ആറാട്ടുപുഴയിലെ ഹോട്ടൽ വ്യാപാരി അമാനുല്ല പറയുന്നത് കേൾക്കുക.‘‘15 വയസ്സുള്ളപ്പോൾ പിതാവിനൊപ്പം നഗരത്തിലെ ഹോട്ടലിൽ എത്തിയതാണ്. പടിഞ്ഞാറു ഭാഗത്തേക്ക് ഏറെനേരം നടന്നാണ് അന്ന് കടൽ കാണാൻപോയിരുന്നത്. ഇപ്പോൾ ഹോട്ടലിനു പിന്നിലേക്ക് ആഞ്ഞടിക്കുകയാണ് തിര. നൂറിലേറെ വീടുകളും കാർത്തിക, സായാഹ്ന എന്നീ തിയറ്ററുകളും പള്ളിയും സ്വകാര്യ ആശുപത്രിയുടെ ക്വാർട്ടേഴ്സുമെല്ലാം പ്രവർത്തിച്ച ഭാഗങ്ങൾ കടലെടുത്തുകഴിഞ്ഞു. രണ്ടുമാസം മുമ്പ് ഹോട്ടലിന്റെ അടുക്കളയും തിരയടിയിൽ തകർന്നു’’- എത്രകാലം ഹോട്ടലും ഈ സ്ഥാപനങ്ങളുമൊക്കെ അവശേഷിക്കുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ലെന്നും 53കാരനായ അദ്ദേഹം നെടുവീർപ്പിടുന്നു. കരിങ്കൽ ഭിത്തിയും ടെട്രാപോഡുമെല്ലാം ഉണ്ടെങ്കിലും തീരം അടിച്ചുകയറുന്നതാണ് ആലപ്പുഴയുടെ സങ്കടം.
തൃശൂർ എറിയാട് ബീച്ചിലെ മൊയ്തു പറയുന്നത് ഇങ്ങനെ: ‘‘കല്ലിട്ടശേഷമാണ് കടലിത്രയും വഷളായത്. കല്ലിട്ടു പോയശേഷം ഒരു പണിയും ഇവിടെ നടത്തിയില്ല. മണൽനിറച്ച തുണിബാഗിലാണ് എറിയാട്ടെ കടൽ സംരക്ഷണം. കടൽ കയറി ഇവിടെയുള്ളവരെല്ലാം വീടൊഴിയുകയാണ്’’.
ജിയോട്യൂബ് പദ്ധതി നടപ്പാക്കിയതിലെ പിഴവാണ് പൂന്തുറയിലെ ജയൻ തില്ലനോയി ചൂണ്ടിക്കാട്ടുന്നത്. തീരവാസികളുടെ ആശങ്കയും പരിഭവവുമാണ് മൂവരും പങ്കുവെച്ചത്.
കരിങ്കൽഭിത്തിയുടെ അത്രയും പണച്ചെലവുള്ള പദ്ധതിയാണ് ജിയോട്യൂബ് പദ്ധതി. കല്ലിനുപകരം പ്രോത്സാഹിപ്പിക്കേണ്ട പദ്ധതിയാണ്. പക്ഷേ, ആ വഴിക്ക് കുറേ പണം പോയെന്നല്ലാതെ ഫലമേതുമുണ്ടായില്ലെന്നതാണ് ചെല്ലാനത്തെ അനുഭവം. 2018ൽ പദ്ധതിക്കായി 18 കോടിയാണ് അനുവദിച്ചത്. പദ്ധതി പൂർത്തിയായില്ലെന്ന് മാത്രമല്ല, സമ്പൂർണ പരാജയവുമായി. പൂന്തുറ മുതൽ വലിയതുറ വരെ ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമിക്കുന്നതിന് 150 കോടിയാണ് കിഫ്ബി വകയിരുത്തിയത്. പൂന്തുറയിലെ 700 മീറ്ററിന് മാത്രം 19 കോടി. ആദ്യ ഘട്ടത്തിൽ പൂന്തുറ തീരത്തുനിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് ജിയോട്യൂബ് സ്ഥാപിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോട്യൂബുകളിൽ മണൽ നിറച്ച് മൂന്ന് തട്ടുകളായി സ്ഥാപിക്കുന്നതാണ് പദ്ധതി. മൂന്നു ട്യൂബുകൾ ഇതിനകം സ്ഥാപിച്ചു. അവ സ്ഥാപിച്ച സമയത്ത് വേലിയേറ്റം കുറഞ്ഞുവെന്നല്ലാതെ അത് കടലിലുണ്ടോ എന്ന ലക്ഷണം പോലും ഇപ്പോഴില്ലെന്ന് നാട്ടുകാർ പറയുന്നു.
കല്ലിടൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുമ്പോൾ ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഒരു ബദലായാണ് കാസർകോട് നെല്ലിക്കുന്ന് തീരത്തെ യു.കെ. യൂസഫ് ‘ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’ പദ്ധതി മുന്നോട്ടുവെച്ചത്. സർക്കാർ അനുമതിയോടെ 100 അടി നീളത്തിലും 20 അടി വീതിയിലും സൗജന്യമായി നടപ്പാക്കിയ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷമാണ് ഉദ്ഘാടനം ചെയ്തത്.
നാല് വശത്തും കോണ്‍ക്രീറ്റ് മതിലുകളിലായാണ് പദ്ധതി. അകത്ത് കല്ലുകൾ നിറച്ച് അതിനുമുകളില്‍ പുല്‍ത്തകിടി ഒരുക്കി. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ പദ്ധതി കര്‍ണാടകയില്‍ അടക്കം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വലിയ മുതൽമുടക്കില്ലാത്ത പദ്ധതിയെന്ന നിലക്കാണ് സർക്കാർ ഇതിന് അനുമതി നൽകിയത്. എന്നാൽ, ജൂലൈയിലുണ്ടായ രൂക്ഷമായ തിരയിൽ പദ്ധതിയുടെ ഒരുഭാഗം തകർന്നു. ഈ ഭാഗം പുനർനിർമിക്കുമെന്നും തിരയിൽ തകർന്നുവെന്ന കാരണത്താൽ പദ്ധതി പരാജയമെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. പൊതുമരാമത്ത് വിഭാഗം നിർമിച്ച എത്ര റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ടെന്നും അതിനർഥം ആ സങ്കൽപം തന്നെ പരാജയമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.