അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു വർഷം മുമ്പ് നിന്ന് കാണാതായ തക്കാളി കണ്ടെത്തിയിരിക്കുകയാണ് നാസ. കണ്ടെത്തിയ തക്കാളിയുടെ ദൃശ്യങ്ങളും ചിത്രവും അമേരിക്കൻ ബഹിരാകാശ ഏജൻസി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ‘തക്കാളി പോയതും കണ്ടെത്തിയതുമൊക്കെ ഇത്ര വലിയ ആനക്കാര്യമാണോ’..? എന്ന് ചിന്തിക്കാൻ വരട്ടെ. പോയത് വെറുമൊരു തക്കാളിയല്ല. ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ ചെടിയിൽ നിന്നുണ്ടായ ആദ്യ തക്കാളിയായിരുന്നു അത്. റെഡ് റോബിൻ ഇനത്തിൽ പെട്ടതായിരുന്നു തക്കാളി.
തക്കാളി കാണാതായത് വലിയ നിഗൂഢതയായിട്ടായിരുന്നു ബഹിരാകാശ സഞ്ചാരികൾ വിശേഷിപ്പിച്ചത്. എന്നാൽ, ഒരു വർഷത്തിന് ശേഷം സ്‍പേസ് സ്റ്റേഷനിൽ വെച്ച് ആകസ്‌മികമായി ‘തക്കാളി’ കണ്ടെത്തുകയായിരുന്നു. ഒരു സിപ്ലോക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു തക്കാളി. കാണാതായതിന് പിന്നാലെ ഒരു ദിവസം മുഴുവനും റൂബിയോ തക്കാളിക്കായി തിരച്ചിൽ നടത്തിയിരുന്നു. കണ്ടെത്താതെ വന്നതോടെ അത് റൂബിയോ അറിയാതെ കഴിച്ചുപോയിക്കാണും എന്നായിരുന്നു സഹപ്രവർത്തകർ ആരോപിച്ചത്.
സ്‍പേസ് സ്റ്റേഷനിലെ 17 ശതമാനം വരുന്ന ഹ്യുമിഡിറ്റി (ഈർപ്പം) സിപ് ലോക്ക് ബാഗിൽ സുക്ഷിച്ച ഭക്ഷണത്തെ എങ്ങനെ ബാധിക്കുമെന്ന് തക്കാളിയുടെ രൂപത്തിൽ നിന്ന് വ്യക്തമായിരുന്നു. ഉണങ്ങി ചുരുണ്ട നിലയിലായിരുന്നു തക്കാളി. "അപ്രത്യക്ഷമായി ഏകദേശം ഒരു വർഷത്തിന് ശേഷം, നിർജ്ജലീകരണം സംഭവിച്ച്, ചെറുതായി ചതഞ്ഞ നിലയിൽ പ്ലാസ്റ്റിക് ബാഗിൽ തക്കാളി കണ്ടെത്തി," -നാസ അധികൃതർ ഒരു അപ്‌ഡേറ്റിൽ എഴുതി. ചെറിയ നിറവ്യത്യാസമല്ലാതെ, തക്കാളിയിൽ സുക്ഷ്മ ജീവകളോ ഫംഗസ് വളർച്ചയോ കാണപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് റൂബിയോ 370 ദിവസം നീണ്ട ബഹിരാകാശ യാത്രയുടെ റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ്. ഭാവിയിൽ ദീർഘകാല ദൗത്യങ്ങൾക്കായി ബഹിരാകാശത്ത് തന്നെ പച്ചക്കറികളും മറ്റും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ തക്കാളി വളർത്തൽ പരീക്ഷണം. അത് വിജയിക്കുകയും ആദ്യത്തെ തക്കാളി വിളവെടുപ്പിന്റെ ദൃശ്യങ്ങൾ നാസ ഗവേഷക വിഭാഗം പുറത്ത് വിടുകയും ചെയ്തിരുന്നു. അന്ന് വിളവെടുത്ത് സൂക്ഷിച്ച തക്കാളി പക്ഷെ, കാണാതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.