ദോഹ: വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച രാത്രി അൽ കറാറയിലെത്തിയാൽ രണ്ടുണ്ട് കാര്യം. ആകാശത്ത് മഴപോലെ പെയ്യുന്ന ഉൽക്കാവർഷവും കാണാം, ഒപ്പം ഒന്നിച്ചിരുന്ന് ഏറ്റവും കൂടുതൽ പേർ ഉൽക്കാവർഷത്തിന് സാക്ഷിയായി എന്ന പേരിൽ ഇന്റർനാഷനൽ ബുക് ഓഫ് റെക്കോഡ്സിലും ഇടംപിടിക്കാം.
ഈ വർഷത്തെ ഏറ്റവും സജീവമായ ഉൽക്കാവർഷമായ ജെമിനിഡിന്റെ വരവിന് സാക്ഷ്യം വഹിക്കാൻ ഖത്തർ ആസ്ട്രോണമി ആൻഡ് സ്പേസ് ക്ലബിന്റെ നേതൃത്വത്തിലാണ് അൽ കറാറയിലെ മരുഭൂമിയിൽ സൗകര്യമൊരുക്കുന്നത്. 5000ത്തിന് മുകളിൽ ആളുകൾ ഒരുമിച്ചിരുന്ന് കൺനിറയെ ഉൽക്കാവർഷം കാണുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രാത്രി പത്ത് മുതൽ പുലർച്ച അഞ്ചു വരെയാണ് ഉൽക്കാവർഷം ഏറ്റവും നന്നായി കാണാൻ കഴിയുന്നത്.
നഗരത്തിരക്കോ തെരുവ് വെളിച്ചമോ ഉൾപ്പെടെ തടസ്സങ്ങളില്ലാത്ത ഇരുട്ട് നിറഞ്ഞ പ്രദേശം എന്ന നിലയിൽ അൽ കറാറയുടെ ആകാശത്ത് ഉൽക്കാവർഷം കൂടുതൽ തെളിമയോടെ കാണാൻ കഴിയുമെന്ന് ഖത്തർ ആസ്ട്രോണമി ആൻഡ് സ്പേസ് ക്ലബ് സംഘാടകനും ആകാശ നിരീക്ഷകനുമായ അജിത് എവറസ്റ്റർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഏറ്റവും കൂടുതൽ പേർ ഒന്നിച്ചിരുന്ന് ഉൽക്കാവർഷം കാണുക എന്ന റെക്കോഡിനാണ് ഖത്തറിലെ പ്രവാസികളും സ്വദേശികളും ഉൾപ്പെടെ ആകാശ നിരീക്ഷണത്തിൽ തൽപരരായവരിലൂടെ ലക്ഷ്യമിടുന്നത്.
പൂർണചന്ദ്രനുള്ള രാത്രിയാണെങ്കിലും പത്ത് മുതൽ പുലർച്ച നാലു വരെ മണിക്കൂറിൽ 30 മുതൽ 40 വരെ ഉൽക്കകളുടെ സഞ്ചാരം കാണാൻ കഴിയും. പുലർച്ച നാലു മുതൽ അഞ്ചു വരെ സമയം ഉൽക്കാവർഷത്തിന്റെ എണ്ണം 100 വരെയുമായി ഉയരും. സാധാരണ 120 മുതൽ 140 വരെയാണ് ഒരു മണിക്കൂറിനുള്ളിലെ ശരാശരി ഉൽക്കാ പ്രവാഹമെങ്കിൽ ചന്ദ്രൻ കൂടുതൽ തെളിയുന്ന രാത്രി എന്ന നിലയിലാണ് ഇത്തവണ കാഴ്ച കുറയുന്നത്.
ഉൽക്കാവർഷത്തിന് സാക്ഷിയാവാൻ ആഗ്രഹിക്കുന്നവർ https://qatarastronomyandspaceclub.com എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അൽ കറാറയിലെ ഉൽക്കാവർഷ കാഴ്ചക്കായി ഒരുക്കിയ സ്ഥലത്തേക്കുള്ള വിവരങ്ങളും മറ്റു മാർഗനിർദേശങ്ങളും സംഘാടകർ വാട്സ് ആപ് വഴി അറിയിക്കും. മരുഭൂമിയിൽ കിടന്ന് കാണണമെന്നതിനാൽ പായ, തലയിണ, കടുത്ത തണുപ്പിനെ ചെറുക്കാൻ ബ്ലാങ്കറ്റ് എന്നിവ കൈയിൽ കരുതാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 5548 2045, 3088 9582 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.