ദുബൈ: ശനിയാഴ്ച പുറപ്പെട്ട ക്രൂ7 അംഗങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ എത്തിയ നാലംഗ സഞ്ചാരികൾക്ക് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സംഘവും വരവേൽപ് നൽകി. ഇതോടെ ബഹിരാകാശ നിലയത്തിൽ ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം അവസാനിപ്പിച്ച് മടക്കയാത്രക്കുള്ള ഒരുക്കത്തിലാണ് നിയാദി ഉൾപ്പെടെയുള്ളവർ.
മാർച്ച് മൂന്നിനാണ് അറബ് ലോകത്തുനിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി ഉൾപ്പെടുന്ന സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്.
അമേരിക്കയിൽ നിന്നുള്ള ജാസ്മിൻ മൊഗ്ബെലി, ഡെന്മാർക് പൗരൻ ആൻഡിയാസ് മോഗർസെൻ, ജപ്പാനിലെ സതോഷി ഫുരുകാവ, റഷ്യയിൽ നിന്നുള്ള കോൺസ്റ്റാന്റിൻ ബോറിസോവ് എന്നിവരാണ് പുതുതായി ബഹിരാകാശ കേന്ദ്രത്തിൽ എത്തിയത്. ആറു മാസം സംഘം ബഹിരാകാശത്ത് പരീക്ഷണ, നിരീക്ഷണങ്ങളിൽ ഏർപ്പെടും. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളും സംഘത്തിന്റെ ചുമതലയാണ്.
സുൽത്താൻ അൽ നിയാദിക്കു പുറമെ നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവർ സെപ്റ്റംബർ ഒന്നിനാണ് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് യാത്രതിരിക്കുക. ഏറ്റെടുത്ത എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് നിയാദിയുടെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.