ദുബൈ: യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും സഹപര്യവേക്ഷകരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഇറങ്ങി. നിശ്ചയിച്ചതിലും അൽപം വൈകി വെള്ളിയാഴ്ച യു.എ.ഇ സമയം രാവിലെ 11.25നാണ് സ്പേസ് എക്സിന്‍റെ ഡ്രാഗൺ ബഹിരാകാശപേടകം എത്തിയത്.
12.40ഓടെ സംഘം നിലയത്തിൽ പ്രവേശിച്ചു. ഇതോടെ ഭൂമിക്കു ചുറ്റും കറങ്ങുന്ന ബഹിരാകാശ സയൻസ് ലബോറട്ടറിയിൽ ആറുമാസത്തെ ദൗത്യത്തിന് ഔപചാരികമായ തുടക്കമായി. ഭൂമിയിൽനിന്ന് 400 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്ന നിലയത്തിലെ കമാൻഡറായ റഷ്യൻ ബഹിരാകാശയാത്രികൻ സെർജി പ്രൊകോപിയേവ് സ്പേസ് എക്സ് ക്രൂ സംഘത്തെ സ്വീകരിച്ചു. ‘നാസ’യുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവിങ്, പൈലറ്റ് വൂഡി ഹോബർഗ്, റഷ്യൻ ബഹിരാകാശയാത്രികൻ ആൻഡ്രേ ഫിദ്യാവേവ് എന്നിവരാണ് അൽ നിയാദിക്ക് ഒപ്പമുള്ളത്.
ഇവരിൽ സ്റ്റീഫൻ ബോവിങ് 11 വർഷം മുമ്പ് ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്നാണ് സ്പേസ് എക്‌സിന്‍റെ ഫാൽക്കൺ-9 റോക്കറ്റിൽ സംഘം പറന്നുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.