കിലും കുറച്ചെങ്കിലും ചലനങ്ങളുണ്ടാക്കാൻ ഉപകരിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ, വയോജന കമീഷനെയും പ്രതീക്ഷയോടെ കാണാം. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച് വർധിച്ചുവരുന്ന ആശങ്കകൾ കമീഷൻ അഭിസംബോധന ചെയ്യുമെന്നു കരുതാം. അതോടൊപ്പം, വയോജനങ്ങളുടെ അറിവിനെയും അനുഭവങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള വേദികൂടിയായും ഇതിനെ പരിവർത്തിപ്പിക്കാവുന്നതേയുള്ളൂ. ആ അർഥത്തിൽ, ഇത് മന്ത്രി വിശേഷിപ്പിച്ചതുപോലെ പുതിയ യുഗത്തിന്റെ തുടക്കംതന്നെ. ഈ കാലത്ത് ഒട്ടേറെ ദൗത്യങ്ങൾക്ക് ദിശാബോധം നൽകാൻ പ്രാപ്തമായ ബൃഹത്തായൊരു റിസോഴ്സ് പൂൾ എന്ന നിലയിൽത്തന്നെ ഇതിനെ സമീപിക്കേണ്ടതുണ്ട്.
കേരളത്തെ സംബന്ധിച്ച് വയോജന കമീഷൻ പോലൊരു സംവിധാനം ഈ കാലത്തിന്റെ കൂടി ആവശ്യമാണ്. ജനസംഖ്യാ ശോഷണത്തിന്റെ പാതയിലാണ് ദക്ഷിണേന്ത്യ പൊതുവിൽ. കേരളത്തിലാണെങ്കിൽ, ശോഷണപ്രവേഗം വളരെ കൂടുതലുമാണ്. പ്രത്യുൽപാദന നിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് -ടി.എഫ്.ആർ) സംസ്ഥാനത്ത് വലിയ ഇടിവ് സംഭവിച്ചിരുന്നു. ഒരു ദമ്പതികൾക്ക് ജനിക്കുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണമാണ് ടി.എഫ്.ആർ. 1960കളിൽ ഇന്ത്യൻ ടി.എഫ്.ആർ നാലുവരെയെത്തിയിരുന്നു. അഥവാ, ഓരോ ദമ്പതികൾക്കും നാലുവീതം കുഞ്ഞുങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 1.98ലെത്തിയിരിക്കുന്നു; കേരളത്തിൽ ഇത് 1.8 ആണ്. പത്തുവർഷം മുമ്പ് കേരളത്തിൽ പ്രതിവർഷം അഞ്ചുലക്ഷം പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ, ഇപ്പോഴത് മൂന്നര ലക്ഷത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.
മറുവശത്താകട്ടെ, കേരളീയരുടെ ആയുർദൈർഘ്യം കൂടുകയും ചെയ്തിരിക്കുന്നു. കേരളീയരുടെ ശരാശരി ആയുസ്സ് 77ന് മുകളിലാണ്. ആരോഗ്യ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ കൂടി ഫലമാണിത്. എന്നാൽ, ഇതിന്റെ മറുവശം നാട്ടിൽ യുവജനങ്ങളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യും എന്നതാണ്. നിലവിൽ സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനവും 60 കഴിഞ്ഞവരാണ്. ബിഹാറിൽ ഏഴും യു.പിയിൽ എട്ടും ശതമാനമാണ് വയോധിക ജനസംഖ്യ. പത്ത് വർഷത്തിനുള്ളിൽ ആ സംസ്ഥാനങ്ങളിൽ വയോ ജനസംഖ്യയിൽ സ്വാഭാവികമായ വളർച്ച (ഒന്നോ രണ്ടോ ശതമാനം) മാത്രം രേഖപ്പെടുത്തുമ്പോൾ കേരളത്തിൽ കുത്തനെ കൂടും. സംസ്ഥാന ജനസംഖ്യയുടെ ഏകദേശം നാലിലൊന്നും വയോജനങ്ങളാകും. സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ സങ്കീർണതകൾക്ക് ഇത് വഴിവെക്കുമെന്നുറപ്പാണ്. ആസന്ന ഭാവിയിൽ നാം അഭിമുഖീകരിക്കേണ്ട ഈ പ്രശ്നത്തെ പ്രതിരോധിക്കാനുള്ള പലവിധ സംവിധാനങ്ങൾ നമുക്കാവശ്യമുണ്ട്. അതിന്റെ തുടക്കമാകട്ടെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട വയോജന കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.