പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ചീഫ് ഓഫ് സ്റ്റാഫിനെ തേടുന്ന വാർത്ത അടുത്തിടെ വ്യാപക ശ്രദ്ധ നേടിയിരുന്നു. ആദ്യത്തെ ഒരു വർഷം ശമ്പളമുണ്ടാകില്ലെന്നും എന്നാൽ 20 ലക്ഷം രൂപ കമ്പനിക്ക് നൽകണമെന്നുമായിരുന്നു ജോലിക്കെടുക്കാൻ സൊമാറ്റോ മുന്നോട്ട് വെച്ച പ്രധാന ഉപാധി. എക്സ് അക്കൗണ്ട് വഴി സൊമാറ്റോ സി.ഇ.ഒ ദീപീന്ദർ ഗോയൽ ആണ് ഇത്തരമൊരു ജോലി വാഗ്ദാനം മുന്നോട്ട് വെച്ചത്.
ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിക്കുന്ന ആൾക്ക് രണ്ടാംവർഷം മുതൽ ശമ്പളം നൽകും. 50 ലക്ഷത്തിൽ കൂടുതലായിരിക്കും ശമ്പളമെന്നും സി.ഇ.ഒ വ്യക്തമാക്കുകയുണ്ടായി.
പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ അതിൽ വ്യക്തതയുമായി രംഗത്തുവന്നിരിക്കുകയാണ് ദീപീന്ദർ ഗോയൽ. ഒരിക്കലും 20 ലക്ഷം രൂപ ഈടാക്കാൻ സൊമാറ്റോ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സി.ഇ.ഒ പറയുന്നത്. 'ഇത് വെറുമൊരു നിയമന പോസ്റ്റ് മാത്രമായിരുന്നില്ല. നിങ്ങൾ ഞങ്ങൾക്ക് 20 ലക്ഷം രൂപ നൽകണം എന്നത് കഴിവുള്ള ആളുകളെ കണ്ടെത്താനുള്ള ഒരു മാർഗം മാത്രമായിരുന്നു. 20 ലക്ഷം ചോദിച്ചിട്ടും നിരവധി അപേക്ഷകളാണ് ലഭിച്ചതെന്നും സൊമാറ്റോ സി.ഇ.ഒ പറഞ്ഞു.
18000ത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. തൊഴിലവസരങ്ങൾക്കായി കമ്പനികൾക്ക് പണം നൽകുന്ന രീതി വ്യാപകമാകരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും ദീപീന്ദർ ഗോയൽ വ്യകതമാക്കി. അപേക്ഷകരിൽ പണം നൽകാമെന്ന് സമ്മതിച്ചവരുടെ അപേക്ഷകൾ നിരസിക്കും. അപേക്ഷകരിൽ ഏറ്റവും കാര്യക്ഷമതയുള്ള ആളെയാണ് തെരഞ്ഞെടുക്കുകയെന്നും സൊമാറ്റോ സി.ഇ.ഒ കൂട്ടിച്ചേർത്തു.
ചീഫ് ഓഫ് സ്റ്റാഫ് ആകുന്ന ഉദ്യോഗാർഥി കരുണയും വിനയവുമുള്ള ആളായിരിക്കണമെന്നും അത്യാവശം സാമാന്യ ബുദ്ധി വേണമെന്നും മുൻ പരിചയം ആവശ്യമില്ലെന്നും നേരത്തേ പോസ്റ്റിൽ ദീപീന്ദർ ഗോയൽ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.