ബംഗളൂരു: സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ). ഞായറാഴ്ച രാവിലെ 6.30ഓടെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിന്റെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ഏഴ് ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എൽ.വി-സി 56 റോക്കറ്റ് കുതിച്ചത്. 360 കിലോഗ്രാം ഭാരമുള്ള സുപ്രധാന ഡി.എസ്-എസ്.എ.ആർ ഉപഗ്രഹവും ആറ് ചെറു ഉപഗ്രഹങ്ങളുമാണ് 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ മുൻനിശ്ചയിച്ച പ്രകാരംതന്നെ എത്തിച്ചത്.
വിക്ഷേപണത്തിനുശേഷം 21 മിനിറ്റുകൾക്കുള്ളിൽതന്നെ പ്രധാന ഉപഗ്രഹമായ ഡി.എസ്-എസ്.എ.ആറിനെ ഭ്രമണപഥത്തിലേക്ക് പി.എസ്.എൽ.വി വിട്ടയച്ചു. മറ്റ് ആറ് ഉപഗ്രഹങ്ങളായ വിലോക്സ്-എ.എം, ആർകേഡ്, സ്കൂബ് II, നുലിയോൺ, ഗലാസിയ-2, ഓർബ്-12 സ്ഡ്രൈർ എന്നിവയെ അടുത്ത മൂന്നു മിനിറ്റുകൾക്കുള്ളിലും ഭ്രമണപഥത്തിലേക്കിറക്കി. പി.എസ്.എൽ.വിയുടെ 58ാമത് ദൗത്യമാണിത്.
ഭൂമിയെ നിരീക്ഷിക്കാനുള്ള റഡാർ ഇമേജിങ് സൗകര്യമുള്ള ഉപഗ്രഹമാണ് ഡി.എസ്-എസ്.എ.ആർ. ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (ഐ.എ.ഐ) നിർമിച്ച സിന്തറ്റിക് അപർച്വർ റഡാർ ഘടിപ്പിച്ച ഈ ഉപഗ്രഹം സിംഗപ്പൂർ സർക്കാറും എസ്.ടി എൻജിനീയറിങ്ങും സംയുക്തമായാണ് വികസിപ്പിച്ചത്. ഒരു മീറ്റർ റെസല്യൂഷനിലുള്ള മിഴിവാർന്ന ചിത്രങ്ങൾ ഏതു കാലാവസ്ഥയിലും രാത്രിയും പകലും പകർത്താനുള്ള ശേഷി ഈ റഡാർ ഇമേജിങ് സംവിധാനത്തിനുണ്ട്. സിംഗപ്പൂർ സർക്കാറിന്റെ ഏജൻസികൾക്ക് സഹായകരമാകുന്ന വിവിധ ചിത്രങ്ങളാണ് ഉപഗ്രഹം പകർത്തി അയക്കുക.
ഏഴു വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനായത് സുപ്രധാന നേട്ടമാണെന്നും അടുത്ത മാസങ്ങളിൽ ഐ.എസ്.ആർ.ഒ നിരവധി പ്രധാന പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ജി.എസ്.എൽ.വിയുടെ ഇൻസാറ്റ്-3 ഡി.എസ് ഉപഗ്രഹത്തിന്റെ വിക്ഷേപണം, എസ്.എസ്.എൽ.വിയുടെ മൂന്നാമത് പരീക്ഷണ പറക്കൽ എന്നിവയടക്കമാണിത്. ഐ.എസ്.ആർ.ഒ വികസിപ്പിച്ച ആറാമത് വിക്ഷേപണവാഹനമാണ് എസ്.എസ്.എൽ.വി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.