വാഷിങ്ടൺ ഡി.സി: മനുഷ്യന്‍റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ (ഐ.എസ്.എസ്) നാസ 2031ഓടെ പ്രവർത്തനം അവസാനിപ്പിക്കും. ഇതിനായുള്ള പദ്ധതിരേഖ യു.എസ് കോൺഗ്രസിന് മുമ്പാകെ നാസ സമർപ്പിച്ചതായാണ് വിവരം. ബഹിരാകാശത്തുനിന്ന് തിരികെയെത്തുന്ന നിലയത്തെ ശാന്തസമുദ്രത്തിലെ 'ബഹിരാകാശവാഹനങ്ങളുടെ സെമിത്തേരി' എന്നറിയപ്പെടുന്ന പോയിന്‍റ് നെമോ മേഖലയിൽ വീഴ്ത്താനാണ് നാസയുടെ ലക്ഷ്യം.
2030 വരെ ഐ.എസ്.എസ് പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് പ്രസിഡന്‍റ് ജോ ബൈഡൻ നൽകിയതെന്ന് നാസ അറിയിച്ചു. ഐ.എസ്.എസ് പിൻവാങ്ങുന്നത് വാണിജ്യ നിലയങ്ങളുടെ തുടക്കമാകുമെന്നും നാസ ചൂണ്ടിക്കാട്ടി. സ്വകാര്യമേഖല സാങ്കേതികപരമായും സാമ്പത്തികപരമായും ബഹിരാകാശ നിലയങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാപ്തിയുള്ളതാണ്. എല്ലാവിധ സഹായങ്ങളും നൽകുമെന്നും നാസ വ്യക്തമാക്കി.
ഇതോടെ, ബഹിരാകാശ മേഖലയിലെ അന്താരാഷ്ട്ര കൂട്ടായ്മയായ ഐ.എസ്.എസിന്‍റെ അവസാനമാകുമെന്ന് വ്യക്തമായിരിക്കുകയാണ്.
ഭൂമിയിൽ നിന്നും 300ലേറെ കിലോമീറ്ററുകൾ അകലെയായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. യു.എസ്, റഷ്യ, ജപ്പാൻ, കാനഡ, തുടങ്ങിയ രാജ്യങ്ങളും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളും സംയുക്തമായാണ് ഐ.എസ്.എസ് യാഥാർഥ്യമാക്കിയത്. നാസയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 1998ലായിരുന്നു നിലയത്തെ വിക്ഷേപിച്ചത്.
ബഹിരാകാശത്ത് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ നിലയം. ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിലായാണ് ഇതിന്‍റെ സഞ്ചാരം. 72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയുമുള്ള ഈ നിലയം മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗതയിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത്. അതായത്, 92.69 മിനുട്ട് കൊണ്ട് ഭൂമിയെ ഐ.എസ്.എസ് ഒരു തവണ ചുറ്റിവരും. അതുകൊണ്ട് തന്നെ ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാൻ ഇതിലെ ഗവേഷകർക്ക് സാധിക്കും.
റഷ്യയുടെ ആന്‍റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്, നാസയുടെ മാർക്ക് വാൻഡ്ഹേ, തോമസ് മാർഷ്ബേൺ, രാജാ ശാരി, കെയ്‌ല ബാരൺ, മത്യാസ് മൗറർ എന്നിവരാണ് ഐ.എസ്.എസിൽ നിലവിൽ താമസിക്കുന്ന ഗവേഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.