രാഹുല്‍ ഗാന്ധിക്കും എം.പിമാര്‍ക്കും എതിരായ ആരോപണം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

ഇടുക്കി : രാഹുല്‍ ഗാന്ധിക്കും എം.പിമാര്‍ക്കും എതിരായ ആരോപണം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയ്ക്കും ഫാഷിസത്തിനും അഴിമതിക്കും എതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടം കേരളത്തില്‍ യു.ഡി.എഫ് സമഗ്ര വിജയമാക്കി മാറ്റും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിന് ഇരകളായ ജനങ്ങള്‍ അവരുടെ അമര്‍ഷവും നിരാശയും പ്രതിഷേധവും പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.

എതിരാളികള്‍ക്ക് ഒരു സീറ്റ് പോലും ഉറപ്പിക്കാനാകാത്ത രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇരുപതില്‍ ഇരുപത് സീറ്റും നേടാനുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫ് ആരംഭിച്ചിരിക്കുന്നത്. ജനാധിപത്യ ചേരിയിലുള്ള എല്ലാ ജനങ്ങളെയും കോണ്‍ഗ്രസിനും യു.ഡി.എഫിനും പിന്നില്‍ അണിനിരത്താനാകും എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. കേരളത്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ചരിത്രത്തിലെ തന്നെ ഉജ്ജ്വല വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

ദേശീയ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ചെയ്തികളും പ്രചരണ വിഷയമാകും. കേന്ദ്രത്തിലെ ഫാഷിസത്തിന്റെ മറ്റൊരു പതിപ്പാണ് കേരളവും ഭരിക്കുന്നത്. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിക്കുമെന്നതില്‍ സംശയമില്ല. 55 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 45 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും നല്‍കാനുണ്ട് സംസ്ഥാനത്തെ മൂന്നില്‍ ഒന്ന് ജനങ്ങളും പട്ടിണിയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റോറുകളില്‍ ഒരു സാധനങ്ങളും ഇല്ലാത്ത അവസ്ഥയാണ്. ജനങ്ങള്‍ക്ക് മേല്‍ അമിത നികുതി ഭാരം കെട്ടിവച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി കേരളത്തെ ദാരിദ്രത്തിലേക്ക് തള്ളിവിട്ട സര്‍ക്കാരാണ് കേരളത്തിലേത്.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നട്ടാല്‍ കുരുക്കാത്ത നുണ പറയുന്ന ആളാണ് പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പൗരത്വ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തിട്ടും മൂലയ്ക്ക് ഇരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബില്ലില്‍ നിയമപരമായ തടസവാദം ഉന്നയിക്കുകയും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ശശി തരൂരിന്റെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയുമൊക്കെ പ്രസംഗം മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രിയും ഓഫീസും വായിച്ച് പഠിക്കട്ടെ.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വന്നില്ലെന്നതാണ് മുഖ്യമന്ത്രിയുടെ മറ്റൊരു ആരോപണം. പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാര്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്തതിന് തെളിവുണ്ട്. എന്നിട്ടും എങ്ങനെയാണ് ഇങ്ങനെ കള്ളം പറയാന്‍ പറ്റുന്നത്? വാ തുറന്നാല്‍ നുണ മാത്രം പറയുന്ന ആളായി മുഖ്യമന്ത്രി അധപതിച്ചു. രാഹുല്‍ ഗാന്ധിക്കും യു.ഡി.എഫ് എം.പിമാര്‍ക്കും എതിരായ ആരോപണം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിക്കാന്‍ ആളെ വിടുകയും ബി.ജെ.പിയുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നവരാണ് ഇപ്പോള്‍ ബി.ജെ.പി വിരോധം പറയുന്നത്. 1977 -ല്‍ ആര്‍.എസ്.എസ് വോട്ട് വാങ്ങി എം.എല്‍.എ ആയ ആളാണ് പിണറായി. ലാവലിന്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, മാസപ്പടി കേസുകള്‍ തീര്‍ക്കാന്‍ ബി.ജെ.പിയുമായി സന്ധി ചെയ്തിരിക്കുകയാണ്. ബി.ജെ.പിയുമായി ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉള്ളതുകൊണ്ടാണ് ബി.ജെ.പിയുടേത് നല്ല സ്ഥാനാര്‍ത്ഥികളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. ബി.ജെ.പിക്ക് കേരളത്തില്‍ ഇല്ലാത്ത സ്‌പേസ് ഉണ്ടാക്കിക്കൊടുക്കുന്നത് പിണറായിയുടെ നിര്‍ദ്ദേശപ്രകാരമാണ്.

തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും തമ്മില്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇതുവരെ മറുപടി നല്‍കിയില്ല. കുമരകത്ത് രാജീവ് ചന്ദ്രശേഖരന്റെ കമ്പനി റിസോര്‍ട്ട് തുടങ്ങിയപ്പോള്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയ സമരം നടന്നു. ഡി.വൈ.എഫ്.ഐക്കാര്‍ റിസോര്‍ട്ട് തല്ലിപ്പൊളിച്ചു. ആ കേസൊക്കെ എവിടെ പോയി? എല്ലാ ധാരണയിലെത്തി. ബി.ജെ.പി സി.പി.എം നേതാക്കള്‍ ഒക്കച്ചങ്ങായിമാരും ബിസിനസ് പാര്‍ട്ണര്‍മാരുമാണ്. ഒരുപാട് സീറ്റുകളില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുന്നത്.

Tags:    
News Summary - VD Satheesan wants the Chief Minister to withdraw the allegations against Rahul Gandhi and MPs and apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.