മസ്കത്ത്: ബഹിരാകാശ രംഗത്ത് ഇന്ത്യയും ഒമാനും സഹകരിച്ചുപ്രവർത്തിക്കുന്നതിന്റെ ഭാഗമായി പുതിയ ഭൗമനിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തു. ഒമാൻ ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ഇസ്രോ’ ആസ്ഥാനത്തെ സന്ദർശനത്തിലാണ് സുപ്രധാന ചുവടുവെപ്പിന് തുടക്കമായത്.
ഒമാൻ ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും ഇസ്രോയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളുടെ തുടക്കമായാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് മനസ്സിലാക്കുന്നതിനാണ് മന്ത്രി ഇസ്രോ ആസ്ഥാനം സന്ദർശിച്ചത്. ഇസ്രോ ചെയർമാൻ എസ്. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും സാധ്യതകൾ മന്ത്രി ചർച്ചചെയ്തു.
ഭൗമനിരീക്ഷണ പ്ലാറ്റ്ഫോം ‘ഇസ്രോ’ വികസിപ്പിച്ച് ഒമാന് സമ്മാനിച്ചതാണ്. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും ഡേറ്റയും ഉൾപ്പെടുന്നതാണ് പ്ലാറ്റ്ഫോം. കൃഷി, ജലം, മത്സ്യബന്ധനം, ഗതാഗതം, പ്രകൃതിദുരന്ത നിവാരണം, നഗരവികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ വികസന മേഖലകളുടെ ഉപയോഗത്തിന് ഇത് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിങ് സെന്ററും സന്ദർശിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനുള്ള തയാറെടുപ്പിനായി ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ക്യാപ്സ്യൂളിൽനിന്ന് വേർപെടുത്തുന്ന ഘട്ടം നേരിട്ട് കാണുകയും ചെയ്തു.
ബഹിരാകാശ വ്യവസായത്തിൽ വിദഗ്ധരായ നിരവധി ഇന്ത്യൻ കമ്പനികളും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മേഖലയിലെ ചില വളർന്നുവരുന്ന ഇന്ത്യൻ കമ്പനികളും പങ്കെടുത്ത സംയുക്ത യോഗവും സന്ദർശനത്തിന്റെ ഭാഗമായി നടന്നു. ഒമാനി വിപണിയിൽ ലഭ്യമായ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം കമ്പനികളുടെ പ്രവർത്തനങ്ങളും സേവനങ്ങളും യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു.
വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമായ ഇന്ത്യയും ഒമാനും തമ്മിൽ ബഹിരാകാശ മേഖലയിൽ കൂടുതൽ സഹകരണത്തിന് സന്ദർശനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസങ്ങൾക്കുമുമ്പ് ഒമാനിൽ ബഹിരാകാശ വിക്ഷേപണ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഗവേഷകസംഘം കണ്ടെത്തിയിരുന്നു. ബഹിരാകാശ വ്യവസായത്തിൽ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികളുടെ ആലോചനകൾ സജീവമാണ്.
നേരത്തേ ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ബഹിരാകാശ മേഖല എക്സിക്യൂട്ടിവ് പ്രോഗ്രാമിന്റെ ഭാഗമായി ദുഖമിൽ ബഹിരാകാശ റോക്കറ്റ് വിക്ഷേപണ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമാകുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കം വിവിധ പദ്ധതികളിൽ ഇന്ത്യയുടെ സഹകരണം ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.