ജിദ്ദ: ബഹിരാകാശ യാത്ര രംഗത്ത് സൗദി അറേബ്യക്ക് ചരിത്ര നിമിഷം. ഏറെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും പരിശീലനങ്ങൾക്കുമൊടുവിൽ സൗദി ബഹികാര സഞ്ചാരികളായ റയാന അൽ ബർനാവിയും അലി അൽ ഖർനിയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇതോടെ ആദ്യമായി ഒരു വനിതയെ ബഹിരാകാശത്തേക്കയച്ച അറബ് രാജ്യം എന്ന റെക്കോർഡ് സൗദി അറേബ്യ കരസ്ഥമാക്കി. ഒരേ സമയം രണ്ട് ബഹിരാകാശ സഞ്ചാരികളെ ഐ.എസ്.എസിൽ എത്തിക്കുന്ന, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഔദ്യോഗിക പങ്കാളിത്തത്തിന്റെ ഭാഗമല്ലാത്ത ആദ്യത്തെ രാജ്യമായും സൗദി അറേബ്യ മാറിക്കഴിഞ്ഞു.
നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉൾപ്പെടുന്ന നാലംഗ സംഘം ബഹിരാകാശത്തേക്ക് യാത്രതിരിച്ചത്. 17 മണിക്കൂർ സഞ്ചാരം പൂർത്തിയാക്കിയാണ് സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
‘സ്‌പേസ് എക്‌സ്’ നിർമിച്ച ‘ഫാൽക്കൺ 9’ മിസൈൽ ആണ് റയാന അൽ ബർനാവിയെയും അലി അൽ ഖർനിയെയും വഹിച്ച് യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്ന് വിക്ഷേപിച്ചത്. മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണും അമേരിക്കൻ സംരംഭകൻ ജോൺ ഷോഫ്‌നറും ഒപ്പമുണ്ട്. ഒരു വർഷത്തോളം അമേരിക്കയിൽ വെച്ച് നടന്ന നീണ്ട പരിശീലനത്തിനൊടുവിലാണ് റയാനയും അലിയും ബഹികാരത്തേക്ക് പുറപ്പെട്ടത്. ഇരുവരും ഞായറാഴ്ചയാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ എത്തിയത്. ബഹിരാകാശത്തേക്കുള്ള യാത്രക്കിടയിൽ സ്‌പേസിൽ നിന്നും റയാദ അൽ ബർനാവിയും അലി അൽ ഖർനിയും ആദ്യ വീഡിയോ സന്ദേശമയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.