കേപ് കനാവെറൽ: ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാൽ നാസ ചൊവ്വാഴ്ച നടത്താനിരുന്ന ചാന്ദ്രദൗത്യമായ ആർട്ടെമിസ് 1 വിക്ഷേപണം മാറ്റി. അപ്പോളോ ദൗത്യത്തിന്റെ തുടർച്ചയായ ആർട്ടെമിസ് പദ്ധതിയിൽ ഇത് മൂന്നാം തവണയാണ് വിക്ഷേപണം തടസ്സപ്പെടുന്നത്. ഹൈഡ്രജൻ ഇന്ധന ചോർച്ചയും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം രണ്ട് തവണ മുടങ്ങിയിരുന്നു. രണ്ടും പരിഹരിച്ചിരുന്നു. നിലവിൽ കരീബിയൻ തീരത്ത് വീശിയടിക്കുന്ന ഉഷ്ണമേഖല കൊടുങ്കാറ്റ് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും വ്യാഴാഴ്ചയോടെ ഫ്ലോറിഡ തീരത്തേക്ക് ആഞ്ഞടിക്കുമെന്നുമാണ് പ്രവചനങ്ങൾ.
നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രം അടക്കം സാധ്യത പാതയിലാണ്. ചൊവ്വാഴ്ചത്തെ വിക്ഷേപണ ശ്രമം ഉപേക്ഷിക്കാനും മുകളിൽ ഓറിയോൺ കാപ്സ്യൂൾ ഉള്ള ബഹിരാകാശ വിക്ഷേപണ സംവിധാനം (എസ്.എൽ.എസ്) ലോഞ്ച് പാഡിൽനിന്ന് നീക്കാനും വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് തിരികെ എത്തിക്കാനും നാസ ശനിയാഴ്ച തീരുമാനിച്ചു. വിക്ഷേപണത്തറയിൽ തുടർന്നാൽ നാസക്ക് ഒക്ടോബർ രണ്ടിന് വിക്ഷേപണത്തിന് ശ്രമിക്കാം. എന്നാൽ തിരികെ എത്തിച്ചാൽ നവംബറിലേക്ക് നീണ്ടേക്കാം. ഇക്കാര്യത്തിൽ ഞായറാഴ്ച അന്തിമ തീരുമാനം എടുക്കും. നാസയുടെ എസ്.എൽ.എസ് റോക്കറ്റിലാണ് ആര്‍ട്ടെമിസ് എന്ന ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള ആര്‍ട്ടെമിസ് 1ന്റെ ആദ്യ വിക്ഷേപണം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.