ദുബൈ: ഭൂമിയുടെ ചിത്രങ്ങൾ പകർത്തുന്ന യു.എ.ഇയുടെ അൾട്രാ ഹൈടെക് സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചു. രാജ്യത്തിന്റെ ആദ്യ ലോ-എർത്ത് ഓർബിറ്റ്, സിന്തറ്റിക് അപ്പർച്ചർ റഡാർ ഉപഗ്രഹമാണിത്.
ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ ഇറങ്ങുന്ന ഇൗ ഉപഗ്രഹം രാത്രിയും പകലും ഭൂമിയുടെ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും. വെള്ളിയാഴ്ച കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്പേസ്എക്സ് റോക്കറ്റിലാണ് സാറ്റലൈറ്റ് ഭ്രമണപഥത്തിലെത്തിച്ചത്.
സാറ്റലൈറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബൂദബി കമ്പനികളായ ബയാനാത്ത്, യാസാത്ത് എന്നിവയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്.
അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് കമ്പനികളും 410 കോടി ഡോളറിന്റെ നിർമിതബുദ്ധി സ്പേസ് ടെക്നോളജി ബിസിനസ് സ്ഥാപനമായി സ്പേസ്-42 എന്ന പേരിൽ ലയിപ്പിക്കാൻ തയാറെടുക്കുകയാണ്. ഇതിനിടെയാണ് വളരെ സുപ്രധാനമായ ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. യൂറോപ്യൻ കമ്പനിയായ ഐ.സി.ഇ.വൈ.ഇയുമായി സഹകരിച്ചാണ് ഇരു കമ്പനികളും സാറ്റലൈറ്റ് വികസിപ്പിച്ചത്. എല്ലാ കാലാവസ്ഥയിലും രാവും പകലും ഭൂമിയുടെ മികച്ച ചിത്രങ്ങൾ ഇതിന് പകർത്താനാകും.
ഭൗമോപരിതലത്തെ കൃത്യമായി പകർത്താൻ സാധിക്കുന്ന സെൻസിങ് സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇക്കും കമ്പനികൾക്കും വളരെ സുപ്രധാനമായ നാഴികക്കല്ലാണ് ഉപഗ്രഹ വിക്ഷേപണമെന്ന് അധികൃതർ പ്രതികരിച്ചു.
യു.എ.ഇ പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ‘എം.ബി.ഇസഡ്-സാറ്റ്’ ഒക്ടോബറിൽ വിക്ഷേപിക്കുമെന്ന് നേരത്തെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഗൾഫ് മേഖലയിൽ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഉപഗ്രഹമായിരിക്കുമിത്. ‘എം.ബി.ഇസഡ്-സാറ്റ്’ വഴി വ്യക്തതയോടെ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ പകർത്താനാകും.
ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക് വാണിജ്യ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടും. സ്പേസ് എക്സ് റോക്കറ്റിലാണ് ഇതിന്റെ വിക്ഷേപണം ആസൂത്രണം ചെയ്തിരിക്കുന്നത്. വിക്ഷേപണത്തിന് ശേഷം ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ നിന്ന് തന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാനും കഴിയുമെന്നത് പ്രത്യേകതയാണ്. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യു.എ.ഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.