Manu S Pillai speaks The concept of India Dream of India 

ഇന്ത്യയെന്ന ആശയം; ഇന്ത്യയെന്ന സ്വപ്നം -മനു എസ്. പിള്ള സംസാരിക്കുന്നു

ചുരുങ്ങിയ കാലംകൊണ്ട്, ഇന്ത്യയുടെ മധ്യകാല-കൊളോണിയൽ ചരിത്രമെഴുതുന്നവരിൽ തലയെടുപ്പുള്ള വ്യക്തിയായി മാറിയ ചെറുപ്പക്കാരനാണ് മനുഎസ്. പിള്ള. തിരുവിതാംകൂർ റീജന്റായിരുന്ന റാണി സേതുലക്ഷ്മി ഭായിയുടെ കാലം കഥപോലെ വിവരിക്കുന്ന ‘ദ ഐവറി ത്രോൺ: ക്രോണിക്ൾസ് ഓഫ് ദ ഹൗസ് ഓഫ് ട്രാവൻകൂർ’ എന്ന ആദ്യ പുസ്തകത്തിലൂടെ തന്നെ (2015) ചരിത്ര കുതുകികൾക്കിടയിൽ ജനപ്രിയനായി. 34 വയസ്സിനിടെ, രാജ്യത്തെ പോപ്പുലർ ചരിത്രകാരൻമാർക്കൊപ്പം കസേര വലിച്ചിട്ടിരിക്കാൻ തന്നെ സ്വയം പ്രാപ്തനാക്കിയ അഞ്ചു പുസ്തകങ്ങൾ എഴുതി. എല്ലാം വായനക്കാർ നെഞ്ചോടുചേർത്തു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഗോഡ്സ്, ഗൺസ് ആൻഡ് മിഷനറീസ്’ ആണ് ഒടുവിലത്തെ പുസ്തകം. ക്രിസ്തീയ സ്വാധീനമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ കൊളോണിയൽ കാലത്തെ ഹിന്ദൂയിസമാണ് പുസ്തകത്തിന്റെ വിഷയം. മാവേലിക്കരയിൽ ജനിച്ച് പുണെയിൽ വളർന്ന മനു, ലണ്ടനിലാണ് ഉപരിപഠനം നടത്തിയത്. ഇന്ത്യ ‘സ്വാതന്ത്ര്യമാകുന്ന സ്വർഗ’ത്തിലേക്ക് ഉണരുകയും ലോകരാഷ്ട്രങ്ങൾക്കൊപ്പം നെഞ്ചുവിരിച്ചുനിൽക്കാനുള്ള ആത്മധൈര്യം കാണിക്കുകയും ചെയ്ത നയനിലപാടുകളുടെ സ്മരണപുതുക്കൽ കൂടിയായ റിപ്പബ്ലിക് ദിന വേളയിൽ, രാജ്യത്തിന്റെ ഉൺമയും സ്വത്വവും വിലയിരുത്തുന്ന വിഷയങ്ങൾ അദ്ദേഹം സംസാരിക്കുന്നു.

നമ്മൾ വീണ്ടുമൊരു റിപ്പബ്ലിക് ദിന വേളയിലാണ്. ഈ സാഹചര്യത്തിൽ, ഒരു ചരിത്രകാരൻ എന്ന നിലയിൽ, ചെറിയ ചെറിയ കാര്യങ്ങളിൽനിന്ന് രൂപപ്പെട്ട ‘ഇന്ത്യ എന്ന ആശയത്തെ’ എങ്ങനെ കാണുന്നു?

