ഭൂമിയിൽനിന്ന് ഏതാണ്ട് എട്ടു കോടി കിലോമീറ്റർ അകലെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഛിന്നഗ്രഹമാണ് (asteroid) ‘ബെന്നു’. 2016 സെപ്റ്റംബർ എട്ടിന് ‘ബെന്നു’വിനെ ലക്ഷ്യമാക്കി നാസയുടെ ‘ഒസിരിസ്-റെക്സ്’ എന്ന കൃത്രിമോപഗ്രഹം കുതിച്ചുയരുമ്പോൾ ശാസ്ത്രലോകത്തിന് അത് കേവലം പരീക്ഷണമായിരുന്നു.
രണ്ട് വർഷം കഴിഞ്ഞ്, ഒസിരിസ്-റെക്സ് ബെന്നുവിന്റെ 19 കിലോമീറ്റർ അടുത്തെത്തിയപ്പോഴേക്കും ചരിത്രം മാറി. ഛിന്നഗ്രഹത്തിൽ ജലതന്മാത്രകളായ ഹൈഡ്രജെൻറയും ഒാക്സിജെൻറയും സാന്നിധ്യം കൃത്രിമോപഗ്രഹം തിരിച്ചറിഞ്ഞതോടെ ഈ ദൗത്യം ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. അഞ്ച് വർഷങ്ങൾക്കിപ്പുറം, ബെന്നുവും ഒസിരിസ്-റെക്സും വീണ്ടും ചർച്ചയാവുകയാണ്. ഒരുപക്ഷെ, 2023ൽ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചതും ഒസിരിസ് -റെക്സിന്റെ കണ്ടെത്തലുകളായിരിക്കും.
ബെന്നുവിന്റെ ഉപരിതലത്തിലെ മണ്ണും കല്ലുമെല്ലാം കൃത്രിമോപഗ്രഹം 2020ൽ തന്നെ ഭൂമിയിലെത്തിച്ചിരുന്നു. ഇപ്പോൾ ആ സാംപിളുകളെ അടിസ്ഥാനമാക്കി നടന്ന പഠനഫലങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അമ്പത് വർഷം മുമ്പ് അപ്പോളോ പദ്ധതി വഴി ചന്ദ്രനിൽനിന്ന് സാംപിളുകൾ ശേഖരിച്ചശേഷം ശാസ്ത്രലോകം ഭൗമേതരലോകത്തുനിന്ന് കൊണ്ടുവന്ന പദാർഥങ്ങൾ ബെന്നുവിലേതു മാത്രമാണ്. വെറും അറുപത് ഗ്രാം മാത്രമേയുള്ളൂവെങ്കിലൂം അതിന്റെ ഗവേഷണ മൂല്യം എത്രയോ വലുതാണ്.
സാംപിളുകൾ പരിശോധിച്ചപ്പോൾ ബെന്നുവിൽ കാർബണിന്റെയും ഓക്സിജന്റെയുമെല്ലാം സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജീവന്റെ അടിസ്ഥാന മൂലകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുക എന്നത് ‘ജീവജ്യോതിശ്ശാസ്ത്ര’ത്തിൽ (astro biology)ഏറെ പ്രധാനമാണ്. ഭൂമിയിൽ ജീവന്റെ ഉത്ഭവം, പരിണാമം തുടങ്ങിയ കാര്യങ്ങളിലേക്ക് സൂചന നൽകാൻ ബെന്നുവിലെ സാംപിളുകൾ സഹായകമാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ, 2024ൽ ഒരുപക്ഷേ ശാസ്ത്രലോകം കൂടുതലായി കാതോർക്കുക ഒസിരിസ് -റെക്സിന്റെ പുതിയ ഗവേഷണ ഫലങ്ങൾക്കായിരിക്കും. ഭൂമിക്കുപുറത്തെ ജീവൻ തേടിയുള്ള അന്വേഷണങ്ങളിലും ഒസിരിസ് ദൗത്യം നിർണായകമാകും. ഈ ദൗത്യം പുതിയ ചില സാധ്യതകളിലേക്കുകൂടി വിരൽ ചൂണ്ടുന്നു. ബെന്നു’ പോലുള്ള ഛിന്നഗ്രഹങ്ങളിൽ വ്യാപാരാവശ്യാർഥമുള്ള ഖനനപദ്ധതികൾ ഇതിനകംതന്നെ ലോകത്തിെൻറ വി
വിധ ഭാഗങ്ങളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഡീപ് സ്പേസ് ഇൻഡസ്ട്രി പോലുള്ള ഗേവഷണ സ്ഥാപനങ്ങൾ, ഛിന്നഗ്രഹങ്ങളിൽനിന്ന് ശേഖരിക്കുന്ന ധാതുക്കളും മറ്റും ഉപയോഗിച്ച് ത്രീഡി പ്രിൻറിങ് സാേങ്കതികവിദ്യക്കാവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബഹിരാകാശ പദ്ധതികൾക്കാവശ്യമായ ഇന്ധനം, ജലം തുടങ്ങിയവയും ഇത്തരം ഗ്രഹങ്ങളിൽനിന്ന് ശേഖരിക്കാനാവും. ആ പദ്ധതികളിലേക്കൊക്കെയുള്ള വഴികാട്ടിയാണ് ‘ഒസിരിസ്-റെക്സ്’.
