പി.പി ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചത് സി.പി.എം-വി.ഡി. സതീശൻ

ചേലക്കര: പി.പി ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചത് സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.പി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഇത്രയും ദിവസം പ്രതി എവിടെയായിരുന്നുവെന്ന് പൊലീസിന് അറിയാമായിരുന്നു. കീഴടങ്ങിയ പ്രതിയെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തെന്ന് പൊലീസ് പറയുന്നത്. അവര്‍ പാര്‍ട്ടി ഗ്രാമത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദ്ദേശ പ്രകാരം സി.പി.എമ്മാണ് പി.പി ദിവ്യയെ ഒളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വി.ഐ.പി പ്രതിയായതു കൊണ്ടാണ് മാധ്യമങ്ങളെ പോലും കാണിക്കാതെ സ്‌റ്റേഷനില്‍ എത്തിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് നിവൃത്തിയില്ലാതെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതി പയ്യന്നൂര്‍ ആശുപത്രിയില്‍ എത്തിയിട്ടും ഇവര്‍ ആരും അറിഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അറസ്റ്റു ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടില്ല. അവര്‍ പൂര്‍ണ സംരക്ഷണത്തിലായിരുന്നു എന്നതാണ് പ്രതി നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് ഇപ്പോള്‍ പറയുന്നതിന്റെ അർഥം.

സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ഒരു റോളുമില്ല. നേരത്തെ എ.കെ.ജി സെന്ററിലാണ് എല്ലാ നിയന്ത്രിക്കുന്നതെന്ന് പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്കാര്‍ പ്രതികളായി വന്നാല്‍ ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീതി കിട്ടാത്ത അവസ്ഥയാണ്. സ്വന്തക്കാര്‍ എന്ത് വൃത്തികേട് ചെയ്താലും കുട പിടിക്കുമെന്ന സന്ദേശമാണ് കോടതി വിധിയിലൂടെ തകര്‍ന്നത്.

പ്രതിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. ആത്മഹത്യ ചെയ്ത നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയെന്ന ആദര്‍ശത്തിന്റെ പരിവേഷം പ്രതിക്ക് നല്‍കാനും സി.പി.എം ശ്രമിച്ചു. പ്രശാന്തന്റെ ഒപ്പ് വ്യാജമാണെന്ന് മാധ്യമങ്ങള്‍ തെളിയിച്ചതോടെ നവീന്‍ ബാബുവിനെ അഴിമതിക്കാരനായി താറടിക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത് എ.കെ.ജി സെന്ററിലാണ് വ്യാജ പരാതി ഉണ്ടാക്കിയത്. പ്രതിപക്ഷ ആരോപണം ശരിയായിരുന്നുവെന്നു വ്യക്തമായി. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഉപജാപകസംഘമാണ് ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും അനുവദിക്കാതിരുന്നത്. ഒരു കുടുംബത്തിന് നീതി കൊടുക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് മുഖ്യമന്ത്രിയും. സി.പി.എം ഭരണം എത്രത്തോളം ദുര്‍ഭരണമാണെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. ഒന്നാം പിണറായി സര്‍ക്കാര്‍ ശിവശങ്കരന്റെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


Full View


Tags:    
News Summary - PP Divya was hidden in the party village by CPM-V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.