ഇന്ത്യ ഒരു നാഗരികത എന്ന നിലയിൽ വളരെ പഴയതാണ്. അതിനെ പരസ്പരം ബന്ധിപ്പിക്കുന്ന നൂലിഴകളുണ്ട്. വളരെയേറെ വൈവിധ്യമുള്ളപ്പോഴും ഇഴയടുപ്പങ്ങൾ അതിനെ സമാനതയുള്ള ഒരു വിശാല സാംസ്കാരിക മേഖലയാക്കി മാറ്റുന്നു. ‘ഇന്ത്യ എന്ന ആശയം’ എന്ന് പറയുമ്പോൾ, ഇന്ത്യയെ ഒരു ആധുനിക, പോസ്റ്റ് കൊളോണിയൽ രാഷ്ട്രം, റിപ്പബ്ലിക് എന്ന നിലക്കാണ് നമ്മൾ പരാമർശിക്കുന്നത്. കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിന്റെ കാലത്തും സ്വാതന്ത്ര്യത്തിനുശേഷവും നമ്മുടെ ദേശീയ നേതാക്കൾ വികസിപ്പിച്ചെടുത്തതാണ് ഈ ‘ആശയം’. കൊളോണിയൽ കാലഘട്ടത്തിൽപോലും ഒന്നിലധികം ‘ഇന്ത്യ എന്ന ആശയം’ ഉണ്ടായിരുന്നു –ഉദാഹരണത്തിന് ചിലർ മതപരവും സാംസ്കാരികവുമായ ദേശീയതയെ മുന്നോട്ടുവെച്ചു.

എന്നാൽ, നെഹ്റുവിയൻ സങ്കൽപത്തിലുള്ള ‘ഇന്ത്യ’ക്കാണ് മേൽക്കൈ കിട്ടിയത്. ഇതിന് മ്യൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും ബഹുസ്വരത അംഗീകരിക്കുകയെന്ന സവിശേഷതയുണ്ടായിരുന്നു. അതിന് ഭരണഘടനയുടെ പിന്തുണയുമുണ്ടായി. എന്നാലിന്ന് മതത്തിന്റെ ചായ്‍വുള്ള ‘ഇന്ത്യ’യെന്ന ആശയം ശക്തിപ്പെട്ടുവരുകയാണ്. അതിന് വിശാല അർഥത്തിൽ അംഗീകാരം കിട്ടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അത് രാഷ്ട്രീയാധികാരം നേടി. പക്ഷേ, അപ്പോഴും നെഹ്റുവിയൻ മൂല്യങ്ങൾ പ്രതിഫലിക്കുന്ന ഭരണഘടന സംവിധാനത്തിനകത്താണ് പ്രവർത്തിക്കേണ്ടിവരുന്നത്. ഒരർഥത്തിൽ നമ്മൾ ഒരു പരീക്ഷണത്തിലൂടെയാണ് ജീവിക്കുന്നത്, ചോദ്യം ഇതാണ് –ഒരു ജനതയും ഒരു തലമുറയും എന്നനിലയിൽ നമ്മൾ എന്ത് തിരഞ്ഞെടുക്കും? 75 വർഷം മുമ്പ് നമ്മുടെ ദേശീയ നേതാക്കൾ തിരഞ്ഞെടുത്ത വഴിയോ, അതോ വ്യത്യസ്തമായ മറ്റൊരു പാതയോ?

വിവിധ കാരണങ്ങളാൽ ബ്രിട്ടീഷ് കൊളോണിയലിസം ഈ ഉപഭൂഖണ്ഡത്തെ സംയോജിപ്പിച്ചില്ലായിരുന്നെങ്കിൽ, ഇന്ത്യ എന്ന രാഷ്ട്രം സാധ്യമാകുമായിരുന്നില്ല എന്ന വീക്ഷണത്തോട് യോജിക്കുന്നുണ്ടോ?

