തിരുവനന്തപുരം: 2035ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും ദിവസങ്ങളിൽ ഇന്ത്യ വീണ്ടും ചന്ദ്രനിലേക്ക് പോകും. ഈ അമൃത കാലത്ത് ഇന്ത്യൻ ബഹിരാകാശയാത്രികൻ ഇന്ത്യൻ റോക്കറ്റിൽ ചന്ദ്രനിൽ ഇറങ്ങും. ശുക്രനും ദൗത്യത്തിന്റെ റഡാറിലുണ്ട്. ബഹിരാകാശ രംഗത്തെ 1800 കോടി രൂപയുടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം വി.എസ്.എസ്.സിയിൽ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ അഞ്ചിരട്ടി വളർച്ച നേടി അടുത്ത 10 വർഷത്തിനുള്ളിൽ 44 ബില്യൺ ഡോളറിലെത്തും. ബഹിരാകാശ രംഗത്ത് ഇന്ത്യ ആഗോള വാണിജ്യ കേന്ദ്രമായി മാറുകയാണ്. ബഹിരാകാശ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം എന്ന നയത്തെതുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലേക്ക് വരാനാവും. യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരങ്ങൾ ലഭ്യമാകാനും വഴി തെളിയും. ബഹിരാകാശ ശാസ്ത്രം റോക്കറ്റ് സയൻസ് മാത്രമല്ല, ഏറ്റവും വലിയ സാമൂഹിക ശാസ്ത്രം കൂടിയാണ്.
ബഹിരാകാശ സാങ്കേതിക വിദ്യയിൽനിന്ന് സമൂഹത്തിന് വലിയ പ്രയോജനം ലഭിക്കുന്നു. കാർഷിക, കാലാവസ്ഥയുമായി ബന്ധപ്പെട്ട അറിയിപ്പകുൾ, ദുരന്ത മുന്നറിയിപ്പ്, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടുന്നു. അതിർത്തി സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രധാന്യം വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ എസ്.എൽ.വി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരി ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പുതിയ ‘സെമി ക്രയോജനിക്സ് ഇൻറഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും, തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐ.എസ്.ആർ.ഒ ചെയർമാനുമായ എസ്. സോമനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.