ലാൻഡറിന്‍റെ വാതിൽ തുറന്നു, റോവർ ഉരുണ്ടിറങ്ങി; ഇനി പരീക്ഷണത്തിന്‍റെ 14 നാളുകൾ

ബംഗളൂരു: ചന്ദ്രയാൻ 3 പേടകത്തിനുള്ളിലെ റോവർ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി. പേടകത്തിന്‍റെ വിജയകരമായ ലാൻഡിങ് കഴിഞ്ഞ് നാല് മണിക്കൂർ ശേഷമാണ് റോവർ ചന്ദ്രന്‍റെ മണ്ണിൽ ഇറങ്ങിയത്.

പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിനെ തുടർന്ന് ഉയർന്ന പൊടിപടലങ്ങൾ താഴ്ന്ന ശേഷമാണ് ലാൻഡറിന്‍റെ വാതിൽ തുറന്നത്. തുടർന്ന് വാതിൽ നിവർന്നുവന്ന് ചെരിഞ്ഞ റാംപായി മണ്ണിൽ ഉറച്ചു. ശേഷം ഈ റാംപിലൂടെ റോവർ സാവധാനം ചന്ദ്രന്‍റെ മണ്ണിൽ ഉരുണ്ടിറങ്ങി. റോവർ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ ലാൻഡറിലെ കാമറ പകർത്തി പുറത്തുവിട്ടു.

ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോർജത്തിൽ 738 വാട്ട്സിലും 50 വാട്ട്സിലും പ്രവർത്തിക്കുന്ന ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ പരീക്ഷണം നടത്തുക.

ലാൻഡറിലെ പ്രധാന ഉപകരണങ്ങൾ

1. ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിർണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (രംഭ-RAMBHA)

2 മണ്ണിന്‍റെ താപനില അളക്കുന്നതിനുള്ള ചാന്ദ്രാ സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്‍റ് (ചാസ്തെ-ChaSTE)

3. ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള ഭൂകമ്പ സാധ്യത അളക്കുന്നതിനുള്ള ലൂണാർ സീസ്മിക് ആക്ടിവിറ്റി ഇൻസ്ട്രമെന്‍റ് (ഇൽസ-ILSA)

4. നാസയിൽ നിന്ന് എത്തിച്ച ചാന്ദ്ര ലേസർ റേഞ്ചിങ് പഠനത്തിനുള്ള ലേസർ റിട്രോറിഫ്ലക്ടർ അറേ (LRA)

റോവറിലുള്ള പ്രധാന ഉപകരണങ്ങൾ

1. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും മൂലകങ്ങളുടെയും രാസഘടന പരിശോധിക്കാനുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (LIBS)

2. ചന്ദ്രനിലെ ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള മണ്ണിന്‍റെയും പാറയുടെയും രാസഘടന നിർണയിക്കാനുള്ള ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (APXS)

Full View

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ന് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

Full View


Tags:    
News Summary - CHANDRAYAAN 3 ROVER GETTING DEPLOYED IN MOON SURFACE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.