ബ്രിട്ടീഷുകാരാണ് ഇന്ത്യയെ ‘കണ്ടുപിടിച്ചത്’ എന്ന കാഴ്ചപ്പാട് ശരിയല്ല. ഞാൻ സൂചിപ്പിച്ചതുപോലെ, പുരാതന കാലം മുതൽ തന്നെ ഉപഭൂഖണ്ഡത്തെ ഒരൊറ്റ മേഖലയായി കാണുന്ന തരത്തിലുള്ള വിശാലമായ സാംസ്കാരിക അവബോധം ഉണ്ടായിരുന്നു. എന്നാൽ സാംസ്കാരിക ബന്ധങ്ങൾ രാഷ്ട്രീയ ഐക്യത്തിന് തുല്യമല്ല. ഉദാഹരണത്തിന്, യൂറോപ്പിനും ഒരു നീണ്ട കാലത്തെ, പരസ്പരം പങ്കിട്ട സാംസ്കാരിക ചരിത്രമുണ്ട്; എന്നിട്ടും അത് ഒരിക്കലും രാഷ്ട്രീയമായി ഏകീകൃതമായിരുന്നില്ല. ഇന്ത്യയും സമാനമായ നിലയിലായിരുന്നു –നിരവധി സംസ്ഥാനങ്ങളും വൈവിധ്യങ്ങളും ഉള്ള ഒരു ദേശം, പക്ഷേ ഒരു പൊതു ചട്ടക്കൂടിനുള്ളിൽ നിലനിൽക്കുന്നു. മുൻകാലങ്ങളിലെ ചില സാമ്രാജ്യങ്ങൾ രാജ്യത്തിന്റെ ഭൂരിഭാഗവും ഏകീകരിച്ച് ഒരുകുടക്കീഴിലാക്കിയിട്ടുണ്ടെങ്കിലും, നമ്മുടെ ഭൂപടത്തിന്റെ നിലവിലെ രൂപരേഖകൾ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഉൽപന്നമാണ്. മുഗളരും മറാത്തകളും ബാക്കിവെച്ചുപോയ വിന്യാസങ്ങളെ അടിസ്ഥാനമാക്കിയാണ്. ദേശീയതയും ഒരു ആധുനിക പ്രതിഭാസമാണ്. മുൻകാലങ്ങളിലെ ജനങ്ങൾക്ക് അവരുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ ഉണ്ടായിരുന്നു. പ്രാദേശികമായ താൽപര്യങ്ങളും നമുക്ക് കാണാം. ഉദാഹരണത്തിന്, പതിനേഴാം നൂറ്റാണ്ടിൽ ശിവാജി ഡെക്കാനോട് ഒരു പ്രദേശമെന്ന നിലയിൽ കൂറു പുലർത്താൻ പ്രോത്സാഹിപ്പിച്ചു. മുഗൾ സാമ്രാജ്യത്തിനെതിരെ ഗോൾക്കൊണ്ട സുൽത്താനുമായി സഖ്യം ചേർന്നു. എന്നാൽ, കൊളോണിയൽ കാലഘട്ടത്തിലാണ് കശ്മീരികളെ മലയാളികളുമായും നാഗരെ രാജസ്ഥാനികളുമായും ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പാൻ-ഇന്ത്യൻ ദേശീയത ഉയർന്നുവന്നത്. വിദേശ ഭരണത്തോടുള്ള പ്രതിരോധം ഇതിൽ ഒരു പ്രധാന ഘടകമായിരുന്നു. എല്ലായിടത്തും അത് ഒരേരീതിയിൽ പ്രവർത്തിച്ചു എന്നല്ല ഇതിനർഥം; നാഗാലാൻഡിലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കലാപം കണക്കിലെടുക്കുമ്പോൾ, ആ പ്രദേശത്തുള്ളവർക്ക് ഇപ്പോഴും രാജസ്ഥാനികളുമായി വലിയ സമാനതകളൊന്നുമില്ലെന്ന് നമുക്കറിയാം. ഒരർഥത്തിൽ, ദേശീയത നമ്മുടെ രാജ്യത്ത് പുരോഗമിക്കുന്ന ഒരു പ്രക്രിയയാണ്. പല ഭാഗങ്ങളിലായി അത് സ്ഥാപിതമായി. പക്ഷേ ചില മേഖലകളിൽ അത് ഇപ്പോഴും സംഭവിച്ചു കഴിഞ്ഞ ഒരു കാര്യമെന്നനിലയിൽ കാണാനാകില്ല.

