കോഴിക്കോട്: ജില്ല-മണ്ഡലം നേതൃത്വത്തിലുള്ളവരുടെ പ്രായത്തിൽ ‘കടുംവെട്ട്’ നടത്താൻ ബ ി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിച്ചതോടെ പാർട്ടി അടിത്തട്ടിലെ ‘അടി’ തീരുന്നില്ല. ഇങ്ങനൊരു നിർദേശത്തിലൂടെ പൊലിഞ്ഞത് വർഷങ്ങളായി സ്ഥാനം കാത്തിരുന്ന നേതാക്കളുടെ സ്വപ്നങ്ങളാണ്. ഇത് പാർട്ടിയുടെ അടിത്തട്ടിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചെറുതല്ല.
മണ്ഡലം പ്രസിഡൻറിനുള്ള പ്രായപരിധി 45 വയസ്സും ജില്ല പ്രസിഡൻറിെൻറ പ്രായപരിധി 55ഉം എന്നത് കർശനമാക്കാൻ കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വം നിർദേശിച്ചത്. അതോടെ സമവായ പ്രസിഡൻറായി പാർട്ടി പ്രാദേശിക നേതൃത്വം കണ്ടിരുന്ന പലരും കള്ളിക്ക് പുറത്തായി. ഇതോടെയാണ് പ്രാദേശികമായി നേതാക്കൾ ചേരിതിരിഞ്ഞ് ഭാരവാഹിയാവാനുള്ള ശ്രമം നടത്തുന്നത്.
140 മണ്ഡലങ്ങളിലും പ്രസിഡൻറുമാരെ സമവായത്തിലൂടെ കണ്ടെത്തണമെന്നാണ് നിർദേശമെങ്കിലും മത്സരിക്കാൻ തയാറായി വരുന്നവർ പിന്മാറിയില്ലെങ്കിൽ പാർട്ടിയുടെ അടിത്തട്ടിൽ വലിയ പൊട്ടിത്തെറിക്കത് കാരണമാവും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാൻ ഒരുവർഷംപോലും ഇല്ലാത്ത സാഹചര്യത്തിൽ പ്രാദേശികമായി ഉണ്ടാക്കുന്ന തർക്കങ്ങൾ പാർട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന് നേതാക്കൾ പറയുന്നു.
പുതിയ സാഹചര്യത്തിൽ മണ്ഡലം-ജില്ല പ്രസിഡൻറുമാരെ തിരഞ്ഞെടുത്തതിനുശേഷമേ സംസ്ഥാന പ്രസിഡൻറ് പ്രഖ്യാപനം ഉണ്ടാവൂ എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ ജനുവരി പകുതിവരെയെങ്കിലും കേരളത്തിലെ ബി.ജെ.പി നാഥനില്ല പാർട്ടിയായി തുടരും. യുവമോർച്ച ഭാരവാഹികൾക്കുള്ള പ്രായപരിധി 35 വയസ്സായാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രായപരിധി കഴിയുന്നതോടെ യുവമോർച്ചയിലെ ചുമതലയൊഴിയുന്ന നേതാക്കളെ പാർട്ടി ചുമതലകളിൽ ഉൾപ്പെടുത്തേണ്ടിവരും. ഇതു തങ്ങളുടെ സാധ്യതയെ ബാധിക്കുമോയെന്നും നേതാക്കൾക്ക് ആശങ്കയുണ്ട്. പുതിയ നിർദേശ പ്രകാരം നിലവിലെ യുവമോർച്ച കമ്മിറ്റിയിലെ ഭൂരിഭാഗത്തിനും സ്ഥാനം നഷ്ടമാവും. പുനഃസംഘടനയിൽ യുവമോർച്ച ഭാരവാഹിയാവാമെന്ന് പ്രതീക്ഷിച്ചവർക്കും പ്രായപരിധി നിർദേശം ഇടിത്തീയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.