ക്ഷീരപഥത്തിൽ 'നിഗൂഢ വസ്തു'; വെള്ള കുള്ളനോ അതോ ന്യൂട്രോൺ നക്ഷത്രമോ..?

ക്ഷീരപഥത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന അപൂർവ്വ വസ്തുവിനെ കണ്ടെത്തിയതായി ആസ്ത്രേലിയയിലെ ശാസ്ത്രജഞർ. ഓരോ 18.18 മിനിറ്റിലും ഒരു മിനിറ്റ് ദൈർഘ്യത്തിൽ ഭീമാകാരമായ ഊർജ്ജം പുറപ്പെടുവിക്കുന്ന "വിചിത്ര" വസ്തുവിനെ ആദ്യം കണ്ടത്തിയത് കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയായ ടൈറോൺ ഓഡോഹെർറ്റിയായിരുന്നു. നമ്മുടെ ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനുമടങ്ങുന്ന സൗരയൂഥത്തെ ഉൾക്കൊള്ളുന്ന ഗാലക്സിയാണ് ക്ഷീരപഥം അഥവാ മിൽക്കീവേ.

പ്രപഞ്ചത്തിൽ ഊർജം പുറത്തുവിടുന്ന വസ്തുക്കളെ ഇതിന് മുമ്പും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു മിനിറ്റോളം സമയം അതിശക്തമായി ഊർജ്ജം പുറപ്പെടുവിക്കുന്ന ഒരു വസ്തു വളരെ അസാധാരണമാണെന്ന് ആസ്‌ത്രേലിയയിലെ ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിലെ (ഐ.സി.ആർ.എ.ആർ) ഗവേഷകർ പറയുന്നു. അജ്ഞാത വസ്തു എന്താണെന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങൾ തുടരുകയാണ്.

റേഡിയോ തരംഗങ്ങൾ മാപ്പ് ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ജ്യോതിശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്താത്ത അപൂർവ്വമായ വസ്തുവാണതെന്നും ഐ.സി.ആർ.എ.ആർ ഗവേഷകർ ചൂണ്ടിക്കാട്ടി. "ഓരോ 18.18 മിനിറ്റിലും, ക്ലോക്ക് വർക്ക് പോലെ" ഈ വസ്തു ഊർജ്ജം പുറത്തുവിടുന്നു'. -കണ്ടെത്തലിന് ശേഷം അതിൽ പഠനം നടത്തിയ ടീമിന്റെ ലീഡറും ജ്യോതിശാസ്ത്രജ്ഞനയുമായയ നതാഷ ഹർലി-വാക്കർ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ ജനവാസമില്ലാത്ത പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മർച്ചിസൺ വൈഡ്‌ഫീൽഡ് അറേ എന്നറിയപ്പെടുന്ന ലോ-ഫ്രീക്വൻസി റേഡിയോ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് വസ്തുവിനെ കണ്ടെത്തിയത്. നിരീക്ഷണ സമയത്ത് ഈ വസ്തു പ്രത്യക്ഷപ്പെടുകയും ഇടക്കിടെ അപ്രത്യക്ഷമാവുകയും ചെയ്തതായും നതാഷ വ്യക്തമാക്കി.

''അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ജ്യോതിശാസ്ത്രജ്ഞയെ സംബന്ധിച്ചിടത്തോളം ഇത് ഭയാനകമായ അനുഭവമായിരുന്നു, കാരണം, ആകാശത്ത് അങ്ങനെ പെരുമാറുന്ന ഒരു വസ്തു ഉള്ളതായി അറിയില്ലായിരുന്നു''. അവർ കൂട്ടിച്ചേർത്തു. ഭൂമിയിൽ നിന്ന് 4,000 പ്രകാശ വർഷം അകലെയുള്ള ഈ വസ്തു അതീവ പ്രകാശഭരിതവും അതിശക്തമായ കാന്തിക മണ്ഡലത്തോടുകൂടിയതുമാണത്രേ.

അതേസമയം, മിൽക്കി വേയിൽ കാണപ്പെട്ട വസ്തു പരിണാമത്തിന്റെ പൂർണ്ണാവസ്ഥയിൽ എത്തിച്ചേർന്ന 'വെളുത്ത കുള്ളൻ (white dwarf ) നക്ഷത്ര'മോ, അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ ആയിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. 

Tags:    
News Summary - Mysterious object discovered in Milky Way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.