സ്വാതന്ത്ര്യത്തിനുമുമ്പ് നമുക്ക് നൂറുകണക്കിന് നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. അവയിൽ, ജനാധിപത്യത്തിന്റെയും ആധുനിക സാങ്കേതികവിദ്യയുടെയും ആദർശങ്ങൾ സമന്വയിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും ആധുനികമായ സംസ്ഥാനം ഏതാണ്?

കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, മിക്ക ആളുകളും ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന ഇന്ത്യയെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ 40 ശതമാനം നാട്ടുരാജ്യങ്ങളുടെ ഭരണത്തിൻ കീഴിലായിരുന്നു, ഇതിൽ രജപുത്താനയിലെ ഫ്യൂഡൽ സംസ്ഥാനങ്ങൾ മുതൽ മൈസൂരിലെയും ബറോഡയിലെയും കൂടുതൽ ഉദ്യോഗസ്ഥവത്കരിക്കപ്പെട്ട സർക്കാറുകൾ വരെ വരും. ഈ നാട്ടുരാജ്യങ്ങളുടെ ചരിത്രപരമായ ചലനാത്മകത നമ്മൾ മനസ്സിലാക്കുന്നില്ലെങ്കിൽ, ആധുനിക ‘ഇന്ത്യൻ’ ചരിത്രത്തിന്റെ പൂർണ ചിത്രം ഒരിക്കലും ലഭിക്കില്ല. ഏതൊക്കെ സംസ്ഥാനങ്ങളാണ് ഏറ്റവും പുരോഗമിച്ചതെന്ന് പറയാൻ പ്രയാസമാണ്. മൈസൂർ വ്യവസായ സംരംഭങ്ങളിലും ആധുനിക ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വലിയ നിക്ഷേപം നടത്തി. ദേശീയവാദികൾപോലും അവരെ പ്രശംസിച്ചു. അതേസമയം, സ്വേച്ഛാധിപത്യ രാജകീയ സർക്കാർ ജനാധിപത്യ അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന ആളുകളെ ബലം പ്രയോഗിച്ച് നേരിടാൻ മടിച്ചില്ല. മറുവശത്ത്, ചില ഭരണാധികാരികൾ ജനാധിപത്യം പരീക്ഷിച്ചു. ബറോഡയിലെ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമൻ (Sayajirao Gaekwad III) 1890കളിൽ ഗ്രാമതലത്തിലെ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു; 1920കളിൽ അദ്ദേഹത്തിന്റെ മന്ത്രി ബറോഡയിൽ ഒരുതരം ഭരണഘടനാപരമായ രാജവാഴ്ച സ്ഥാപിക്കുന്ന പദ്ധതിപോലും നിർദേശിച്ചിരുന്നു. സയാജിറാവു ആ നിർദേശം അംഗീകരിച്ചില്ലെങ്കിലും, അത്തരമൊരു പദ്ധതി അദ്ദേഹത്തിന് നിർദേശിക്കാൻ കഴിഞ്ഞുവെന്നതുതന്നെ രാജാവ് ആ ആശയം ചർച്ചചെയ്യാൻ തയാറായിരുന്നുവെന്ന കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയിലെ മിക്ക കാര്യങ്ങളെയും പോലെ, നാട്ടുരാജ്യങ്ങളുടെ ചരിത്രവും വൈരുധ്യങ്ങൾ നിറഞ്ഞതാണ്.

1915ൽ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന്റെ മുഴുവൻ സ്വഭാവവും മാറി. അത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ മാത്രം കാര്യമായിരുന്നോ അതോ മറ്റെന്തെങ്കിലും ഘടകങ്ങൾ അതിലുണ്ടോ?

