ചെന്നൈ: മനുഷ്യരുടെ ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള സമൂഹമാധ്യമങ്ങളുടെ കഴിവ് നേരത്തേ പലതവണ നാം കണ്ടിട്ടുള്ളതാണ്. ഇവിടേയും സംഭവിച്ചിരിക്കുന്നത് അതാണ്. തെരുവിൽ ഭിക്ഷയെടുത്തിരുന്ന വയോധികയുടെ ജീവിതം ഒറ്റദിവസംകൊണ്ടാണ് ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മാറ്റിമറിച്ചത്.
ഇവിടത്തെ കഥാനായികയുടെ പേര് മെർലിൻ എന്നാണ്. 81ാം വയസ്സിലും ഒരു നേരത്തെ വിശപ്പടക്കാനായി ചെന്നൈയിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് നടക്കുകയായിരുന്ന മ്യാന്മർ സ്വദേശിനിയായ മെർലിൻ. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് മുഹമ്മദ് ആഷിഖ് എന്ന 25കാരൻ യൂട്യൂബർ അവരെ സമീപിച്ചത്. മെർലിന്‍റെ ജീവിത കഥ കേട്ട ആഷിക് അമ്പരന്നു. പിന്നെ സംഭവിച്ചത് കഥകളെ വെല്ലുന്ന സംഭവങ്ങളാണ്.
മെർലിന്‍റെ കഥ
നന്നായി ഇംഗ്ലീഷ് പറയുന്ന മെര്‍ലിന്‍ മ്യാന്‍മര്‍ സ്വദേശിയാണ്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ മരുമകളായി പഴയ ബർമ്മയിൽ നിന്നെത്തിയതാണ് മെർലിൻ മുത്തശ്ശി. മ്യാന്മറിലെ യാങ്ങോണിലായിരുന്നു ( മുമ്പ് റാങ്കൂൺ) അവരുടെ സ്വദേശം. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ചെന്നൈയിലേക്ക് വരികയായിരുന്നു. ഭർത്താവും ഭർതൃമാതാവും മരിച്ചതോടെ വിശപ്പടക്കാൻ ഭിക്ഷയെടുക്കേണ്ട ഗതികേട് തുടങ്ങി.
നേരത്തേ ടീച്ചറായിരുന്ന മെർലിൻ ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളായിരുന്നു പഠിപ്പിച്ചിരുന്നത്. വ്ളോഗർ ആഷിഖിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്കെല്ലാം മണിമണി പോലെ അവർ ഉത്തരവും നൽകി. ഒടുവിൽ മുത്തശ്ശിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് സാധിച്ചുതരാമെന്ന് ആഷിഖ് പറഞ്ഞപ്പോൾ തനിക്കൊരു സാരിയും ബ്ലൌസും പാവാടയും കിട്ടിയാൽ കൊള്ളാമായിരുന്നുവെന്ന് മുത്തശ്ശി മറുപടി നൽകി. ഉടനെ തന്നെ ആഷിഖ് മെർലിൻ ടീച്ചർക്ക് ഒരു സാരി സമ്മാനമായി നൽകി.
പിന്നാലെ സ്നേഹത്തോട് കൂടി ഒരു അപേക്ഷയും മുന്നിൽവെച്ചു. ഇനിയെങ്കിലും മുത്തശ്ശിക്ക് ഭിക്ഷയെടുക്കാതെ ജീവിച്ചൂടെ എന്നായിരുന്നു ആ യുവാവിന്റെ ചോദ്യം. എന്നാൽ, താൻ ഭിക്ഷയെടുക്കാതെ വയറ് നിറയില്ലെന്ന് മെർലിൻ മുത്തശ്ശി മറുപടി നൽകി. അതോടെ തനിക്ക് വേണ്ടി ഇംഗ്ലീഷിലുള്ള ഇൻസ്റ്റഗ്രാം വീഡിയോകൾ ഉണ്ടാക്കാൻ സഹായിക്കാമോയെന്ന് വ്ളോഗർ ആരാഞ്ഞു. അങ്ങനെയെങ്കിൽ എല്ലാ വീഡിയോക്കും ഒരു നിശ്ചിത തുക ശമ്പളമായി നൽകാമെന്നും അയാൾ ഉറപ്പുനൽകി. abrokecollegekid എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എല്ലാം മാറിമറിയുന്നു
ഈ വീഡിയോ കണ്ട് ടീച്ചർ പണ്ട് പഠിപ്പിച്ച നിരവധി വിദ്യാർഥികളാണ് മെർലിൻ മുത്തശ്ശിയെ കാണാനും അനുഗ്രഹം വാങ്ങാനും തെരുവിലേക്കെത്തിയത്. പ്രിയപ്പെട്ടവരുമായി വിഡിയോ കോളിൽ ടീച്ചർ സംസാരിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. ഗ്രാൻഡ് മാ അഥവാ ‘ഗാമാ’ എന്ന ചുരുക്കപ്പേരിലാണ് ടീച്ചറെ വിദ്യാർഥികൾ വിളിച്ചിരുന്നത്.
കാണാനെത്തിയ പൂർവവിദ്യാർഥികളിൽ ചിലർ ചേർന്ന് മുത്തശ്ശിയെ ചെന്നൈയിലെ ഒരു അഭയകേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു. അവർക്കെല്ലാം നിറഞ്ഞ വാത്സല്യത്തോടെ ഉമ്മ നൽകിയാണ് പ്രിയപ്പെട്ട ടീച്ചർ യാത്രയാക്കിയത്. ഇപ്പോൾ അവിടെ ആഹ്ളാദത്തോടെ കഴിയുകയാണ് ഈ മുത്തശ്ശി. ജീവിതത്തിലെ അവസാന നാളുകൾ സമാധാനത്തോടെ കഴിയണമെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ മനസ് തുറന്നു.
@englishwithmerlin എന്ന പേരിലൊരു ഇൻസ്റ്റഗ്രാം പേജും അവരുടേതായ പേരിൽ ആഷിഖ് ഉണ്ടാക്കി നൽകിയിട്ടുണ്ട്. ഇതിനോടകം 5.70 ലക്ഷം പേരാണ് ഈ പേജ് ഫോളോ ചെയ്തിരിക്കുന്നത്. ഈ പേജിൽ അഞ്ച് വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.