ഇന്ത്യയെ സംബന്ധിച്ചും കടന്നുപോകുന്നത് ശാസ്ത്ര നേട്ടങ്ങളുടെകൂടി വർഷമാണ്. ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തിയ വർഷം. എണ്ണം പറഞ്ഞ രണ്ട് ദൗത്യങ്ങൾ നാം ശാസ്ത്രലോകത്തിന് സമ്മാനിച്ചു: ചാന്ദ്രയാൻ 3ഉം ആദിത്യ -എൽ1ഉം. ആഗസ്റ്റ് 23ന് ചന്ദ്രയാൻ-3ലെ ലാൻഡർ ‘വിക്രം’ ഏറെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ പിറന്നത് പുതിയൊരു ചരിത്രമാണ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ, രാജ്യത്തിന്റെ പ്രഥമ സൗരപര്യവേക്ഷണ ദൗത്യമായ ആദിത്യ -എൽ1 വിക്ഷേപണവും പ്രതീക്ഷിക്കപ്പെട്ടതുപോലെ വിജയകരമായി.
ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ, ഒന്നാം ലഗ്രാൻഷെ ബിന്ദു ലക്ഷ്യമാക്കി ‘ആദിത്യ’ ഏറെ കൃത്യതയോടെ കുതിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ, ഐ.എസ്.ആർ.ഒയുടെ പ്രധാന ദൗത്യങ്ങളൊന്നും ഉന്നംതെറ്റിയിട്ടില്ല. ചന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015) തുടങ്ങിയവയുടെ വിജയവിക്ഷേപണങ്ങളോടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. അതിന്റെ തുടർച്ചയിലാണ് ഈ രണ്ട് ദൗത്യങ്ങളും. ശാസ്ത്ര ലോകത്ത് വലിയൊരു ‘ബഹിരാകാശ യുദ്ധം’ നടക്കുന്നുണ്ട്. പുതിയ ദൗത്യങ്ങളുടെ വിജയതേതാടെ ആ യുദ്ധത്തിന്റെ ഭാഗമാണിപ്പോൾ ഇന്ത്യയും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിർമിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക വിദ്യകൾ ഓരോ നിമിഷവും പുതുതായി നമ്മുടെ ലോകത്ത് കടന്നുവരുന്നുണ്ട്. 2023ൽ, അൽപം കുടി ജനപ്രിയമായ സാങ്കേതിക വിദ്യകളിലേക്ക് അത് കടന്നുവെന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.
ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ് ബോട്ടുകളുടെയും വിവിധ മൊബൈൽ ആപ്ലിക്കേഷനുകളുടെയും കടന്നുവരവോടെ ഏതു സാധാരണക്കാരന്റെയും നിത്യജീവിതത്തിന്റെ ഭാഗമായി നിർമിത ബുദ്ധിയെന്ന സാങ്കേതിക വിദ്യ. സ്വാഭാവികമായും അതിന്റെ സാധ്യതകളെയും ആശങ്കളെയുംകുറിച്ചുള്ള ചർച്ചകളും ഏറെ സജീവമായ വർഷംകൂടിയാണ് വിടപറയുന്നത്. മാത്രമല്ല, ഉന്നയിക്കപ്പെട്ട ചില ആശങ്കകളിൽ പതറിപ്പോയ നിമിഷങ്ങൾക്ക് ലോകം സാക്ഷിയാവുകയും ചെയ്തു. അതിലൊന്നായിരുന്നു ഡീപ് ഫേക്ക്. സാക്ഷാൽ ഹോളിവുഡ് പോലും ഡീപ് ഫേക് വീഡിയോകളിൽ ശരിക്കും കിടുങ്ങി.
ഒരു ശാസ്ത്രവർഷം വിടപറയുമ്പോൾ പല ചോദ്യങ്ങളും ബാക്കിയാണ്. അതിലൊന്ന്, നാം ജീവിക്കുന്ന ഈ നീലഗ്രഹത്തെ ഇതുപോലെ സംരക്ഷിക്കാൻ ശാസ്ത്രലോകത്തിന്റെ പക്കൽ എന്തുണ്ട് എന്നതാണ്. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും കെടുതിയിൽ വെന്തുരുകുന്ന ഭൂമിയെ രക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ കുലങ്കശമായി ചർച്ചയായ വർഷംകൂടിയായിരുന്നു 2023. ഈയിടെ, ദുബൈയിൽ സമാപിച്ച കാലാവസ്ഥാ ഉച്ചകോടി (കോപ് 28) നേരിയ പ്രതീക്ഷക്ക് വകനൽകുന്നുണ്ട്. മുഴുവൻ ഫോസിൽ ഇന്ധനങ്ങളിൽനിന്നുമുള്ള ‘പരിവർത്തന’മാണ് ലോകം ലക്ഷ്യമിടുന്നത്. 2050ഓടെയെങ്കിലും അത് യാഥാർഥ്യമായാൽ ഒരുപരിധിവരെ ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.