ഒരു തലത്തിൽ, ഗാന്ധി മുൻതലമുറകളുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് തന്റെ ദൗത്യം കെട്ടിപ്പടുക്കുന്നത്. 1840കളിൽതന്നെ ഇന്ത്യക്കും ഇന്ത്യക്കാർക്കുംവേണ്ടി തങ്ങളുടെ രചനകളിലൂടെ സംസാരിച്ച വിക്ടോറിയൻ കാല ചിന്തകരായിരുന്നു നമ്മുടെ ആദ്യ ദേശീയവാദികൾ. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ ദേശീയതക്കായി ശക്തമായ ഒരു ബൗദ്ധിക അടിത്തറ നിർമിച്ചുകൊണ്ട് ആദ്യകാല കോൺഗ്രസിലെ മിതവാദികൾ ഈ വാദങ്ങളെ ശക്തിപ്പെടുത്തുകയും അതിന് അംഗീകാരമുണ്ടാക്കുകയും ചെയ്തു. ബി.ജി. തിലകിനെപ്പോലുള്ള വ്യക്തികൾ പൊതുജനങ്ങളെ ഉൾപ്പെടുത്തിയും ദേശീയതയെ തെരുവുകളിലേക്കാനയിച്ചും ഇത് വികസിപ്പിച്ചു. നഗരകേന്ദ്രങ്ങളിൽ ജനങ്ങളെ അണിനിരത്താൻ തിലകിന് കഴിഞ്ഞുവെങ്കിലും ദേശീയതയെ ഗ്രാമങ്ങളിലേക്കെത്തിക്കാനായത് ഗാന്ധിക്കാണ്. ഓരോ തലമുറയിലും അത് കൂടിവരുന്നതാണ് പിന്നീട് കാണുന്നത്. ഓരോ നേതാവും അവർക്ക് മുമ്പുള്ളവർ വികസിപ്പിച്ചെടുത്ത ഒരു വേദിയിലാണ് നിലയുറപ്പിക്കുന്നത്. എന്നിരുന്നാലും, ഗാന്ധിജിയുടെ വ്യക്തിപ്രഭാവം, ഒരു രാഷ്ട്രീയക്കാരൻ എന്നനിലയിൽ അദ്ദേഹത്തിന്റെ കഴിവുകൾ, ഇന്ത്യൻ സമൂഹത്തിലെ നിരവധി വിഭാഗങ്ങളുമായി അവരുടെ സ്വന്തം സാംസ്കാരിക ശൈലിയിൽ ബന്ധപ്പെടാനുള്ള ശേഷി (ദേശീയതയെക്കുറിച്ചുള്ള പാശ്ചാത്യ ചട്ടക്കൂടിന് വിരുദ്ധമായി) എന്നിവ ശ്രദ്ധേയമായ കഴിവുകളായിരുന്നു. അദ്ദേഹത്തിന് മുമ്പോ ശേഷമോ മറ്റാർക്കും സാധിക്കാത്തവിധത്തിൽ ആളുകളെ ഒരുമിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യൻ ദേശീയതക്ക് അതിന്റെ രാഷ്ട്രീയ യുക്തിക്ക് പുറമെ ധാർമികശക്തി പകരാനും ഗാന്ധിക്ക് കഴിഞ്ഞു.

അംബേദ്കർ ചിന്തകളും അദ്ദേഹത്തിന്റെ എഴുത്തും ഇപ്പോൾ വളരെ ജനപ്രിയമാണ്. പക്ഷേ, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ അദ്ദേഹത്തിന് ഈയൊരു പ്രാധാന്യം ലഭിക്കാതിരുന്നത് എന്തുകൊണ്ടാണ്.

