സ്‍പേസ് എക്സ് നിര്‍മിച്ച ക്രൂവില്ലാത്ത കൂറ്റന്‍ റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണവും സമ്പൂർണ വിജയം നേടിയില്ല. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുകയും റോക്കറ്റിൻ്റെ രണ്ട് ഭാഗങ്ങളുടെ വേർപ്പെടൽ പൂർത്തിയാവുകയും ചെയ്തെങ്കിലും തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് രണ്ട് ഭാഗങ്ങളും പൊട്ടിത്തെറിക്കുകയായിരുന്നു.
ഗ്രഹാന്തര പര്യവേക്ഷണം ലക്ഷ്യംവെച്ച് കഴിഞ്ഞ വർഷം നവംബറിലായിരുന്നു സ്റ്റാർഷിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. അന്ന് ആദ്യമായി ബഹിരാകാശത്ത് എത്തിയ പേടകം മിനിറ്റുകൾക്ക് ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഒന്നാം വിക്ഷേപണം നടത്തിയത്. അന്ന് ബഹിരാകാശത്തെത്താൻ കഴിയാതെ റോക്കറ്റ് പൊട്ടിത്തെറിച്ച് മെക്സിക്കൻ ഉൾക്കടലിൽ പതിക്കുകയായിരുന്നു. മൂന്നാമത്തെ പരീക്ഷണത്തിൽ റോക്കറ്റിൻ്റെ രണ്ടാം ഭാഗം ബഹിരാകാശത്ത് എത്തി ലക്ഷ്യം വച്ച പാതയിലൂടെ സഞ്ചരിച്ച് തിരികെ ഭൂമിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്.
ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനായി വികസിപ്പിച്ചെടുത്ത കൂറ്റന്‍ വിക്ഷേപണവാഹനമാണ് സ്റ്റാർഷിപ്. ആളില്ലാത്ത പരീക്ഷണ വിക്ഷേപണങ്ങൾ വിജയിച്ചാൽ മനുഷ്യരെ കൊണ്ടുപോകാനാണ് പദ്ധതി. പൂർണമായി പുനരുപയോഗിക്കാവുന്ന വിധത്തിലാണ് സ്റ്റാർഷിപ്പിന്റെ നിർമിതി.
അതേസമയം, ആദ്യ രണ്ട് പരീക്ഷണ വിക്ഷേപണങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം സ്റ്റാർഷിപ്പ് കാഴ്ചവെച്ചതായാണ് സ്റ്റാർഷിപ്പ് അധികൃതർ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.