തെക്കൻ പസഫിക് രാജ്യമായ ടോംഗയിലെ അഗ്നിപർവത സ്ഫോടനം ലോകമെമ്പാടും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പസഫിക് സമുദ്രത്തിന് ചുറ്റും സുനാമി തിരമാലകൾക്ക് കാരണമായി മാറിയ അഗ്നിപർവത സ്ഫോടനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സുനാമി തിരമാലകൾ മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ദ്വീപ് രാഷ്ട്രത്തിെൻറ തലസ്ഥാനത്ത് ഗുരുതരമായ നാശനഷ്ടങ്ങളാണുണ്ടായത്. തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വിഡിയോകളും പ്രചരിച്ചിരുന്നു.
എന്നാൽ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ടോംഗ അഗ്നിപർവത സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. സ്ഫോടനം കാരണം ഭൂമിയുടെ ഒരു ഭാഗം പുകയാൽ മൂടപ്പെട്ട് ചാരനിറമായ നിലയിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് (ISS) പകർത്തിയ ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.
''പസഫിക് രാജ്യമായ ടോംഗയിൽ ശനിയാഴ്ച നടന്ന വെള്ളത്തിനടിയിലുള്ള അഗ്നിപർവത സ്ഫോടനത്തിൽ നിന്നുള്ള ചാരം ആയിരക്കണക്കിന് അടി ഉയരത്തിലേക്ക് സഞ്ചരിച്ച് അന്തരീക്ഷത്തിലേക്ക് എത്തുകയും സ്പേസ് സ്റ്റേഷനിൽ നിന്ന് അത് കാണാൻ സാധിക്കുകയും ചെയ്തു. ഞായറാഴ്‌ച ന്യൂസിലാൻഡിനു മുകളിലൂടെയുള്ള യാത്രയ്ക്കിടെ, കെയ്‌ല ബാരൺ [ബഹിരാകാശ സഞ്ചാരി] വിൻഡോ തുറന്ന് സ്ഫോടനത്തിെൻറ അനന്തരഫലങ്ങൾ കണ്ടു''. -നാസ ചിത്രങ്ങൾക്ക് അടിക്കുറിപ്പായി എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.