സ്വാതന്ത്ര്യത്തിനുമുമ്പ് അദ്ദേഹത്തിന് പ്രാധാന്യമില്ലായിരുന്നുവെന്ന് പറയാൻ കഴിയില്ല. 20ാം നൂറ്റാണ്ടിലെ ഏറ്റവും മൂർച്ചയുള്ള ബുദ്ധിജീവികളിൽ ഒരാളും വിയോജിപ്പിന്റെ ശബ്ദവുമായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗവും വളരെ യാഥാസ്ഥിതികരായിരുന്ന ഒരു സമയത്ത് നേർക്കുനേർ, ജനപ്രീതിയില്ലാത്ത കാര്യങ്ങൾപോലും പറയാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നു. അദ്ദേഹം റാഡിക്കലായിരുന്നു. പൊതുവിൽ റാഡിക്കലുകൾ പുതിയ പാതകൾ തുറക്കുകയും പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുമ്പോൾ, അവ അപൂർവമായി മാത്രമാണ് ‘ജനപ്രീതി’ നേടുന്നത്. കാരണം, അവർ കാര്യങ്ങൾ മാറ്റിമറിക്കുകയും ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, 1941ൽ തിരുവിതാംകൂറിലെ ചിത്തിര തിരുനാളിനെ അംബേദ്കർ പങ്കെടുക്കുന്ന ഒരു യോഗത്തിലേക്ക് ക്ഷണിച്ചു. മഹാരാജാവ് സർ സി.പി. രാമസ്വാമി അയ്യർക്ക് എഴുതി, ‘രാജകുമാരൻ അംബേദ്കറെപ്പോലുള്ള ഒരാളോടൊപ്പമിരിക്കേണ്ട പാനൽ ക്രമീകരണം ഞാൻ വ്യക്തിപരമായി നല്ലതായി കാണുന്നില്ല. സാധ്യമെങ്കിൽ ആ സാഹചര്യത്തിൽനിന്ന് രക്ഷപ്പെടാനുള്ള പഴുത് കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു.’ ‘അംബേദ്കറെപ്പോലുള്ള ഒരാൾ’ എന്ന പരാമർശം കാണിക്കുന്നത് അദ്ദേഹത്തിന്റെ ആശയങ്ങൾ, ശൈലി, വെട്ടിത്തുറന്നുള്ള പറച്ചിൽ എന്നിവ ലേശം കൂടുതലാണെന്ന് കരുതി പലരും അദ്ദേഹത്തെ വെറുത്തിരുന്നു എന്നാണ്. എന്നാൽ, ഇന്ന്, തിരിഞ്ഞുനോക്കുമ്പോൾ, ആ റാഡിക്കലിസത്തിന്റെ മൂല്യം നമുക്ക് തിരിച്ചറിയാം –നമുക്ക് അതിൽനിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ അതുവരെ സാധ്യമല്ലാത്ത ചിലത് നേടിയെടുക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നതെന്ന് നമുക്കറിയാം. അന്ന്, ഗാന്ധിജിക്കുപോലും അംബേദ്കറുടെ റാഡിക്കലിസത്തോട് അത്ര തൃപ്തിയുണ്ടായിരുന്നില്ല.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തിയ മഹാൻമാരായ സ്വാതന്ത്ര്യ സമര സേനാനികളുടെയും ചിന്തകരുടെയും സ്വപ്നങ്ങൾക്കനുസൃതമായി നാം മുന്നോട്ടുപോയെന്ന് കരുതുന്നുണ്ടോ?

