ദുബൈ: ദീർഘകാല ബഹിരാകാശദൗത്യത്തിനായി ബഹിരാകാശത്തേക്കു കുതിച്ച സുൽത്താൽ അൽ നിയാദി, ‘ബഹിരാകാശത്തെ സുൽത്താൻ’ എന്ന അപരനാമം നേടിക്കഴിഞ്ഞു. അറബ് ലോകത്തെ ഏറ്റവും ദീർഘമേറിയ ബഹിരാകാശ പര്യവേക്ഷകൻ എന്ന നിലയിലാണ് ഇത്തരമൊരു വിശേഷണം നേടിയിട്ടുള്ളത്.
സാധാരണ സാഹചര്യത്തിൽനിന്ന് വളർന്നുവന്ന അദ്ദേഹം കഠിനപ്രയത്നത്തിലൂടെയാണ് അറബ് ലോകത്തിന്റെതന്നെ ‘ഹീറോ’യായി മാറിയത്. അൽഐനിലെ ഉമ്മു ഗഫ എന്ന ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. ബ്രിട്ടനിലായിരുന്നു ബിരുദപഠനം.
നാലായിരത്തിലെ വിജയി
ബഹിരാകാശയാത്രക്ക് താൽപര്യവും യോഗ്യതയുമുള്ളവരെ ക്ഷണിച്ചപ്പോൾ യു.എ.ഇ അധികൃതർക്ക് ലഭിച്ചത് 4022 അപേക്ഷകളാണ്. യു.എ.ഇയിലും റഷ്യയിലുമായി നടന്ന മാനസികവും ശാരീരികവുമായ പരിശോധനകളുടെ പരമ്പരകൾക്കുശേഷം ചരിത്രദൗത്യത്തിന് രണ്ടുപേരെ തിരഞ്ഞെടുത്തു. 2018 സെപ്റ്റംബർ മൂന്നിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബഹിരാകാശയാത്രികരുടെ പ്രഖ്യാപിച്ച പേരുകൾ ഹസ്സ അൽ മൻസൂരി, സുൽത്താൻ അൽ നിയാദി എന്നിവയായിരുന്നു. തുടർന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ ആസ്ട്രോനട്ട് പ്രോഗ്രാമിന്റെ ഭാഗമായി. പിന്നീട് ഹസ്സ അൽ മൻസൂരി ആദ്യ ദൗത്യത്തിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനം വന്നു. എന്തെങ്കിലും തടസ്സങ്ങൾ നേരിട്ടാൽ പകരക്കാരനാകാൻ വേണ്ടി അൽ നിയാദിയും എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു.
പൂർത്തിയാക്കിയത് നീണ്ട പരിശീലനം
ദീർഘകാലദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടശേഷം മാസങ്ങൾ നീണ്ട പരിശീലനം ആവശ്യമായിരുന്നു. അഞ്ചു വർഷത്തിലേറെ നീണ്ടതായിരുന്നു പ്രാഥമിക ഘട്ടത്തിലെ പരിശീലനം. ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിലാണ് അവസാന പ്രീ-മിഷൻ പരിശീലനം പൂർത്തിയാക്കുന്നത്. വെള്ളത്തിൽ കൃത്രിമമായി സൃഷ്ടിച്ച ബഹിരാകാശ അന്തരീക്ഷത്തിൽ ദിവസങ്ങളോളം കഴിയേണ്ടതുണ്ടായിരുന്നു.
പരിശീലനം പൂർത്തിയാക്കിയ ശേഷം ‘ഇപ്പോൾ ശാരീരികമായും മാനസികമായും സാങ്കേതികമായും ഞാൻ തയാറാണെന്ന് കരുതുന്നു. ബഹിരാകാശത്തേക്ക് കുതിക്കാനായി കാത്തിരിക്കുകയാണ്’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.