ന്യൂഡൽഹി: ഇതാദ്യമായി ലോക്സഭാംഗമായി പാർലമെന്റിലേക്ക് പ്രവേശിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സത്യപ്രതിജ്ഞക്കായി പാർലമെന്റിലേക്ക് പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിക്കൊപ്പം പോകുന്ന ദൃശ്യങ്ങൾ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങൾ രാഹുലും പ്രിയങ്കയും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ആഴം പ്രതിഫലിക്കുന്നതാണ്.
കോൺഗ്രസ് എം.പിമാർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഒന്നിച്ച് പാർലമെന്റിലേക്ക് പ്രവേശിച്ചത്. ഇതിനിടയിൽ പ്രിയങ്ക കുറച്ചു നേതാക്കളുമായി സംസാരിച്ചുനിന്നതിനിടെ ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനുമൊപ്പം സംസാരിച്ചുകൊണ്ട് രാഹുൽ അൽപം മുന്നോട്ടുപോയി. സംസാരം കഴിഞ്ഞ് എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തോടൊപ്പം പ്രിയങ്ക പടവുകൾ കയറുന്നതിനിടെ ‘ഒന്നു നിൽക്കൂ’ എന്ന് പറഞ്ഞ് രാഹുൽ പ്രിയങ്കയെ ഫോട്ടോക്ക് പോസ് ചെയ്യിക്കുകയായിരുന്നു. ‘ഇതുകൂടി ഒന്ന് എടുക്കട്ടേ’ എന്നുപറഞ്ഞാണ് രാഹുൽ ഗാന്ധി, പ്രിയങ്ക പാർലമെന്റിലെത്തുന്ന അഭിമാനമുഹൂർത്തം തന്റെ മൊബൈൽ ഫോണിൽ പകർത്തിയത്.
ഫോട്ടോ എടുക്കുന്നതിനിടെയുള്ള രാഹുലിന്റെ തമാശകൾക്ക് ഹൈബി ഉൾപ്പെടെ പൊട്ടിച്ചിരിക്കുന്നതും കാണാം. ദൃശ്യങ്ങളിലില്ലാത്ത കെ.സി. വേണുഗോപാലിനെ എം.കെ. രാഘവനും കൊടിക്കുന്നിൽ സുരേഷും ഫോട്ടോയിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും അുദ്ദേഹം എത്തിയില്ല.
വയനാട് ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമൊപ്പം കസവു സാരിയണിഞ്ഞാണ് പ്രിയങ്ക എത്തിയത്. ഭർത്താവ് റോബർട്ട് വദ്രയും മക്കളും സുഹൃത്തുക്കളും സത്യപ്രതിജ്ഞ കാണാൻ പാർലമെന്‍റിലെത്തിയിരുന്നു.
പ്രിയങ്കയുടെ കന്നിപ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും. ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന്റെ വിജയപത്രം പ്രിയങ്കക്ക് കൈമാറിയിരുന്നു. വോട്ടർമാർക്ക് നന്ദി അറിയിക്കാനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായത്തെക്കുറിച്ച് പ്രതിനിധി സംഘവുമായി പ്രിയങ്ക ചര്‍ച്ച ചെയ്തു. വിഷയം ലോക്സഭയിൽ ഉടൻ ഉന്നയിക്കുമെന്നും പ്രിയങ്ക അറിയിച്ചു.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പ്രിയങ്ക അനുഗ്രഹം തേടിയിരുന്നു. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്സഭാ അംഗമാണ് ഇനി പ്രിയങ്ക. രാഹുലിനൊപ്പം പ്രിയങ്കയും പാർലമെന്‍റിലെത്തുന്നത് കോൺഗ്രസിന് കരുത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.