‘കുടുംബം’ എന്ന തലക്കെട്ടോടെ സുൽത്താൻ അൽ നിയാദി ട്വിറ്ററിൽ പങ്കുവെച്ച ബഹിരാകാശ നിലയത്തിലെ
സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രം
ദുബൈ: അറബ് ലോകത്തിന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ഐതിഹാസികമായ ഏട് എഴുതിച്ചേർത്ത് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് മടങ്ങുന്നു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ ക്രൂ-7 സംഘത്തിന്റെ യാത്ര കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ച് പുതുക്കിനിശ്ചയിച്ചതായി ‘നാസ’ വെള്ളിയാഴ്ച അറിയിച്ചു.
ഞായറാഴ്ച യു.എ.ഇ സമയം വൈകീട്ട് 3.05ന് പുറപ്പെടാനാണ് പുതിയ അറിയിപ്പ് പ്രകാരം സാധ്യത. നേരത്തെ ശനിയാഴ്ച പുറപ്പെടുമെന്ന് അറിയിച്ചിരുന്നു. പുതുക്കിയ സമയമനുസരിച്ച് പേടകം തിങ്കളാഴ്ച രാവിലെ എട്ടിന് ശേഷമായിരിക്കും യു.എസിലെ ഫ്ലോറിഡയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ വന്നിറങ്ങുക.
യു.എ.ഇയിലെ സ്വദേശികളും താമസക്കാരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മടക്കയാത്ര മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം തത്സമയം വെബ്സൈറ്റ് വഴി ടെലികാസ്റ്റ് ചെയ്യും. അതേസമയം, ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇഡാലിയ ചുഴലിക്കാറ്റ് അടക്കമുള്ള ഘടകങ്ങൾ കാരണമായി യാത്രയുടെ സമയത്തിൽ മാറ്റത്തിന് ഇനിയും സാധ്യതയുണ്ടെന്ന് നാസ സൂചന നൽകി.
ബഹിരാകാശത്ത് ആറുമാസം നീണ്ട ദൗത്യം പൂർത്തിയാക്കിയാണ് അൽ നിയാദി ഭൂമിയിലേക്ക് മടങ്ങുന്നത്. 200ലധികം പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജന്, ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് വംശജൻ എന്നീ റെക്കോഡുകൾ ഇതിനകം അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടു.
സഹയാത്രികരായ നാസയുടെ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റഷ്യയുടെ ആൻഡ്രേ ഫെദ്യാവ് എന്നിവരും നിയാദിക്കൊപ്പം മടങ്ങും. ബഹിരാകാശ നിലയത്തിലെത്തിയ ക്രൂ സെവൻ അംഗങ്ങൾക്ക് ചുമതലകൾ കൈമാറിക്കഴിഞ്ഞു. വിവിധ ഘട്ടങ്ങളുള്ള ഒരുക്കങ്ങൾക്ക് ശേഷമാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗൻ സ്പേസ് ക്രാഫ്റ്റായ എൻഡീവർ ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങുക.
കഴിഞ്ഞ വർഷം മാര്‍ച്ച് മൂന്നിനാണ് നിയാദി ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തില്‍നിന്ന് ഇന്ത്യയുടേതടക്കം നിരവധി അപൂർവ ചിത്രങ്ങൾ അല്‍ നിയാദി പങ്കുവെച്ചിട്ടുണ്ട്.
യു.എ.ഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാര്‍ഥികളുമായും പലതവണയായി അദ്ദേഹം ബഹിരാകാശത്തുനിന്ന് ആശയവിനിമയം നടത്തുകയും ചെയ്തു. ബഹിരാകാശത്തുനിന്ന് തിരികെയെത്തുന്ന അൽ നിയാദിക്ക് ഊഷ്മള സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ യു.എ.ഇ ബഹിരാകാശ ഏജൻസി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.