യെച്ചൂരി, കാരാട്ട് കേരളത്തിലേക്ക്, കേന്ദ്ര നേതൃയോഗം 22 മുതല്‍

ന്യൂഡല്‍ഹി: വോട്ടുപെട്ടി തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, കേരളത്തില്‍ 85ല്‍ കുറയാത്ത സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍െറ റിപ്പോര്‍ട്ട്. 85 മുതല്‍ 96 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന്  കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി മുന്നേറ്റം നടത്തിയെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍  അക്കൗണ്ട് തുറക്കാനിടയില്ളെന്നാണ് വിലയിരുത്തുന്നത്.  അതേസമയം, ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ വോട്ടുമറിക്കല്‍ നടന്നുവെന്ന് വിശ്വസനീയ വിവരങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.  

 കേരളത്തില്‍  എക്സിറ്റ് പോളുകളെല്ലാം അനുകൂലമായതോടെ തിരിച്ചുവരവ് ഉറപ്പിച്ചനിലയിലാണ് സി.പി.എം കേന്ദ്ര നേതൃത്വം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവയ്ലബ്ള്‍ പോളിറ്റ് ബ്യൂറോ പുതിയ സാഹചര്യം ചര്‍ച്ചചെയ്തു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുപിന്നാലെ 20ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍  യെച്ചൂരി,  കാരാട്ട് എന്നിവര്‍ പങ്കെടുക്കും. ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച  പ്രാഥമിക ചര്‍ച്ചയും  തിരുവനന്തപുരത്ത് നടക്കും.

 22ന് പി.ബിയും 23, 24 തീയതികളില്‍ കേന്ദ്ര കമ്മിറ്റിയും ചേരുന്നുണ്ട്. മുഖ്യമന്ത്രി സംബന്ധിച്ച  അന്തിമ തീരുമാനം ഈ യോഗങ്ങളില്‍ ഉണ്ടാക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. ബംഗാളില്‍ കോണ്‍-സി.പി.എം കൈയരിവാള്‍ സഖ്യത്തിന്‍െറ നേട്ടവും കോട്ടവും കേന്ദ്രകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയാകും.  യെച്ചൂരിയുടെ നിര്‍ദേശപ്രകാരമാണ്  വി.എസും പിണറായിയും  ഒന്നിച്ച് മത്സരിച്ചത്. ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇതുവരെ പാര്‍ട്ടി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ് നീണ്ട കാലത്തെ ഇടവേളക്കുശേഷം പാര്‍ലമെന്‍ററി രംഗത്തേക്ക് വരുന്ന പിണറായിയെയാണ് സംസ്ഥാന ഘടകം ഭരണം നയിക്കാന്‍  മുന്നോട്ടുവെക്കുന്നത്.

അതേസമയം, പിണറായിക്കുവേണ്ടി സ്വമേധയാ വഴിമാറാന്‍  ഒരുക്കമല്ളെന്ന നിലപാടിലാണ് വി.എസ്.  പാര്‍ട്ടിക്ക് തീരുമാനിക്കാം എന്നതാണ് വി.എസിന്‍െറ നിലപാട്.  ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ 19നുശേഷം മാത്രമേ ആരംഭിക്കൂവെന്ന്  യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. രണ്ടു ദിവസംകൂടി കാത്തിരിക്കൂ.  പാര്‍ട്ടി കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിച്ച് മാധ്യമങ്ങളെ അറിയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.