സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ 

സുനിത വില്യംസിനെ തിരികെയെത്തിക്കാനുള്ള സ്പേസ് എക്സ് ദൗത്യത്തിന്‍റെ വിക്ഷേപണം മാറ്റി

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള സ്പേസ് എക്സ് ക്രൂ-9 ദൗത്യം വിക്ഷേപണം വൈകും. വ്യാഴാഴ്ചയായിരുന്നു ദൗത്യവാഹനം വിക്ഷേപിക്കാൻ നാസ തീരുമാനിച്ചിരുന്നത്. എന്നാൽ, ഹെലീൻ കാറ്റുമായി ബന്ധപ്പെട്ട കാലാവസ്ഥാ ആശങ്കകളെ തുടർന്ന് വിക്ഷേപണം സെപ്റ്റംബർ 28ലേക്ക് മാറ്റിയിരിക്കുകയാണ്.

ഫ്ലോറിഡയിലെ കേപ് കാനവെറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് 28ന് ഉച്ചക്ക് 1.17നാവും ക്രൂ-9 ദൗത്യം വിക്ഷേപിക്കുക. ഇതിനായുള്ള ഫാൽക്കൺ-9 റോക്കറ്റും ഫ്രീഡം എന്ന് പേരിട്ട ക്രൂ ഡ്രാഗൺ കാപ്സ്യൂളും ഇന്നലെ തന്നെ ലോഞ്ച് പാഡിലെത്തിച്ചിട്ടുണ്ട്.

സുനിത വില്യംസും ബുച്ച് വിൽമോറും 2025 ഫെബ്രുവരിയിലായിരിക്കും ക്രൂ-9 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുക. ഇക്കാര്യത്തിൽ നാസ നേരത്തെ വ്യക്തത നൽകിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്പേസ് എക്സും.

ജൂൺ അഞ്ചിനാണ് ബോയിങ്ങിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിലെത്തിയത്. എന്നാൽ, പേടകത്തിന്റെ തകരാർ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ഇരുവരുമില്ലാതെയാണ് പിന്നീട് സ്റ്റാർലൈനർ പേടകം തിരിച്ചിറക്കിയത്. ഇതോടെ, ഇരുവരുടെയും മടക്കം അനിശ്ചിതമായി വൈകുകയാണുണ്ടായത്.

Tags:    
News Summary - NASA delays mission to bring back Sunita Williams from ISS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.