ദുബൈ: ദീർഘകാല ബഹിരാകാശ ദൗത്യത്തിലൂടെ ചരിത്രം കുറിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി വീണ്ടുമൊരു നേട്ടത്തിന് ഒരുങ്ങുന്നു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനുള്ള തയാറെടുപ്പുകളാണ് അദ്ദേഹം ആരംഭിച്ചത്. ഈ മാസം 28നാണ് ‘സ്പേസ് വാക്’ നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മണിക്കൂറുകളോളം അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. സുപ്രധാന ദൗത്യത്തെ കുറിച്ച പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ നടത്തിയത്. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ് അൽ നിയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിന് ഇറങ്ങുക.
ഇരുവരും പുറത്തിറങ്ങുമ്പോൾ ബഹിരാകാശ നിലയത്തിന്റെ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കമ്യൂണിക്കേഷൻ ഹാർഡ്വെയർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കും. 1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ച ശേഷം ഇതുവരെ 259 ബഹിരാകാശയാത്രികർ മാത്രമാണ് ബഹിരാകാശത്ത് ഒഴുകിനടന്നിട്ടുള്ളത്. 700ൽ താഴെ ബഹിരാകാശ നടത്തങ്ങളാണ് ആകെ നടന്നിട്ടുള്ളത്. നാസയാണ് അൽ നിയാദിയെ ദൗത്യത്തിന് തിരഞ്ഞെടുത്തതെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയം ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. 2018 മുതൽ ഇതിനായി അൽ നിയാദി പരിശീലനം നടത്തുന്നുണ്ടെന്നും 2020 മുതൽ നാസയിലെ പരിശീലനകാലത്ത് തന്റെ കഴിവുകൾ അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും അൽ മർറി കൂട്ടിച്ചേർത്തു.
ബഹിരാകാശ നിലയത്തിൽ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തുനിന്ന് ഒരാൾ ആദ്യമായി ‘സ്പേസ് വാക്’ നടത്തുന്നു എന്ന റെക്കോഡും അൽ നിയാദിക്ക് ലഭിക്കും. യു.എസ്, റഷ്യ, യൂറോപ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ മാത്രമാണ് ബഹിരാകാശ നടത്തത്തിന് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സ്റ്റീഫൻ ബോവൻ നേരത്തേ ഏഴ് തവണ ബഹിരാകാശ നടത്തത്തിന് നിയോഗിതനായിട്ടുണ്ട്. പരിചയ സമ്പന്നനായ ഇദ്ദേഹത്തിനൊപ്പം ദൗത്യത്തിന് പുറപ്പെടുന്നത് അൽ നിയാദിക്ക് മുതൽക്കൂട്ടാകും. ബഹിരാകാശ നടത്തം നാസ ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ സോഷ്യൽ മീഡിയ ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നിന് ബഹിരാകാശ നിലയത്തിൽ എത്തിയ അൽ നിയാദി ഇതിനകം നിരവധി ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കുകയും വിഡിയോ വഴി ജനങ്ങളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.