ഓരോ രാജ്യത്തിന്റെയും ചരിത്രപരമായ പരിണാമവും പാതയും വ്യത്യസ്തമായതിനാൽ, നമ്മുടെ ജനാധിപത്യത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്ന് കരുതുന്നു. ഓരോ പ്രദേശത്തുമുള്ള സവിശേഷമായ സംസ്കാരങ്ങൾ, മതം, സാമൂഹിക സാഹചര്യങ്ങൾ മുതലായവ അതിനെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, നമ്മുടെ തൊട്ട അയൽപക്കങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ, ഇന്ത്യ ജനാധിപത്യ തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നതിലും സ്ഥിരതയോടെ പ്രവർത്തിക്കുന്നതിലും മികച്ച പ്രകടനം കാഴ്ച​െവച്ചിട്ടുണ്ട്. എന്നിരുന്നാലും, ലോകത്തിലെ മറ്റിടങ്ങളിലെ പഴക്കമുള്ളതും കൂടുതൽ പക്വവുമായ ജനാധിപത്യ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ, നമ്മൾക്ക് പാളിച്ചകളുണ്ടായിട്ടുണ്ട് –നെഹ്‌റുവിന്റെ കാലം മുതൽ തന്നെ നമ്മൾ വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങൾ ലംഘിച്ചിട്ടുണ്ട്. രാമചന്ദ്ര ഗുഹ ഒരിക്കൽ പറഞ്ഞതുപോലെ, ‘50-50 ജനാധിപത്യം’ എന്ന നിലക്ക് പെരുമാറിയിട്ടുണ്ട്. എങ്കിലും ജനാധിപത്യം എന്ന ആശയമിപ്പോൾ നമ്മുടെ രാജ്യത്ത് വേരൂന്നിക്കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. അത് പൂർണമല്ല, പക്ഷേ വലിയൊരു വിഭാഗം ജനങ്ങളുടെ പങ്കാളിത്തം അതിലുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾക്കൊത്ത് മുന്നോട്ടുപോകാനായോ എന്ന ചോദ്യത്തിന്, അതിന് സാധിച്ചില്ലെന്ന് കൃത്യമായി പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. 1947 മുതലുള്ള കാര്യങ്ങളെടുത്താൽ ചില കാര്യങ്ങൾ അത്ഭുതപ്പെടുത്തും, പക്ഷേ മറ്റു ചിലത് നിരാശപ്പെടുത്തും. പക്ഷേ ലോകത്തിന്റെ ഒരു രീതി അങ്ങനെയാണ്. ഭാവി തലമുറകൾ എങ്ങനെ പെരുമാറുമെന്ന് പൂർണമായി നിർണയിക്കാൻ ഒരു തലമുറക്കും കഴിയില്ല. വർത്തമാനകാല പ്രത്യയശാസ്ത്രങ്ങളെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക്, അവർക്ക് വലിയ ബന്ധമൊന്നുമില്ലാത്ത ചരിത്രസാഹചര്യങ്ങളെയും ഉപയോഗപ്പെടുത്താൻ കഴിയുമെന്നത് വസ്തുതയാണ്.

നിങ്ങളുടെ അഭിപ്രായത്തിൽ, ‘മാതൃകാപരമായ ഇന്ത്യ’ എന്തായിരിക്കും?

എനിക്ക് ലളിതമായ സങ്കൽപങ്ങളാണുള്ളത്. സാമ്പത്തികമായും സാമൂഹികമായും തുല്യതയോടെ ഇടപഴകാനാകുന്ന അവസ്ഥ. വൈവിധ്യത്തെയും വൈജാത്യങ്ങളെയും വിലമതിക്കുകയും അതിനെ ഒരു ബലഹീനതയായി കാണാതിരിക്കുകയും ചെയ്യുന്ന രാജ്യം. കനിവിനോട് ആദരവു കാണിക്കുകയും ഉദാര സമീപനമുണ്ടാവുകയും ചെയ്യുന്ന ജനത. സ്ത്രീകൾക്കും, ഭിന്നലൈംഗികതയുള്ളവർക്കും, അരികുവത്കരിക്കപ്പെട്ടവർക്കും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാൻ കഴിയുന്ന ഇടം. ഇതുപറയുമ്പോഴും ഓർക്കേണ്ടത് ഒരു ‘മാതൃകാപരമായ’ ഇന്ത്യയെ വെറുതെ പ്രതീക്ഷിക്കുന്നതിൽ അർഥമില്ലെന്നതാണ് –അതിനായി നമ്മൾ പരിശ്രമിക്കണം. ചെറുതും വലുതുമായ പരിശ്രമങ്ങളുടെ നൈരന്തര്യമുണ്ടാകണം.

Tags:    
News Summary - Manu S Pillai speaks The concept of India Dream of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.