മുക്കം: പാലക്കാട് മണ്ഡലത്തിൽ അടുത്ത 10ന് താൻ പ്രചാരണത്തിനിറങ്ങുമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ. ചേലക്കരയിൽ അഞ്ചാം തീയതിയും പ്രചാരണം നടത്തും. വയനാട്ടിൽ യു.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിക്കുമെന്നും പാലക്കാട് മണ്ഡലം നിലനിർത്തുന്നതിനൊപ്പം ചേലക്കര തിരിച്ചുപിടിക്കുമെന്നും മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ഇൻഡ്യ മുന്നണി അംഗമായതിനാൽ വയനാട്ടിലെ മത്സരത്തിൽ നിന്ന് എൽ.ഡി.എഫ് പിന്മാറണമായിരുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു. ഇൻഡ്യ മുന്നണിയുടെ പ്രധാന നേതാക്കളിൽ ഒരാളായ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള സി.പി.ഐയുടെ തീരുമാനം ദൗർഭാഗ്യകരമാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു സഹായവും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഒരു രൂപ പോലും നൽകാൻ തയാറാകാത്തവർ ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുതന്നെ തൊലിക്കട്ടിയുടെ ഭാഗമായാണ് കാണുന്നത്.
തനിക്ക് പാർലമെന്റിലേക്ക് സീറ്റ് തന്നത് രാജീവ് ഗാന്ധിയാണ്. 1991 മേയ് മാസത്തിൽ എനിക്കുവേണ്ടി അദ്ദേഹം കോഴിക്കോട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു. പിരിയാൻ നേരത്ത്, ഡൽഹിയിൽ വെച്ച് കാണാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രി മത്സരിക്കുന്ന ഇടത്തുനിന്നുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാൻ കാരണം അതാണ്. ആ കുടുംബവുമായി തനിക്കുള്ളത് വൈകാരിക ബന്ധമാണെന്നും കെ. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.