ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യനായി ജോൺ ഗുഡ്‍വിൻ; യാത്ര തിരിച്ചത് ടിക്കറ്റെടുത്ത് 18 വർഷത്തിന് ശേഷം

ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യനായി ബ്രിട്ടീഷുകാരൻ ജോൺ ഗുഡ്‍വിൻ. ടിക്കറ്റെടുത്ത് 18 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ യാത്ര. കരീബിയയിലെ ആന്റിഗ്വയിൽനിന്നുള്ള ആരോഗ്യ പരിശീലക കെയ്ഷ ഷഹഫും മകളും സ്കോട്ട്‍ലൻഡിലെ യൂനിവേഴ്സിറ്റി ഓഫ് അബേർഡീനിലെ വിദ്യാർഥിനിയുമായ അനസ്താഷ്യ മയേഴ്സും ബഹിരാകാശ വിനോദ യാത്രയിൽ കൂടെയുണ്ട്.

റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗലാക്ടിക് എന്ന ബഹിരാകാശ വാഹനത്തിലാണ് യാത്ര. വിർജിൻ ഗലാക്ടിന്റെ ഏഴാമത്തെയും ടിക്കറ്റ് വെച്ചുള്ള ആദ്യത്തെയും യാത്രയാണിത്. 2018ലാണ് ബഹിരാകാശ യാത്ര ആരംഭിച്ചത്. ഇതോടെ ബഹിരാകാശ ടൂറിസം ബിസിനസിൽ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവക്കൊപ്പം വിർജിൻ ഗാലക്‌റ്റിക്കും ഇടം പിടിച്ചു. പ്രതിമാസ യാത്രകൾ ഇവർ വാഗ്ദാനം ചെയ്യുന്നു. നിലവിൽ എണ്ണൂറോളം പേർ ബുക്ക് ചെയ്ത് യാത്രക്ക് കാത്തിരിക്കുന്നുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു.

2005ലാണ് ജോൺ ഗുഡ്‍വിൻ വിർജിൻ ഗാലക്‌റ്റിക്കിൽ ബഹിരാകാശ യാത്രക്കായി ടിക്കറ്റെടുത്തത്. എന്നാൽ, യാത്ര 18 വർഷം നീളുകയായിരുന്നു. ഇപ്പോൾ 80 വയസ്സുള്ള ഗുഡ്‍വിൻ 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ ക​നോയിങ്ങിലാണ് മത്സരിച്ചത്. പാർകിൻസൺസ് രോഗം ബാധിച്ച അദ്ദേഹം മറ്റുള്ളവർക്ക് പ്രചോദനം നൽകുക കൂടിയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് വെളിപ്പെടുത്തി. ഒരിക്കൽ തന്റെ മോഹം പൂവണിയുമെന്ന് വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്യുമ്പോൾ രണ്ട് ലക്ഷം ഡോളറായിരുന്നു യാത്രാ തുക. ഇപ്പോൾ ഇത് 4,50,000 ഡോളറാണ്. മൂന്ന് യാത്രികർക്ക് പുറമെ രണ്ട് പൈലറ്റുമാരാണ് വാഹനത്തിൽ ഉള്ളത്.

Tags:    
News Summary - Jon Goodwin became the first Olympian to travel in space; Returned after 18 years of taking the ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.