ജെല്ലിക്കെട്ട്: രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് തടിയൂരാന്‍ ബി.ജെ.പി ശ്രമം

കോയമ്പത്തൂര്‍: ജെല്ലിക്കെട്ട് വിഷയത്തിലെ രാഷ്ട്രീയക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ തമിഴ്നാട് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ബി.ജെ.പി നീക്കം. പ്രത്യേക സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിറക്കാന്‍ കേന്ദ്രസര്‍ക്കാറിന് മാത്രമല്ല, സംസ്ഥാന സര്‍ക്കാറിനും അധികാരമുണ്ടെന്ന വാദവുമായി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തിറങ്ങിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

കാഞ്ചിപുരം മാമലപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഭരണഘടനാപ്രകാരം ജെല്ലിക്കെട്ട് നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് മുന്‍കൈയെടുക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞത്. അത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തമിഴ്നാട് തയാറായാല്‍ കേന്ദ്രം മുഴുവന്‍ പിന്തുണയും നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ജെല്ലിക്കെട്ടിനുള്ള കേന്ദ്ര വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി വിലക്കിയതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിയില്ളെന്നും അവര്‍ വ്യക്തമാക്കി. ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രി ജയലളിതയെ വെട്ടിലാക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം.

ജെല്ലിക്കെട്ട് പ്രേമികളുടെയും പ്രതിഷേധക്കാരുടെയും ശ്രദ്ധ തമിഴ്നാട് സര്‍ക്കാറിലേക്ക് തിരിച്ചുവിടാനും ഇതിലൂടെ ബി.ജെ.പിക്കായി. മധുരയിലും മറ്റും നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യമുയര്‍ന്നതും ഈ പശ്ചാത്തലത്തിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിറക്കുന്നത് സുപ്രീംകോടതിയെ അവഹേളിക്കുന്നതിന് തുല്യമാവുമെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് സര്‍ക്കാറിന് ചട്ടം കൊണ്ടുവരാന്‍ കഴിയുമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്.

എന്നാല്‍, 2014 മേയില്‍ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരായ തമിഴ്നാട് സര്‍ക്കാറിന്‍െറ പുന$പരിശോധനാ ഹരജി പരിഗണനയിലിരിക്കെ ഇതിന് കഴിയില്ളെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധരുടെ നിലപാട്. ഇത് നിയമപരമായ ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം, ഓര്‍ഡിനന്‍സ് വഴി ജെല്ലിക്കെട്ട് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും പിന്നീട് കോടതി നടപടികള്‍ക്ക് വിധേയമാവാമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.