‘ചൊവ്വയിലേക്ക് മനുഷ്യരെ അയക്കണം’; 14-കാരനെ എൻജിനീയറായി നിയമിച്ച് ഇലോൺ മസ്കിന്റെ സ്​പേസ്എക്സ്

14 വയസുകാരനായ സോഫ്റ്റ്വെയർ എൻജിനീയറെ ജോലിക്കെടുത്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ സ്​പേസ് എക്സ്. ശതകോടീശ്വരന്റെ കമ്പനി നിയമിച്ച ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരന്റെ പേര് കൈരാൻ ക്വാസി. "സാങ്കേതികമായി ഏറെ വെല്ലുവിളി നിറഞ്ഞതും" "രസകരവുമായ" സ്​പേസ് എക്സിന്റെ ഇന്റർവ്യൂ പ്രക്രിയയിൽ വിജയിച്ചാണ് ക്വാസിയുടെ ജോലി പ്രവേശനം.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നിൽ എൻജിനീയറാകാൻ പോകുന്ന ക്വാസി ഒരു ചില്ലറക്കാരനല്ല. എൽഎ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, തന്റെ 11-ാം വയസ്സ് മുതൽ കമ്പ്യൂട്ടർ സയൻസും എൻജിനീയറിങ്ങും പഠിക്കാൻ തുടങ്ങിയ കൗമാരക്കാരൻ ഈ മാസം സാന്റാ ക്ലാര സർവകലാശാലയിൽ നിന്ന് അതിൽ ബിരുദവും നേടും.

സ്‌പേസ് എക്‌സിലെ എൻജിനീയറിങ് ജോലി ആരംഭിക്കുന്നതിൽ ഏറെ ആവേശഭരിതനാണ് ക്വാസി. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കമ്പനിയെ സഹായിക്കുന്നതിന് തന്റെ കഴിവുകൾ ഉപയോഗിക്കുമെന്നും അവൻ പറയുന്നു.

‘‘സ്റ്റാർലിങ്ക് എൻജിനീയറിങ് ടീമിലെ സോഫ്റ്റ്വെയർ എൻജിനീയറായി ഞാൻ ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച കമ്പനിയിൽ ചേരാൻ പോവുകയാണ്’. എന്റെ പക്വതും കഴിവും പ്രായം വെച്ച് അളക്കാത്ത അപൂർവ കമ്പനികളിൽ ഒന്ന്’’ - ക്വാസി ലിങ്ക്ഡ്ഇനിൽ എഴുതി. റിപ്പോർട്ടുകൾ പ്രകാരം, സ്‌പേസ് എക്‌സിലെ ജോലി ആരംഭിക്കാൻ അമ്മയോടൊപ്പം കാലിഫോർണിയയിലെ പ്ലസന്റണിൽ നിന്ന് വാഷിംഗ്ടണിലെ റെഡ്മണ്ടിലേക്ക് മാറാൻ ക്വാസി പദ്ധതിയിടുന്നുണ്ട്.

തീരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ വാർത്തകളിലും സമകാലിക സംഭവങ്ങളിലും ക്വാസിക്ക് താൽപ്പര്യമുണ്ടായിരുന്നു. രണ്ട് വയസ്സുള്ളപ്പോൾ തന്നെ നന്നായി സംസാരിക്കാൻ അവന് കഴിയുമായിരുന്നു. പ്രീപ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ റേഡിയോയിൽ കേട്ട വാർത്തകളെക്കുറിച്ച് സുഹൃത്തുക്കളോടും അധ്യാപകരോടും അവൻ പറയുമായിരുന്നു.


മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ, തന്റെ സ്കൂൾ വിദ്യാഭ്യാസം വെല്ലുവിളി നിറഞ്ഞതല്ലെന്ന് അവൻ കണ്ടെത്തി. ക്വാസിയുടെ അക്കാദമിക് കഴിവുകൾ തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവനെ ഒരു കമ്മ്യൂണിറ്റി കോളേജിൽ ചേർത്തു. കഴിവ് തെളിയിച്ചതോടെ രണ്ട് വർഷത്തിന് ശേഷം, സാന്റാ ക്ലാര സർവകലാശാലയിലെ എഞ്ചിനീയറിങ് സ്കൂളിലേക്ക് അവനെ മാറ്റുകയും ചെയ്തു. കോളജിലെത്തിയതോടെ താൻ പഠിക്കേണ്ട തലത്തിൽ പഠിക്കാൻ തുടങ്ങിയതായി തോന്നിയെന്ന് ക്വാസി പറഞ്ഞതായി എൽഎ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ വർഷമാദ്യം, താൻ ഒരു ജോലി അഭിമുഖത്തിന് തയ്യാറെടുക്കുകയാണെന്ന് 14 കാരൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ആഴ്‌ചകൾക്കുശേഷം, സ്‌പേസ് എക്‌സിൽ നിന്നുള്ള ജോബ് ഓഫർ ലെറ്ററിന്റെ സ്ക്രീൻഷോട്ട് ക്വാസി പങ്കുവെക്കുകയും ചെയ്തു.

Tags:    
News Summary - SpaceX Hired A 14 Years Old New Engineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.