നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കരുത്ത് ഗവേഷണങ്ങൾക്കുണ്ടാകണമെന്ന് പി. രാജീവ്

കൊച്ചി: നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കരുത്ത് ഗവേഷണങ്ങൾക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. നോളജ് ട്രാന്‍സ്ലേഷന്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവലാശാലയിൽ നടക്കുന്ന ദ്വിദിന ദേശീയ ക്രോസ് ഡിസിപ്ലിനറി കോണ്‍ഫറന്‍സിന്റെയും ശിൽപ്പശാലയുടെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തിന്റെ കാലഘട്ടത്തിലുണ്ടായ ഡീസൽ ക്ഷാമം പരിഹരിക്കാൻ തെങ്ങിൽ തടിയിൽ നിന്ന് ചാർക്കോളുണ്ടാക്കി ഇന്ധനമായി ഉപയോഗിക്കാമെന്ന ഉത്തരം നൽകിയത് കേരള സർവകലാശാലയായിരുന്നു. കോവിഡ് വ്യാപിച്ചപ്പോൾ വാക്സിനു വേണ്ടി ജനങ്ങൾ തിരിഞ്ഞത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്കാണ്. ഇത്തരം അനുഭവങ്ങളാണ് പുതിയ കാലഘട്ടത്തിനായുള്ള പ്രയോഗ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് അടിസ്ഥാനമാകേണ്ടത്.

മെഡിക്കൽ ഉപകരണങ്ങളുടെയും ഫാർമസിക്യൂട്ടിക്കൽ ഉപകരണങ്ങളുടെയും ഉത്പാദനത്തിന് അനുയോജ്യമായ സാഹചര്യം കേരളത്തിലുണ്ട്. കൃത്രിമ പല്ല് നിർമ്മാണത്തിൽ ഏറ്റവും വലിയ കമ്പനിയും ഇവിടെയുണ്ട്. ലൈഫ് സയൻസ് പാർക്ക്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കേന്ദ്രങ്ങളുമുണ്ട്. പക്ഷേ ഇവയുടെയെല്ലാം സാധ്യതകൾ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നത് പരിശോധിക്കണം.

ട്രാൻസ്ലേഷണൽ റിസർച്ച് കോൺഫറൻസിന്റെ സംഘാടനത്തിലൂടെ കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏറ്റെടുത്തിട്ടുള്ളത്. വിജ്ഞാനാധിഷ്ഠിത സമൂഹത്തിന്റെ പതാക വാഹകരായ സർവകലാശാലകളെ ശരിയായ ദിശയിൽ നയിക്കുന്നതിന് കോൺഫറൻസ് സഹായകരമാകും. കാലത്തിനനുസരിച്ചുള്ള നിലവാരത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാവസായിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

ഗവേഷണത്തിൽ മൾട്ടി ഡിസിപ്ലിനറി സമീപനം കൊണ്ടുവരാൻ കഴിയണം. വിവിധ വിഷയങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കണം. അറിവാണ് ഏറ്റവും വലിയ മൂലധനമെന്നും മന്ത്രി പറഞ്ഞു.

സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ്: വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്ന് ചീഫ്സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സിവിധാനം നടപ്പാക്കുന്നതിൽ വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയുടെ സർക്കുലർ. സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനാണ് നേരത്തെ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

എന്നാൽ, നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ സമയബന്ധിമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നാണ് വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത്.

കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31 ന് മുമ്പ് ഈ സംവിധാനം നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ ഒന്നാമത്തെ നിർദേശം.

വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിൽ പുരോഗതി വിലയിരുത്തും. ഓരേ വകുപ്പിലെയും ഒരു അഡീഷണൽ സെക്രട്ടറി, ജോയിന്റ സെക്രട്ടറിയെ അതാത് വകുപ്പിന് കീഴിലുള്ള ഓഫിസുകളിൽ പഞ്ചിങ് നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാനും ചുമതലപ്പെടുത്തണം. ഈ ഓഫിസിലെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിന് ലഭ്യമാക്കണം.

ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പോർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫിസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13 ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കറിൽ പറയുന്നു. 

Tags:    
News Summary - Research should have the strength to find solutions to the problems of the country. P.Rajiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.