‘താനൂര്‍ ഇഫക്ട്’ വ്യാപിപ്പിക്കാന്‍ സി.പി.എം; വോട്ട് ചോര്‍ച്ചയില്‍ ലീഗിന് ആശങ്ക

മലപ്പുറം:  പൊന്നാനി ലോക്സഭാ മണ്ഡത്തിലെ വോട്ട് നിലയില്‍ മുസ്ലിം ലീഗിന് ആശങ്ക. പരമ്പരാഗതമായി  ലീഗ് കൈവശം വെക്കുന്ന ഈ സീറ്റില്‍ കുറേക്കാലമായി ലക്ഷത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 1,071 വോട്ടിന്‍െറ മുന്‍തൂക്കം മാത്രമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് നേടാനായത്.

താനൂരില്‍ അട്ടിമറി നേടിയ എല്‍.ഡി.എഫ് പൊന്നാനിയിലും തവനൂരിലും ഭൂരിപക്ഷം മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചപ്പോള്‍ പലയിടത്തും ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചത് ചെറിയ ഭൂരിപക്ഷത്തിലാണ്. തിരൂരങ്ങാടി, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലങ്ങളാണ് പൊന്നാനി ലോക്സഭാ പരിധിയില്‍ വരുന്നത്. ഇതില്‍ തവനൂര്‍, പൊന്നാനി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 37,622 വോട്ട് ഇടതിന് അധികം ലഭിച്ചു.
തൃത്താല, തിരൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍ നിലനിര്‍ത്തിയ യു.ഡി.എഫിന്‍െറ ഭൂരിപക്ഷം 38,691 ആണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25,410 വോട്ടിനായിരുന്നു പൊന്നാനിയില്‍ വി. അബ്ദുറഹ്മാനെതിരെ ഇ.ടി. മുഹമ്മദ് ബഷീറിന്‍െറ ജയം. നിയമസഭയില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് ഭൂരിപക്ഷമായ 38,691ല്‍ 10,547 തൃത്താലയിലെ വി.ടി. ബല്‍റാമിന്‍െറ ഭൂരിപക്ഷമാണ്.
ഇടത് ചായ്വുള്ള മണ്ഡലമായ തൃത്താലയില്‍ ബല്‍റാം വ്യക്തിപ്രഭാവത്താല്‍ ജയിച്ചതാണെന്ന യാഥാര്‍ഥ്യമാണ് ലീഗിനെ അലോസരപ്പെടുത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ബഷീര്‍ 6,433 വോട്ടിന് പിന്നിലായിരുന്നു. ഇതാവര്‍ത്തിക്കുകയും തിരൂരങ്ങാടിയില്‍ ഉള്‍പ്പെടെ വോട്ട് ചോര്‍ച്ച തുടരുകയും ചെയ്താല്‍ ഫലം മാറും.
തവനൂര്‍ 9170, പൊന്നാനി 7658 എന്നിങ്ങനെയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്‍തൂക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യഥാക്രമം 17,064ഉം 15,640ഉം ആയി. മറുഭാഗത്ത് 23,367 വോട്ടിന് മുന്നിലായിരുന്ന തിരൂരങ്ങാടിയില്‍ 6,043ലേക്ക് യു.ഡി.എഫ് കൂപ്പുകുത്തിയപ്പോള്‍ തിരൂരില്‍ 7,245ല്‍നിന്ന് 7,061ലേക്കും കുറഞ്ഞു. താനൂര്‍ 6,220 വോട്ടിന്‍െറ ഭൂരിപക്ഷം ബഷീറിന് നല്‍കിയെങ്കില്‍ നിയമസഭയിലേക്ക് വി. അബ്ദുറഹ്മാന്‍ 4,918 വോട്ടിന് ജയിച്ചു. കോട്ടക്കലില്‍ 11,881ല്‍നിന്ന് 15,042ലേക്ക് മെച്ചപ്പെടുത്താനായതാണ് നേരിയ ആശ്വാസം.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷം ലീഗിന് നല്‍കിയ മണ്ഡലങ്ങളാണ് കോട്ടക്കലും തിരൂരങ്ങാടിയും.
തിരൂരിലും വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91,351 വോട്ടിന്‍െറ മുന്‍തൂക്കമുണ്ടായിരുന്നിടത്ത് നിന്നാണ് മൂന്ന് വര്‍ഷത്തിന് ശേഷം ബഷീറിന്‍െറ ലീഡ് 25,410ലേക്ക് ചുരുങ്ങിയത്.
 ‘താനൂര്‍ ഇഫക്ട്’ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. എന്നാല്‍, സാഹചര്യം മാറുമെന്നും മികച്ച ഭൂരിപക്ഷത്തിന് സീറ്റ് നിലനിര്‍ത്തുമെന്നുമാണ് ലീഗ് വൃത്തങ്ങള്‍ പറയുന്നത്. ചില നിയമസഭാ മണ്ഡലങ്ങളിലെ ഏകപക്ഷീയ മേധാവിത്വം നഷ്ടപ്പെട്ടെങ്കിലും മലപ്പുറം ലോക്സഭാ സീറ്റില്‍ പാര്‍ട്ടി സുരക്ഷിതമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.