സുനിത വില്യംസിന് മടങ്ങാൻ സ്പേസ് എക്സ് സംഘം ബഹിരാകാശത്ത്

ഫ്ലോറിഡ: ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുഷ് വില്‍മോറിനെയും തിരികെ ഭൂമിയിലെത്തിക്കാനുള്ള സംഘത്തെയും വഹിച്ച് സ്പേസ് എക്സ് ക്രൂ 9 പേടകം യാത്രതിരിച്ചു. ഫാല്‍ക്കന്‍ റോക്കറ്റില്‍ ഫ്ലോറിഡയിലെ കേപ് കനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍നിന്നാണ് സംഘം യാത്രതിരിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെ സംഘം ബഹിരാകാശ നിലയത്തിലെത്തി. ഹെലൻ ചുഴലിക്കാറ്റ് കാരണം നിരവധി ദിവസമായി മാറ്റിവെക്കുന്ന യാത്രയാണ് ശനിയാഴ്ച പുറപ്പെട്ടത്.

നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹേഗാണ് ക്രൂ 9ന്‍റെ കമാന്‍ഡര്‍. ഒപ്പം റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലക്സാണ്ടര്‍ ഗോര്‍ബുണോവുമുണ്ട്. ഫ്രീഡം എന്ന് പേര് നൽകിയിരിക്കുന്ന ഡ്രാഗണ്‍ പേടകത്തിൽ നാലുപേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. സുനിതയെയും വില്‍മോറിനെയും മടക്കയാത്രയില്‍ ഒപ്പം കൂട്ടുന്നതിനായി രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരിയില്‍ സംഘം മടങ്ങിയെത്തും.

ജൂണില്‍ 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയതായിരുന്നു സുനിതയും ബുഷ് വില്‍മോറും. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സുനിതയും വില്‍മോറുമില്ലാതെ പേടകം ഭൂമിയിലേക്ക് മടങ്ങിയിരുന്നു.

Tags:    
News Summary - SpaceX crew in space to return to Sunita Williams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.