അബൂദബി: മാസപ്പിറവി നിരീക്ഷിക്കാൻ ആസ്ട്രോ ഫോട്ടോഗ്രഫി അനുവദിച്ച് മതവിധി വേണമെന്ന് ആവശ്യം. അബൂദബിയിൽ നടന്ന യു.എ.ഇ ഫത്വ കൗൺസിലിന്റെ രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഈ ആവശ്യമുയർന്നത്. ഹിജ്റ മാസപ്പിറവി നിർണയത്തിന് നിലവിൽ പിന്തുടരുന്ന രീതി മാറ്റാൻ ഇത് സഹായിക്കുമെന്ന് യു.എ.ഇയിലെ ജ്യോതിശാസ്ത്ര വിദഗ്ധൻ മുഹമ്മദ് ഷൗക്കത്ത് ഔദ അഭിപ്രായപ്പെട്ടു. യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
നിർമിതബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, സുസ്ഥിര വികസനം, ഗർഭപാത്രം വാടകക്കെടുക്കൽ തുടങ്ങി ആധുനിക ശാസ്ത്രസങ്കേതങ്ങളിലെ മതവിധികൾ ഏകീകരിക്കാനും ക്രോഡീകരിക്കാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ മേഖലയിൽനിന്നുള്ള ഇസ്ലാമിക പണ്ഡിതരും കർമശാസ്ത്ര വിദഗ്ധരും ശാസ്ത്രജ്ഞരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ സമ്മേളനത്തിലാണ് മാസപ്പിറവി കൂടുതൽ ശാസ്ത്രീയമായി നിരീക്ഷിക്കാനുള്ള ആസ്ട്രോ ഫോട്ടോഗ്രഫി ഈരംഗത്ത് അനുവദിക്കണമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധൻ ആവശ്യമുന്നയിച്ചത്. ആസ്ട്രോ ഫോട്ടോഗ്രഫിയുടെ പ്രത്യേകതകളും എന്തുകൊണ്ട് ഈ സാങ്കേതികവിദ്യ പ്രസക്തമാണെന്നും അദ്ദേഹം കൗൺസിലിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.