ന്യൂഡൽഹി: യു.പിയിലെ ഹഥ്രസിൽ സവർണർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ നീതിക്കായി ശബ്ദിച്ച് ബോക്സർ വിജേന്ദർ സിങ്. ഉന്നാവോ ബലാത്സംഗക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ് വിജേന്ദർ പ്രതികരിച്ചത്.
''ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ്കാറിനെ ഓർമയില്ലേ?. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്കായി അധികാരത്തിലിരുന്നവർ വലിയ പരിശ്രമം നടത്തി. ഇതുപോലുള്ള കാരണങ്ങൾ കൊണ്ടാണ് ബലാത്സംഗം ചെയ്യുന്നവർ വർധിക്കുന്നത്. യാതൊരു പേടിയുമില്ലാതെയുമാണവർ നമ്മുടെ നിർഭയമാരെ കൊല്ലുന്നത്. മോദി അനുകൂല മാധ്യമങ്ങൾ നിശബ്ദരായി കാഴ്ച കാണുകയാണ്'' -വിജേന്ദർ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി അരങ്ങേറിയ ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച വിജേന്ദർ, കൃഷി രക്ഷിക്കാൻ പൊലീസിനോട് ഏറ്റുമുട്ടേണ്ട സ്ഥിതിയാണെന്ന് തുറന്നടിച്ചിരുന്നു.
2008 ബീജിങ് ഒളിമ്പിക്സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ ലോകത്തിലെ മുൻ ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട് പ്രൊഫഷനൽ ബോക്സിങിലേക്ക് തിരിയുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായ മത്സരിച്ച വിജേന്ദർ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.