ബഹിരാകാശ യാത്രക്കിടെ ആരെങ്കിലും മരിച്ചാൽ മൃതശരീരം എന്ത് ചെയ്യും? ഉത്തരം ഇതാ...

ന്യൂയോർക്: ഏറെ കഠിനമായതും നിരവധി മുന്നൊരുക്കങ്ങൾ വേണ്ടതുമായ ഒന്നാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കൽ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. മനുഷ്യൻ ബഹിരാകാശത്തേക്ക് സഞ്ചരിക്കാൻ തുടങ്ങിയിട്ട് 60 വർഷമായി. 20 പേരുടെ ജീവൻ യാത്രക്കിടെ നഷ്ടമായി. 1986ലും 2003ലുമുണ്ടായ സ്​പേസ് ഷട്ടിൽ അപകടത്തിൽ 14 പേർ മരിച്ചു. മൂന്ന് ബഹിരാകാശ യാത്രികർ 1971ലെ സോയുസ് 11 ദൗത്യത്തിലും മൂന്ന് ബഹിരാകാശ യാത്രികർ 1967ലെ അപ്പോളോ 1 ലോഞ്ച് പാഡി​ന് തീപ്പിടിച്ചും മരിച്ചു.

2025ൽ ചന്ദ്രനിലേക്കും അടുത്ത ദശകത്തിൽ ചൊവ്വയിലേക്കും ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനാണ് നാസയുടെ പദ്ധതി. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ സഞ്ചാരം പതിവായിരിക്കുകയാണ്. ബഹിരാകാശ യാത്ര കൂടുതൽ സാധാരണമാകുമ്പോൾ യാത്രക്കിടെ ആളുകൾ മരിക്കാനുള്ള സാധ്യതയും വർധിക്കുന്നു. ബഹിരാകാശത്ത് വെച്ച് മരിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? ചോദ്യം സ്വാഭാവികം. യാത്രക്കായി ആരോഗ്യമുള്ളവരെ ഉറപ്പാക്കണമെന്നാണ് പൊതുവെയുള്ള നിർദേശം.

അന്തർദേശീയ ബഹിരാകാശ നിലയത്തിലേത് പോലെയുള്ള ലോ-എർത്ത്-ഓർബിറ്റ് ദൗത്യത്തിൽ ആരെങ്കിലും മരിച്ചാൽ, മണിക്കൂറുകൾക്കുള്ളിൽ ക്രൂവിന് മൃതദേഹം ഒരു ക്യാപ്‌സ്യൂളിൽ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും.

ചന്ദ്രനിലാണെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൃതദേഹവുമായി ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങാനാകും. ഇത്തരം സംഭവങ്ങൾക്കായി നാസയ്ക്ക് ഇതിനകം തന്നെ വിശദമായ നിയമം നിലവിലുണ്ട്.

മൃതദേഹം സൂക്ഷിക്കലല്ല, മറ്റുള്ള ജീവനക്കാർ സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിവരുമെന്നത് ഉറപ്പാക്കുക എന്നതാണ് നാസയുടെ മുൻഗണന. ചൊവ്വയിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശയാത്രികൻ മരിച്ചാൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. ആ സാഹചര്യത്തിൽ, ക്രൂവിന് തിരിച്ച് മടങ്ങാൻ കഴിയില്ല. പകരം, ദൗത്യത്തിന്റെ അവസാനത്തിൽ മൃതദേഹം ക്രൂവിനൊപ്പം ഭൂമിയിലേക്ക് മടങ്ങും. അതിന് ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കും.അതിനിടയിൽ ജീവനക്കാർ മൃതദേഹം ഒരു പ്രത്യേക അറയിലോ പ്രത്യേക ബോഡി ബാഗിലോ സൂക്ഷിക്കും. ബഹിരാകാശ വാഹനത്തിനുള്ളിലെ സ്ഥിരമായ താപനിലയും ഈർപ്പവും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. ബഹിരാകാശ നിലയമോ ബഹിരാകാശ പേടകമോ പോലുള്ള സമ്മർദമുള്ള അന്തരീക്ഷത്തിൽ ആരെങ്കിലും മരിച്ചാൽ മാത്രമേ ഇതെല്ലാം സാധിക്കൂ.

സ്‌പേസ് സ്യൂട്ടിന്റെ സംരക്ഷണമില്ലാതെ ആരെങ്കിലും ബഹിരാകാശത്തേക്ക് ഇറങ്ങിയാൽ എന്ത് സംഭവിക്കും ?ഉത്തരം സിംപിൾ. ബഹിരാകാശ സഞ്ചാരി ഏതാണ്ട് തൽക്ഷണം മരിക്കും. മർദനഷ്ടവും ബഹിരാകാശ ശൂന്യതയിലേക്കുള്ള എക്സ്പോഷറും ബഹിരാകാശ സഞ്ചാരിക്ക് ശ്വസിക്കുന്നത് അസാധ്യമാക്കുകയും രക്തവും മറ്റ് ശരീരദ്രവങ്ങളും തിളപ്പിക്കുകയും ചെയ്യും.

ഒരു ബഹിരാകാശയാത്രികൻ ബഹിരാകാശ വസ്ത്രമില്ലാതെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ ഇറങ്ങിയാൽ എന്ത് സംഭവിക്കും?

ചന്ദ്രനിൽ അന്തരീക്ഷമില്ല. ചൊവ്വയ്ക്ക് വളരെ നേർത്ത അന്തരീക്ഷമുണ്ട്. എന്നാൽ ഓക്സിജൻ ഇല്ല. അതിനാൽ ശ്വാസം മുട്ടി മരിക്കും. ബഹിരാകാശയാത്രികൻ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ശേഷം മരിച്ചുവെന്ന് കരുതുക. സംസ്കരിക്കാൻ സാധിക്കില്ല. ശരീരത്തിൽ നിന്നുള്ള ബാക്ടീരിയകളും മറ്റ് ജീവജാലങ്ങളും ചൊവ്വയുടെ ഉപരിതലത്തെ മലിനമാക്കും. പകരം, ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ ജീവനക്കാർ മൃതദേഹം ഒരു പ്രത്യേക ബോഡി ബാഗിൽ സൂക്ഷിക്കും. ഭൂമിയെ പോലെയല്ല, ഇതിന് വളരെയധികം മുന്നൊരുക്കം ആവശ്യമാണ്.



Tags:    
News Summary - If Someone dies in space, what happens to the body? NASA Protocol Says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.